ലിസ്ബൺ: മാർക്ക് സക്കർബർഗ് സിഇഒ സ്ഥാനം ഒഴിഞ്ഞാലേ ഫെയ്സ്ബുക്ക് നന്നാവുകയുള്ളൂ എന്ന് കമ്പനിയിലെ പ്രൊഡക്റ്റ് എഞ്ചിനീയറായിരുന്ന ഫ്രാൻസിസ് ഹൂഗൻ. അദ്ദേഹം സിഇഒ സ്ഥാനത്ത് തുടർന്നാൽ കമ്പനിയിൽ ഒരു മാറ്റവുമുണ്ടാവാൻ സാധ്യതയില്ല. പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിൽ നടന്ന വെബ് സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് ഹൂഗൻ.
ഫെയ്സ്ബുക്കിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി രേഖകൾ പുറത്തുകൊണ്ടുവന്നതോടെയാണ് ഫ്രാൻസിസ് ഹൂഗൻ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് മേൽ കമ്പനി ലാഭത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും വ്യാജവാർത്താ പ്രചാരണം ഉൾപ്പടെയുള്ള വിഷയങ്ങളിൽ കമ്പനി കാര്യമായി ഒന്നും ചെയ്തിരുന്നില്ലെന്നും വ്യക്തമാക്കുന്ന തെളിവുകളാണ് ഫ്രാൻസിസ് ഹൂഗൻ വെളിപ്പെടുത്തിയത്.
ഈ വിവാദങ്ങൾക്കിടെയാണ് മെറ്റാവേഴ്സ് നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കമ്പനി മെറ്റ എന്ന് പേര് മാറ്റിയത്. എന്നാൽ ഈ പേര് മാറ്റം ഇപ്പോഴുള്ള നാണക്കേടിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമമാണ് എന്ന് മെറ്റാവേഴ്സ് വെർച്വൽ ലോകത്തിനായി ഫെയ്സ്ബുക്കിനും മുമ്പേ തന്നെ പ്രവർത്തിച്ച് തുടങ്ങുകയും മുന്നേറുകയും ചെയ്ത സ്ഥാപനങ്ങൾ ആരോപിക്കുന്നുണ്ട്.
എന്നാൽ സുരക്ഷാ പ്രശ്നങ്ങളൊന്നും പരിഹരിക്കാൻ ശ്രമിക്കാതെയുള്ള ഈ പേര് മാറ്റം യുക്തിയ്ക്ക് നിരയ്ക്കുന്നല്ലെന്ന് ഹൂഗൻ പറഞ്ഞു. കമ്പനിയുടെ വികസനമാണ് ഫെയ്സ്ബുക്ക് വീണ്ടും വീണ്ടും തിരഞ്ഞെടുക്കുന്നത്. അവർ പറയുന്നു.
2019 ൽ ഫെയ്സ്ബുക്കിന്റെ ചെയർമാൻ സ്ഥാനത്ത് നിന്നും സ്ഥാപകനായ മാർക്ക് സക്കർബർഗിനെ താഴെയിറക്കാൻ കമ്പനിയിലെ ഓഹരി ഉടമകൾ ശ്രമിച്ചിരുന്നു. കേംബ്രിജ് അനലിറ്റിക്ക ഉൾപ്പടെയുള്ള വിവാദങ്ങൾ കമ്പനിയെ ബാധിച്ചതോടെയാണ് സക്കർബർഗ് സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി ഡയറക്ടർമാർ രംഗത്തെത്തിയത്. എന്നാൽ കമ്പനിയുടെ വാർഷിക ജനറൽ മീറ്റിങിൽ നടന്ന വോട്ടെടുപ്പ് സക്കർബർഗ് അതിജീവിക്കുകയായിരുന്നു.
Content Highlights: Facebook Whistleblower frances hougen Urges Mark Zuckerberg To Step Down