മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററിൽ പുതിയ സെർച്ച് ബട്ടൻ അവതരിപ്പിച്ചു. ഒരാളുടെ പ്രൊഫൈലിൽ പങ്കുവെക്കപ്പെട്ട ഒരു ട്വീറ്റ് തിരഞ്ഞ് കണ്ടുപിടിക്കാൻ സഹായിക്കുന്നതാണ് ഈ ബട്ടൻ. സോഷ്യൽ മീഡിയാ കൺസൾട്ടന്റും ഇൻഡസ്ട്രി കമന്റേറ്ററുമായ മാറ്റ് നവാര എന്നയാളാണ് ഈ ഫീച്ചറിനെ കുറിച്ച് ആദ്യം പോസ്റ്റ് ചെയ്തത്. ഐഓഎസ് ഉപഭോക്താക്കൾക്കായി ഇത് ലഭ്യമാക്കുന്നുണ്ടെന്നാണ് വിവരം.
ട്വീറ്റുകൾ തിരഞ്ഞ് കണ്ടുപിടിക്കാനുള്ള സെർച്ച് ബട്ടൻ ട്വിറ്ററിൽ നേരത്തെ തന്നെ ഉണ്ടെങ്കിലും ഉപയോക്താക്കളുടെ പ്രൊഫൈലിനുള്ളിൽ സെർച്ച് ബട്ടൻ നൽകുന്നത് അവർ പങ്കുവെച്ച ട്വീറ്റുകൾ തിരഞ്ഞുകണ്ടുപിടിക്കുന്നത് എളുപ്പമാക്കും.
ഒരാളുടെ പഴയ ട്വീറ്റുകൾ തിരഞ്ഞുകണ്ടുപിടിക്കാൻ ശ്രമിക്കുമ്പോഴാണ് ഈ സംവിധാനം ഏറെ പ്രയോജനപ്പെടുക. ട്വിറ്റർ പ്രൊഫൈലിന്റെ വലത് ഭാഗത്ത് മുകളിലായാണ് സെർച്ച് ബട്ടൻ നൽകിയിരിക്കുന്നത്. നിലവിൽ ഐഒഎസ് ആപ്പിൽ മാത്രമേ ഇത് ലഭിക്കുകയുള്ളൂ.
അടുത്തിടെ സൂപ്പർ ഫോളോ എന്നൊരു ഫീച്ചർ ആഗോള തലത്തിൽ ട്വിറ്റർ അവതരിപ്പിച്ചിരുന്നു. ട്വിറ്റർ ഇൻഫ്ളുവൻസർമാർക്ക് അവർ പങ്കുവെക്കുന്ന സവിശേഷ ഉള്ളടക്കങ്ങൾ ഫോളോവർമാർക്ക് ലഭ്യമാക്കാനും നിശ്ചിത തുക ഈടാക്കാനും സാധിക്കുന്ന സംവിധാനമാണിത്. ശബ്ദത്തിലൂടെ മാത്രം ആശയവിനിമയം നടത്താൻ സാധിക്കുന്ന സ്പേസ് എന്നൊരു ഫീച്ചറും ട്വിറ്ററിൽ അടുത്തിടെ ചേർത്തിരുന്നു.
Content Highlights: twitter has added a new search button on user profiles, new features button