“ഭൂതകാല പെരുമയുടെ തടവറയെക്കാൾ എനിക്കിഷ്ടം
നാളെയെ പറ്റിയുള്ള സ്വപ്ന വർണ്ണങ്ങൾ ആണ്.”
നാളത്തെ കേരളം കൂടുതൽ മനോഹരിയും ആരോഗ്യവതിയും സമ്പന്നയും ആയിരിക്കണം എന്ന സ്വപ്നം എനിക്കുണ്ട്. നിങ്ങളിൽ ചിലർക്കെങ്കിലും അതുണ്ടാവുമെന്നും കരുതുന്നു. അടുത്തിടെ ഞാൻ ഒരു സുഹൃത്തിനെ യാദൃശ്ചികമായി കണ്ടു. അദ്ദേഹം ഒരു ചെറിയ സംരംഭം നടത്തുന്ന ആളാണ്. അദ്ദേഹം എന്നോട് ജോലിസ്ഥലത്തിന്റെ ഭാവി ഇനി എന്താവും എന്ന ഒരു വലിയ ചോദ്യം ചോദിച്ചു. എന്താവും ജോലി സ്ഥലത്തിന്റെ ഭാവി? എന്ന ചോദ്യത്തിന്റെ ഉത്തരത്തിൽ കേരളത്തിന് വലിയൊരു ഭാവി ഉണ്ട് എന്നാണ് എന്റെ അഭിപ്രായം.
ഞാൻ ഐ ടി മേഖലയിൽ ജോലി ചെയ്‌യുന്ന ആളാണ്. ഐ ടി കമ്പനികളുടെ ഇത് വരെയുള്ള പ്രഖ്യാപനങ്ങൾ പിന്തുടർന്നാൽ, മിക്കവാറും സ്ഥാപനങ്ങളും ഹൈബ്രിഡ് മോഡൽ എന്ന് പറയുന്ന രീതി അവലംബിക്കാൻ ആണ് സാധ്യത. ആഴ്ചയിലോ മാസത്തിലോ കുറച്ചു ദിവസങ്ങൾ ജോലിസ്ഥലത്തും ബാക്കി ദിവസങ്ങൾ റിമോട്ട് ആയും അതായത് ഓഫീസിന് പുറത്ത് എവിടെ നിന്നെങ്കിലും. ചില സ്ഥാപനങ്ങൾ ഒരു സമയത്ത് 30% ആളുകൾ മാത്രം ജോലി സ്ഥലത്തു വരുന്ന രീതിയിൽ പ്ലാൻ ചെയ്‌യുന്നു എന്നും പറയുന്നു. എല്ലാവരും എല്ലാ ദിവസവും ജോലി സ്ഥലത്തു വരുന്ന രീതി ഇനി ഉണ്ടാവാൻ സാധ്യത ഇല്ല. മാസത്തിൽ ഒരു ആഴ്ച മുഴുവൻ ഒരു ടീമിലെ എല്ലാവരും ഒരുമിച്ച് കാണുന്ന, ബാക്കി സമയത്ത് എല്ലാവരും റിമോട്ട് ആവുന്ന ഒരു രീതിയും ഉണ്ടാവാം. ആ ആഴ്ചയിൽ കൂടുതലും പ്ലാനിങ്, സ്ട്രാറ്റജി, റിവ്യൂ അങ്ങിനെ ഉള്ള ദിശാബോധം നൽകുന്ന ആക്‍ടിവിറ്റീസും ബാക്കി സമയം ആ തീരുമാനങ്ങൾ നടപ്പിൽ വരുത്തുന്ന ഇൻഡിവിജ്വൽ കോൺട്രിബിയൂഷനും കോർഡിനേഷനും ആയിരിക്കും. ചുരുക്കത്തിൽ, ഹൈബ്രിഡ് മോഡൽ – കുറച്ച് നാൾ ഓഫീസിൽ, കുറച്ച് നാൾ റിമോട്ടായി- ആയിരിക്കും മിക്കവാറും ഐ ടി കമ്പനികളുടെയും ജോലി സംസ്കാരം എന്ന് വേണം ഇപ്പോൾ അനുമാനിക്കാൻ.
റിമോട്ട് വർക്ക്
നമ്മുടെ നാട്ടിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രചാരമേറിയ വാക്കാണ് വർക്ക് ഫ്രം ഹോം. വീട്ടിലിരുന്ന് ജോലി ചെയ്‌യുന്ന രീതി. റിമോട്ട് വർക്കിന്റെ ഒരു രീതിയാണത്. ഒരു കംപ്യൂട്ടറും അത്യാവശ്യം വേഗമുള്ള ഇന്റർനെറ്റ് കണക്ഷനും ഉണ്ടെങ്കിൽ ഓഫീസിൽ പോവാതെ തന്നെ ജോലി ചെയ്‌യാനുള്ള സൗകര്യം. നിരന്തരം വീഡിയോ കോൺഫറൻസും യോഗങ്ങളുമുള്ളവർ വീട്ടിൽ ഇരിക്കുന്നയിടം ചില പരിഷ്കാരങ്ങളൊക്കെ വരുത്തി നല്ലൊരു വെർച്വൽ ഓഫീസ് തന്നെയാക്കി മാറ്റുന്നു.
ഈ റിമോട്ടിൽ ആണ് നമ്മുടെ വലിയ സാധ്യത.
നമ്മൾ വിഭാവനം ചെയ്‌യുന്ന ഒരു ചട്ടക്കൂട്ടിൽ അല്ല പുതിയ തലമുറ വളരുന്നത്. വിവാഹം, കുടുംബം, കുട്ടികൾ, മാതാപിതാക്കളുടെ പരിചരണം – ഇതൊക്കെ നിർബന്ധമായിരുന്നു മുമ്പ് എങ്കിൽ ഇപ്പോൾ അതൊക്കെ ഓപ്ഷണൽ ആവുകയാണ്. ജോലി ചെയ്ത്, ആ വരുമാനം കൊണ്ട് ജീവിതം ആസ്വദിക്കണം, ലോകം കാണണം, പുതിയ അനുഭവങ്ങൾ തേടണം എന്നൊക്കെ ചിന്തിക്കുന്ന വലിയൊരു വിഭാഗം യുവത നമ്മുടെ നാട്ടിൽ വളരുന്നു. അവരുടെ അഭിരുചികൾക്ക് അനുസരിച്ചുള്ള അനുഭവങ്ങൾ സൃഷ്ടിക്കാൻ നമുക്ക് സാധിച്ചാൽ അതൊരു വലിയ വ്യവസായ മേഖല ആയി തന്നെ മാറും. അതിനു പക്ഷെ പരസ്പര സഹകരണം വേണം.
രണ്ട് ദിവസം ഒരു ഹൗസ് ബോട്ടിൽ ഇരുന്ന് ജോലി എടുക്കുന്നത് ആലോചിച്ചു നോക്കൂ – നമ്മുടെ ഉൾനാടൻ ജലപാതകളിലൂടെ യാത്ര ചെയ്ത്, നമ്മുടെ ജലവിഭവങ്ങൾ കഴിച്ച്, കായലിൽ നീന്തി, ചെറുവള്ളങ്ങൾ തുഴഞ്ഞ്, ജല വിനോദങ്ങളിൽ ഏർപ്പെട്ട് അവിസ്മരണീയമായ രണ്ട് പ്രവർത്തി ദിനങ്ങളും ഒരു വാരാന്ത്യവും. അതിമനോഹരമായ ഒരു സ്ഥലത്തു, ഒരു ഹോം സ്റ്റേയിൽ താമസിച്ച്, ആ കാലാവസ്ഥയും കാഴ്ചകളും തനത് രുചികളും ആസ്വദിച്ചുള്ള ഒരു പ്രവൃത്തി വാരം. അങ്ങിനെ അങ്ങിനെ എത്ര എത്ര സാധ്യതകൾ. ഇന്ന് അതിന് സാധിക്കുമോ ? ഇല്ല. പക്ഷെ അത്തരം ഒരു അനുഭവം സാധ്യമാക്കിയാലോ. അതൊരു മാറ്റമല്ലേ?
പക്ഷെ, അതിനു വേണ്ടി കേരളം ശരിക്ക് ഒരുങ്ങേണ്ടതുണ്ട്.
1. ഇന്റർനെറ്റ് സേവനങ്ങൾ – നമ്മുടെ ടൂറിസ്റ്റു മേഖലകളിൽ അതിവേഗ ഇന്റർനെറ്റ് നടപ്പാക്കാൻ പ്രത്യേക ശ്രദ്ധ വേണം. അതിനായി സേവനദാതാക്കളുമായി ചർച്ച ചെയ്‌യണം.
2. ആഗോള നിലവാരത്തിൽ ഉള്ള സുരക്ഷയും വൃത്തിയും ഉറപ്പ് വരുത്താൻ ഉള്ള നടപടികൾ – സുരക്ഷയും വൃത്തിയും വളരെ മുഖ്യമാണ്. പലപ്പോഴും പലയിടത്തും അതുണ്ടാവാറില്ല
3. നല്ല പരിശീലനം നേടിയ ഹോസ്പിറ്റാലിറ്റി സ്റ്റാഫ് – നമ്മുടെ നാട്ടിൽ നല്ല പരിശീലനം നേടിയ സ്റ്റാഫിന്റെ അഭാവം ഏറെയുണ്ട്. ഈ മേഖലയിൽ അതൊരു വലിയ പ്രശ്നവുമാണ്.
4. വിശ്വാസ്യത – വാഗ്ദാനം ചെയ്‌യുന്ന സേവനങ്ങൾ ഉറപ്പായും നൽകണം. അതില്ല എങ്കിൽ, ആളുകൾ തിരികെ വരില്ല എന്ന് മാത്രമല്ല, വരാൻ സാധ്യത ഉള്ള ആയിരങ്ങൾ വരാത്ത അവസ്ഥയും ഉണ്ടാവും. സോഷ്യൽ മീഡിയ റിവ്യൂ ഇരുതല മൂർച്ചയുള്ള വാൾ ആണ്
5. കണക്‍ടിവിറ്റി – നമ്മുടെ നാട്ടിലെ പല ടൂറിസ്റ്റു സ്ഥലങ്ങളും തമ്മിൽ നല്ല യാത്രാസൗകര്യം ഇല്ല. മൂന്നാർ, ആലപ്പുഴ, കുമരകം, വർക്കല തുടങ്ങിയ പ്രമുഖ സ്ഥലങ്ങളിലേക്ക് വിമാനത്താവളങ്ങളിൽ നിന്നും റെയിൽവേ സ്റ്റേഷനുകളിൽ നിന്നും എളുപ്പം യാത്ര ചെയ്‌യാനുള്ള സൗകര്യം.
7. സ്ത്രീ സൗഹൃദ ഇടങ്ങൾ – ഒറ്റക്കും ഒരുമിച്ചും യാത്ര ചെയ്‌യുന്ന സ്ത്രീകളുടെ എണ്ണം അനുദിനം വർധിക്കുകയാണ്. സ്ത്രീ സുരക്ഷയിൽ ഇൻവെസ്റ്റ് ചെയ്‌യാൻ കേരളം തയ്‌യാറായാൽ, അത് നമുക്ക് വലിയ ഗുണം ചെയ്‌യും. ഐ ടി മേഖലയിൽ 35% എങ്കിലും സ്ത്രീകൾ ഉണ്ട്.
8. ക്രോസ് സെല്ലിങ് മാതൃകകൾ – വിവിധ ഹോസ്പിറ്റാലിറ്റി സേവനങ്ങൾ നൽകുന്നവർ ഒരുമിച്ചു പ്രവർത്തിക്കുകയാണ് എങ്കിൽ, അവരുടെ അതിഥികൾക്ക് കൂടുതൽ വിപുലമായ സേവനങ്ങൾ നൽകാൻ സാധിക്കും. ഉദാഹരണത്തിന് ഹെയർ സലൂൺ, ബ്യൂട്ടി പാർലർ, സ്പാ, കേക്ക് ഷോപ്പ്, ഡോക്‍ടർ, ജിം, ഫാർമസി – ഇതൊക്കെ ഒരു പുതിയ സ്ഥലത്തു വരുന്ന ആളുകൾക്ക് ആവശ്യമുള്ള സേവനങ്ങൾ ആണ്. ഒരല്പം ശ്രദ്ധിച്ചാൽ, നമ്മുടെ അതിഥികൾക്ക് ഇത്തരം വാല്യൂ ആഡഡ് സേവനങ്ങൾ ഓൺ ഡിമാൻഡ് നൽകാൻ ഒരധിക ചിലവും ആർക്കും വരില്ല.
9. പ്രത്യേക നിരക്കുകൾ – ഒറ്റ തവണ മാത്രം സാധ്യത ഉള്ളവരല്ല റിമോർട്ട് ജോലി പലയിടങ്ങളിൽ നിന്നും ചെയ്‌യാൻ ആഗ്രഹിക്കുന്നവർ. ഒന്നിലധികം തവണ അവരെ വരാൻ പ്രേരിപ്പിക്കുന്ന നിരക്കുകളും ലോയൽറ്റി സ്കീമുകളും ആവിഷ്കരിക്കാൻ സേവനദാതാക്കൾ ശ്രമിച്ചാൽ, കൂടുതൽ വരുമാന സാധ്യതകൾ തുറക്കും. ബ്രിങ് യുവർ ഓൺ ബെഡ് ഷീറ്റ് മുതലായ രീതികളും നോക്കാവുന്നതാണ്.
റിമോർട്ട് വർക്ക് സാധ്യത ഉപയോഗപ്പെടുത്താൻ ശ്രമിക്കേണ്ട ഒരു മേഖല ആണ് കോഫി ഷോപ്പുകൾ. നമ്മുടെ നാട്ടിൽ കോഫി ഷോപ്പുകൾ വർധിക്കുന്നുണ്ട് എങ്കിലും അതൊന്നും ഒരു വർക്ക് സ്പേസ് സാധ്യത കണ്ടല്ല ഡിസൈൻ ചെയ്‌യുന്നത്. ഇനിയുള്ള കാലം, അത് കൂടി കണ്ട് വേണം കോഫി ഷോപ്പുകൾ ഉണ്ടാവാൻ. ഫ്രീ ഇന്റർനെറ്റ്, സൗകര്യ പ്രദമായ ഇരിപ്പിടങ്ങൾ, ഒരല്പം അകലം പാലിച്ച് വിർച്വൽ പ്രൈവറ്റ് ഇടങ്ങൾ, പുറത്തു നിന്നും ഉള്ള ശബ്ദം ഉള്ളിൽ വരാത്ത നോയ്സ് ഫ്രീ ചുമരുകൾ, നല്ല ചായ/കാപ്പി/ലഘു ഭക്ഷണം. ഇതൊക്കെ ലഭ്യമായാൽ കുറച്ചു മണിക്കൂറിലെ ജോലികൾ ആളുകൾ പുറത്ത് ഇരുന്നും ചെയ്‌യും.
ആളുകളെ അതിനു നിർബന്ധിക്കുന്ന, പ്രലോഭിപ്പിക്കുന്ന ഇടങ്ങൾ ഉണ്ടായി വരണം. അതിനൊപ്പം, സ്ഥിരം ആളുകൾക്ക് വേണ്ടി പ്രത്യേക ബിസിനസ്സ് മോഡലുകൾ തന്നെ വേണം. ഉദാഹരണത്തിന്, പണ്ട് ഞാൻ അമേരിക്കയിൽ ജോലി ചെയ്‌യുമ്പോൾ, ചില ഭക്ഷണ ശാലകളിൽ അവർ ഒരു കാർഡ് തരുമായിരുന്നു. നമ്മൾ അവിടെ നിന്ന് കഴിക്കുമ്പോൾ ആ കാർഡിൽ അവർ പഞ്ച് ചെയ്‌യും. നിശ്ചിത തവണ പോയാൽ ഒരു തവണ സൗജന്യം ആയിരിക്കും. അത്തരം ലോയൽറ്റി മാതൃകകൾ ഇവിടെയും വേണം.
റിമോട്ട് വർക്കിന് ആര് വരും?
പലയിടത്തും കാണുന്ന കണക്ക് പ്രകാരം ഇന്ത്യയിൽ ഏകദേശം 45 ലക്ഷം ഐ.ടി ജീവനക്കാരുണ്ട്. മാറിയ തൊഴിൽ സംസ്കാരത്തിൽ. ഇവരിൽ നല്ലൊരു പങ്കും ഹൈബ്രിഡ് രീതിയിലേക്ക് മാറും. അവരുടെ റിമോർട്ട് വർക്ക് ദിവസങ്ങളിൽ ചിലത് കേരളത്തിലേക്ക് വരേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ്. ഇവിടെ തന്നെ തൊഴിൽ തേടുന്ന യുവാക്കളുടെ ആവശ്യമാണ്. നികുതി വരുമാനം ആഗ്രഹിക്കുന്ന സർക്കാരിനും, തദ്ദേശ സ്ഥാപനങ്ങൾക്കും അത് ഗുണം ചെയ്‌യും. ഇവിടെ മുതൽ മുടക്കിയ, മുടക്കാൻ ആഗ്രഹിക്കുന്ന ആളുകളുടെ ആവശ്യമാണ്. ഇത് പോലെ ഉള്ള കാര്യങ്ങൾക്ക് മുൻകൈ എടുക്കാൻ ആണ് അധികൃതർ ഇനി ശ്രമിക്കേണ്ടത്.
“കേരളത്തെ രാജ്യത്തിന്റെ റിമോർട്ട് വർക്ക് തലസ്ഥാനം ആക്കാൻ വേണ്ട വിഭവങ്ങൾ ഇവിടെ പ്രകൃതി തന്നെ ഒരുക്കിയിട്ടുണ്ട്. ഈ സാധ്യത ഉപയോഗപ്പെടുത്താൻ നമ്മൾ തയ്‌യാർ ആണോ എന്നാണ് നാം ചർച്ച ചെയ്‌യേണ്ടത്. “
മേല്പറഞ്ഞ 45 ലക്ഷം ആളുകളിൽ നിന്നും ഒരു 5 ലക്ഷം പേർ ഒരു തവണ കേരളത്തിൽ 4 ദിവസത്തെ റിമോർട്ട് വർക്ക് + വീക്കെൻഡ് ചെലവാക്കുന്നു എന്ന് കരുതുക. 5 ലക്ഷം x 4 = 20 ലക്ഷം രാത്രികൾ ആണ് അവർ ഇവിടെ ചെലവാക്കുക. ഒരു രാത്രിക്ക് കുറഞ്ഞത് 3000 രൂപ അവർ ചെലവാക്കും എന്ന് കരുതുക. 600 കോടി രൂപയുടെ സാധ്യത ആണ് ഇവിടെ തുറക്കുന്നത്. ഉല്ലാസം, സാഹസികത, ഷോപ്പിംഗ്, യാത്ര – ഇതിനൊക്കെ കൂടി അവർ ചെലവാക്കുന്നത് വേറെ. ആയിരം കോടി എങ്കിലും വാർഷിക വിറ്റു വരവുള്ള ഒരു പുതിയ സെക്‍ടർ ഇവിടെ വന്നാൽ ചുരുങ്ങിയത് 25,000 തൊഴിലെങ്കിലും (പ്രത്യക്ഷ + പരോക്ഷ) ഇവിടെ ഉണ്ടാവില്ലേ? ഈ സാധ്യത ഉപയോഗപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വം ആണ്.
ഇതൊരു പുതിയ സാധ്യത ആണ്. പുതിയ കേരളത്തിനും പുതിയ തൊഴിലുകൾക്കും കാലം നമുക്ക് മുന്നിൽ വെക്കുന്ന ഒരു പുതിയ സാധ്യത. കേരളത്തെ രാജ്യത്തിന്റെ റിമോർട്ട് വർക്ക് തലസ്ഥാനം ആക്കാൻ വേണ്ട വിഭവങ്ങൾ ഇവിടെ പ്രകൃതി തന്നെ ഒരുക്കിയിട്ടുണ്ട്. ഈ സാധ്യത ഉപയോഗപ്പെടുത്താൻ നമ്മൾ തയ്‌യാർ ആണോ എന്നാണ് നാം ചർച്ച ചെയ്‌യേണ്ടത്.
ഇൻഫോപാർക്കിലെ ഒരു സ്വകാര്യ ഐടി സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് ലേഖകൻ
Content Highlights: future workplace concepts remote work opens up endless possibilities for Kerala tourism