ശതകോടീശ്വര വ്യവസായി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ഉപഗ്രഹ വിവരവിനിമയ സ്ഥാപനമായ സ്റ്റാർലിങ്ക് നവംബർ ഒന്നിനാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത്. ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിലും ഉൾനാടുകളിലും ഇന്റർനെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാർ ലിങ്ക് ഇന്ത്യയിലെത്തിയിരിക്കുന്നത്.
സേവനം വ്യാപിപ്പിക്കുന്നതിന് വേണ്ടി ഇന്ത്യയിൽ പ്രചാരത്തിലുള്ള ബ്രോഡ്ബാൻഡ് സേവനദാതാക്കളുമായി പങ്കാളിത്തം സ്ഥാപിക്കാനുള്ള ചർച്ചകളിലാണ് ഇപ്പോൾ സ്റ്റാർലിങ്ക്. ജിയോ, വോഡഫോൺ ഐഡിയ ഉൾപ്പടെയുള്ള കമ്പനികളുമായാണ് ചർച്ച നടക്കുന്നത് എന്നാണ് വിവരം.
എയർടെലിന്റെ മാതൃസ്ഥാപനമായ ഭാരതി എന്റർപ്രൈസസിന് പങ്കാളിത്തമുള്ള വൺ വെബ് ഉപഗ്രഹ വിവര വിനിമയ രംഗത്ത് അന്തർദേശീയ തലത്തിൽ സ്റ്റാർലിങ്കിന്റെ എതിരാളിയാണ്. എന്നാൽ വൺ വെബിന് നിലവിൽ ഇന്ത്യയിൽ സേവനാനുമതിയില്ല. എങ്കിലും ഇന്ത്യയിൽ സ്റ്റാർലിങ്കും എയർടെലുമായുള്ള പങ്കാളിത്തത്തിന് സാധ്യതയില്ല.
നിതി ആയോഗ് കണ്ടെത്തിയ സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിൽക്കുന്ന ജില്ലകളിൽ 12 എണ്ണത്തിലാണ് ബ്രോഡ്ബാൻഡ് സേവനദാതാക്കളുമായി സഹകരിച്ച് സേവനം ആരംഭിക്കുകയെന്ന് ഇന്ത്യയിലെ സ്റ്റാർലിങ്ക് കൺട്രി ഡയറക്‍ടറായ സഞ്ജയ് ഭാർഗവ പിടിഐയോട് പറഞ്ഞു.
ഇന്ത്യയിൽ നിന്ന് 5000 മുൻകൂർ ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സ്റ്റാർലിങ്ക് പറയുന്നത്. 7350 രൂപയാണ് ഇതിന് നിക്ഷേപ തുകയായി ഈടാക്കുന്നത്. 50 മുതൽ 150 എംബിപിഎസ് വരെ വേഗതയും സ്റ്റാർലിങ്ക് വാഗ്ദാനം ചെയ്‌യുന്നു.
എല്ലാവരുമായും സഹകരിക്കാനും തങ്ങളെ കൂടാതെ മറ്റുള്ളവർക്ക് സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് നൽകുന്നതിന് ലൈസൻസ് നൽകാനും തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഭാർഗവ പറഞ്ഞു. ഉപഗ്രഹം വഴിയും ഭൂമിയിലൂടെയുമുള്ള കണക്റ്റിവിറ്റിയിലൂടെ 100 ശതമാനം ബ്രോഡ്ബാൻഡ് നൽകാൻ കഴിയും, പ്രത്യേകിച്ച് ഗ്രാമീണ ജില്ലകളിൽ. അദ്ദേഹം പറഞ്ഞു.
അതേസമയം ടെർമിനലുകൾ എന്ന് വിളിക്കപ്പെടുന്ന ആന്റിനകൾ ഇന്ത്യയിൽ നിർമിക്കാൻ പോകുന്നുവെന്ന വാർത്ത സ്റ്റാർലിങ്ക് തള്ളി.
ഡൽഹിയിലും പരിസരജില്ലകളിലുമായി നൂറ് ടെർമിനലുകൾ സൗജന്യമായി നൽകാൻ സ്റ്റാർലിങ്കിന് പദ്ധതിയുണ്ട്. 2022 ഓടെ രണ്ട് ലക്ഷം സ്റ്റാർലിങ്ക് ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കാനും കമ്പനി ഉദ്ദേശിക്കുന്നു.
നിലവിൽ ഭൂമിയിലൂടെയുള്ള ഫൈബർ ബ്രോഡ്ബാൻഡ് ശൃംഖലയ്‍ക്ക് എത്തിച്ചേരാൻ കഴിയാത്തയിടങ്ങളിൽ പോലും സ്റ്റാർലിങ്ക് കണക്റ്റിവിറ്റി ഉറപ്പുവരുത്തുമെന്നും ഭാർഗവ പറഞ്ഞു.
Content Highlights: SpaceX talks with Indian telecom companies for starlink