ചിത്രീകരണത്തിനായി അനുമതി ലഭിച്ച സിനിമകളുടെ ഷൂട്ടിങ് തടയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ചലച്ചിത്ര പ്രവർത്തകർക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. നടൻ ജോജുവിനെതിരായ പ്രതിഷേധം എന്ന നിലയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ ഷൂട്ടിങ് തടസ്സപ്പെടുത്തുകയായിരുന്നുവെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
Also Read:
സുധാകരൻ്റെ വരവോടു കൂടി കോൺഗ്രസും ആര്‍എസ്എസിനെപ്പോലെ അസഹിഷ്ണുതയുടെ കേന്ദ്രമാകുകയാണെന്നും ിതിൻ്റെ ലക്ഷണമാണ് ഷൂട്ടിങ് തടസ്സപ്പെടുത്തിയുള്ള പ്രതിഷേധമെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. ഭയമില്ലാതെ ചിത്രീകരണം പൂര്‍ത്തിയാക്കാൻ സര്‍ക്കാര്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ഷൂട്ടിങ് സംഘം വഴി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. വൈറ്റിലയിൽ കോൺഗ്രസ് പ്രതിഷേധത്തിനെതിരെ രംഗത്തെത്തിയ ജോജു ജോര്‍ജുമായി കോൺഗ്രസ് നേതാക്കള്‍ നടത്തിയ അനുരഞ്ജന ശ്രമം പാളിയതിനു പിന്നാലെയായിരുന്നു പ്രതിഷേധം. എന്നാൽ കാഞ്ഞിരപ്പള്ളിയിൽ സിനിമാസംഘത്തിനെതിരെ പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ പ്രദേശത്തെ തന്നെ ഒരു സംഘം യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ എത്തിയതോടെ പ്രതിഷേധം സംഘര്‍ഷത്തിൽ കലാശിക്കുകയായിരുന്നു. നടൻ ജോജുവിനെതിരെ നിലപാട് കടുപ്പിക്കാനും എറണാകുളം ഡിഡിസി തീരുമാനിച്ചിട്ടുണ്ട്.
Also Read:
ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് വഴിതടഞ്ഞു നടത്തിയ സമരത്തിനു പിന്നാലെയാണ് നടൻ ജോജുവും കോൺഗ്രസും തമ്മിൽ തെറ്റിയത്. അര മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടതോടെ പ്രതിഷേധവുമായി നടൻ രംഗത്തിറങ്ങുകയായിരുന്നു. ഇതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. ജോജുവിനെതിരെ ആരോപണവുമായി കോൺഗ്രസ് വനിതാ പ്രവർത്തകരും രംഗത്തെത്തിയിരുന്നു. വൈറ്റിലയിലെ സംഘര്‍ഷത്തിനിടെ ജോജുവിൻ്റെ വാഹനം തകര്‍ത്ത കേസിൽ ജില്ലയില കോൺഗ്രസ് നേതാക്കള്‍ പ്രതികളാണ്. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊച്ചി മുൻ മേയര്‍ ടോണി ചമ്മിണി അടക്കമുള്ള നേതാക്കളോട് പോലീസിൽ കീഴടങ്ങാൻ എറണാകുളം ഡിസിസി ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാർട്ടി ആവശ്യപ്പെടാതെ കീഴടങ്ങില്ലെന്ന നിലപാടിലായിരുന്നു നേതാക്കൾ. അതേസമയം, സമരത്തിനിടെ ബഹളമുണ്ടാക്കിയത് ജോജുവാണെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ നിലപാട്. നടനുമായുള്ള പ്രശ്നം ഒത്തുതീര്‍പ്പാക്കാൻ തടസ്സം നിൽക്കുന്നത് സിപിഎമ്മാണെന്നും കോൺഗ്രസ് ആരോപിക്കുന്നുണ്ട്.