ആലപ്പുഴ > കുട്ടനാട് കൈനകരിയിൽ യുവാവിനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി പറഞ്ഞ ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി മുറിക്കുള്ളിൽ പ്രോസിക്യൂട്ടർക്ക് നേരെ പ്രതികളുടെ വധഭീഷണി.
കേസിൽ രണ്ടാംപ്രതി ആര്യാട് കോമളപുരം കട്ടിക്കാട്ട് സാജൻ (31), മൂന്നാംപ്രതി പുതുവൽവെളി നന്ദു (26), നാലാംപ്രതി കൈനകരി ആറ്റുവാത്തല അത്തിത്തറ ജനീഷ് (38) എന്നിവർക്ക് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. വിധി കേട്ട ശേഷം രണ്ടാം പ്രതി സാജനും മൂന്നാം പ്രതി നന്ദുവും കോടതി മുറിക്കുള്ളിൽ പ്രോസിക്യൂട്ടർക്ക് നേരെ വധഭീഷണി ഉയർത്തുകയായിരുന്നു. വാഹനത്തിലേയ്ക്ക് കയറ്റുന്നതിനിടയിലും വാഹനത്തിൽ വെച്ചും പ്രതികൾ പൊലീസുകാരെ അസഭ്യം പറയുകയും വീട്ടിൽ കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
2014 മാർച്ചിൽ കൈനകരി തോട്ടുവാത്തല സ്വദേശി ജയേഷിനെയാണ് മുൻവൈരാഗ്യത്തിന്റെ പേരിൽ മാരാകായുധങ്ങളുമായി വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തിയത്. മാതാപിതാക്കളുടെയും ഭാര്യയുടെയും മുന്നിലിട്ടാണ് ജയേഷിനെ വധിച്ചത്.
ഒമ്പതും പത്തും പ്രതികളായ തോട്ടുവാത്തല മാമൂട്ടിച്ചിറ സന്തോഷ്, തോട്ടുവാത്തല ഉപ്പൂട്ടിച്ചിറ കുഞ്ഞുമോൻ എന്നിവരെ രണ്ട് വർഷം വീതം തടവിനു ശിക്ഷിച്ചു. ഇവർ 50000 രൂപ വീതം പിഴയും ഒടുക്കണം. ഒന്നാം പ്രതി പുന്നമട അഭിലാഷ് കേസിന്റെ വിചാരണയ്ക്കിടെ കൊല്ലപ്പെട്ടിരുന്നു.
കോടതി വിധിയ്ക്ക് ശേഷം പുറത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി. പൊലീസ് ലാത്തിവീശി ഇവരെ ഓടിച്ചു. കോടതിയ്ക്ക് അകത്തുകയറിയ രണ്ടു പേരെ പൊലീസ് കരുതൽ തടങ്കലിലാക്കി. അണ്ണാച്ചി ഫൈസൽ, ജീജു എന്നിവരയാണ് കരുതൽ തടങ്കലിലാക്കിയത്.