ബീറ്റാ കരോട്ടിൻ, ഫൈബർ, ആന്റിഓക്സിഡന്റ്, കാൽസ്യം എന്നിവ ധാരാളമായടങ്ങിയിട്ടുള്ള പച്ചക്കറികളിലൊന്നാണ് കാരറ്റ്. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം ചർമ്മ സംരക്ഷണത്തിനായും ശരീരഭാരം കുറയ്ക്കുന്നതിനും ദഹനപ്രക്രിയ എളുപ്പമാക്കുന്നതിനും കാരറ്റ് പ്രയോജനപ്പെടുത്താമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് കാരറ്റ് സഹായിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനത്തിലൂടെ.
കാരറ്റിന് ഓറഞ്ച് നിറം നൽകുന്ന ബീറ്റാ കരോട്ടിൻ എന്ന ഘടകം വിറ്റാമിൻ എ ആയി രൂപമാറ്റം വരുത്തുകയാണ് ചെയ്യുക. ഇതിനിടെ രക്തത്തിലെ ചീത്ത കൊളസ്ട്രേളിന്റെ അളവ് കുറയുമെന്ന് യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസിന്റെ പഠനത്തിൽ പങ്കെടുത്തുന്ന ഗവേഷകർ വ്യക്തമാക്കി.
രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു. കാരറ്റ് കഴിക്കുന്നതിന്റെ മുഴുവൻ ഗുണവും ലഭിക്കുന്നതിന് വിറ്റാമിൻ എ ഉത്പാദിപ്പിക്കുന്ന സജീവ എൻസൈം ആവശ്യമാണെന്ന് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.
ബീറ്റാ കരോട്ടിൽ ഹൃദയാരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനം കണ്ടെത്തുന്നതിന് മനുഷ്യരിലും എലികളിലുമാണ് പഠനം നടത്തിയത്.
ആരോഗ്യമുള്ള 18-നും 25 വയസ്സിനും ഇടയിൽ പ്രായമുള്ള 767 പേരെയാണ് പഠനവിധേയമാക്കിയത്. ഇവരുടെ രക്ത, ഡി.എൻ.എ. സാംപിളുകളാണ് പരിശോധിച്ചത്. ബീറ്റാ കരോട്ടിൽ വിറ്റാമിൻ എയിലേക്ക് രൂപമാറ്റം വരുത്തുന്ന ബീറ്റാ കരോട്ടിൻ ഓക്സിജെനേസ് 1(ബി.സി.ഒ 1) എന്ന എൻസൈമാണ് കൊളസ്ട്രോളിന്റെ അളവിനെ കുറയ്ക്കാൻ സഹായിക്കുന്നതെന്ന് കണ്ടെത്തി.
ബി.സി.ഒ.1 കൂടുതൽ സജീവമായി നിലനിർത്തുന്നതിനു സഹായിക്കുന്ന ജനിതക ഘടകം ഉള്ളവരിൽ രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കുറവാണെന്ന് കണ്ടെത്താൻ കഴിഞ്ഞു. ഇതായിരുന്നു ഞങ്ങളുടെ ആദ്യ നിരീക്ഷണം-യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഫുഡ് സയൻസ് ആൻഡ് ഹ്യൂമൻ ന്യൂട്രീഷൻ അസിസ്റ്റന്റ് പ്രൊഫസർ ജോമോ അമെൻഗുവാൽ പറഞ്ഞു. ന്യൂട്രീഷൻ എന്ന ജേണലിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആദ്യ പഠനത്തിന്റെ തുടർച്ചയായ പരീക്ഷണങ്ങളുടെ ഭാഗമായാണ് രണ്ടാമത് എലികളിലും ഗവേഷകർ പഠനം നടത്തിയത്. ബീറ്റാ കരോട്ടിൻ എലികൾക്ക് നേരിട്ട് നൽകുകയാണ് ഇവിടെ ചെയ്തത്. ഈ എലികളുടെ ഹൃദയധമനികളിൽ മറ്റുള്ളവയുമായി താരതമ്യം ചെയ്തപ്പോൾ കുറച്ചുമാത്രമേ കൊഴുപ്പ് അടിഞ്ഞുകൂടിയിട്ടുള്ളൂവെന്ന് കണ്ടെത്താൻ കഴിഞ്ഞു. ജേണൽ ഓഫ് ലിപിഡ് റിസേർച്ചിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.
Content highlights: carrots may help reduce heart risks study