കൊച്ചി > കാക്കനാട് നോൺ ഹലാൽ ഭക്ഷണം വിളമ്പിയതിന് മർദിച്ചുവെന്ന വ്യാജപ്രചാരണം നടത്തിയ ഹോട്ടൽ ഉടമ തുഷാരയും ഭർത്താവ് അജിത്തും അറസ്റ്റിൽ. മതവിദ്വേഷ പ്രചാരണത്തിനാണ് അറസ്റ്റ്. സംഭവത്തിൽ കുമ്പളം മോറക്കൽ വിഷ്ണു ശിവദാസ് (26), മരട് ബിടിസി റോഡ് ആറ്റുമ്മൽ എബിൻ ബെൻസ് ആന്റണി (22) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. കാക്കനാട്ട് പാനിപൂരി സ്റ്റാൾ പൊളിച്ചതു തടഞ്ഞ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവമാണ് പ്രതികൾ വ്യാജപ്രചാരണം നടത്തി മറ്റൊരു രീതിയിൽ പ്രചരിപ്പിച്ചത്.
കഴിഞ്ഞദിവസം കാക്കനാട് നിലംപതിഞ്ഞിമുകളിൽ ചിൽസേ ഫുഡ് സ്പോട്ട് എന്ന ഫുഡ് കോർട്ടിനുമുന്നിൽ നടത്തിയിരുന്ന പാനിപൂരി സ്റ്റാൾ തുഷാരയും സംഘവും പൊളിച്ചുമാറ്റിയിരുന്നു. ഇത് തടഞ്ഞ നകുൽ, സുഹൃത്ത് ബിനോയ് ജോർജ് എന്നിവരെ തുഷാരയും അജിത്തും ചേർന്ന് ആക്രമിച്ചു. വെട്ടേറ്റ ബിനോജ് ശസ്ത്രക്രിയക്കുശേഷം ചികിത്സയിലാണ്. ഫുഡ് കോർട്ടിലെ കടയിൽ തനിക്ക് അവകാശമുണ്ടെന്നുപറഞ്ഞായിരുന്നു തുഷാര ആക്രമിച്ചത്. എന്നാൽ ഫുഡ് കോർട്ടിന്റെ ഉടമസ്ഥതയും നടത്തിപ്പുംസംബന്ധിച്ച് കേസുണ്ടെന്ന് പൊലീസ് കണ്ടെത്തി.
തന്റെ കടയ്ക്കുമുന്നിൽ നോൺ ഹലാൽ ബോർഡ് വച്ചതിന് നകുലും ബിനോയിയും തന്നെ ആക്രമിച്ചെന്നായിരുന്നു തുഷാര സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചത് മറച്ചുവച്ചായിരുന്നു തുഷാരയുടെ പ്രചാരണം. ആക്രമണ ദിവസമാണ് ബോർഡ് സ്ഥാപിച്ചത്. ക്രിമിനൽക്കേസ് പ്രതികളുടെ സഹായത്തോടെയായിരുന്നു ആക്രമണം. അന്വേഷണം തടസ്സപ്പെടുത്താനും മാധ്യമശ്രദ്ധ നേടാനുമായി കെട്ടിച്ചമച്ച നുണക്കഥയാണ് നോൺ ഹലാൽ വിവാദമെന്ന് പൊലീസ് കണ്ടെത്തി. മതസ്പർധയുണ്ടാക്കി കലാപമുണ്ടാക്കാനുള്ള തുഷാരയുടെയും കൂട്ടാളികളുടെയും ശ്രമമാണ് പൊലീസ് പൊളിച്ചത്. നിലംപതിഞ്ഞിമുകളിലെ കടകളിൽനിന്ന് സാധനങ്ങൾ മോഷ്ടിച്ചതിന് തുഷാരയ്ക്കും സംഘത്തിനുമെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.