എല്ലാവർഷവും നവംബർ ഒന്നാം തിയതിയാണ് ലോക വീഗൻ ദിനമായി ആചരിക്കുന്നത്. ഈ ആഹാരക്രമത്തിന്റെ പ്രധാന്യം, നേട്ടങ്ങൾ, അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലോക വീഗൻദിനം കൊണ്ട് ഉദ്യേശിക്കുന്നത്.
വീഗൻ ആഹാരക്രമം എന്നത് വെറുമൊരു ഭക്ഷണക്രമത്തിലെ തിരഞ്ഞെടുപ്പ് മാത്രമല്ല, മറിച്ച് അതൊരു ജീവിതരീതിയാണ്. ലോകമെമ്പാടും ഇന്ന് ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ആഹാരക്രമങ്ങളിലൊന്നാണ് വീഗൻ. രൺവീർ കപൂർ, പാർവതി തിരുവോത്ത് തുടങ്ങിയ സെലബ്രിറ്റികൾ തങ്ങൾ വീഗൻ ഡയറ്റാണ് പിന്തുടരുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു.
മത്സ്യ, മാംസ ആഹാരങ്ങൾക്കൊപ്പം പാലും പാൽ ഉത്പന്നങ്ങളും വർജിക്കുന്ന ആഹാരക്രമമാണിത്. അതിനാൽ, ഏറെ അപകടസാധ്യത നിലനിൽക്കുന്ന രീതികൂടിയാണിത്. കാരണം, ഈ ആഹാരങ്ങളിൽനിന്നു ലഭിക്കുന്ന പോഷകങ്ങൾ പച്ചക്കറിയിൽ നിന്നു മാത്രം കിട്ടേണ്ടതുണ്ട്. മാംസാഹാരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള പോഷകം പ്രോട്ടീൻ ആയതിനാൽ അത് പൂർണമായും ഒഴിവാക്കുമ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാം. അതിനാൽ, പ്രോട്ടീൻ നന്നായി ലഭിക്കുന്ന പച്ചക്കറികൾ ഏതൊക്കെയെന്ന് പരിചയപ്പെടാം
വെള്ളക്കടല
പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള ഈ കടല ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും രക്തത്തിലെ കൊളസട്രോളിന്റെ അളവും പ്രമേഹവും നിയന്ത്രിക്കുന്നതിനും സഹായിക്കും.
നട്സ്
ശരീരത്തിന് ആവശ്യമായ കൊഴുപ്പ്, ഒമേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ എന്നിവയുടെ കലവറയാണ് നട്സ്. നട്സ് കഴിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും ആരോഗ്യമുള്ള പേശികളുടെയും എല്ലുകളുടെയും നിർമാണത്തിനും നട്സ് സഹായിക്കുന്നു.
ധാന്യങ്ങൾ
വീഗൻ ഡയറ്റ് പിന്തുടരുന്നവർക്കു ഏറ്റവും മികച്ച പ്രോട്ടീൻ സമ്പന്ന ഭക്ഷണമാണ് ധാന്യങ്ങൾ. പ്രോട്ടീൻ, ഫൈബർ, വിറ്റാമിനുകൾ തുടങ്ങി എല്ലാ അവശ്യ പോഷകങ്ങളാലും സമൃദ്ധമാണ് ധാന്യങ്ങൾ.
ടോഫു
സോയാ പാൽകൊണ്ട് ഉണ്ടാക്കുന്ന ടോഫു പാൽക്കട്ടിക്ക് സമാനമാണ്. പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ്, അയൺ എന്നിവ ടോഫുവിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. വീഗൻ ഡയറ്റിൽ ഇറച്ചിക്കുപകരമായി ഉപയോഗിക്കുന്നതാണ് ടോഫു.
മത്തൻ കുരു
വീഗൻ ഡയറ്റ് പിന്തുടരുന്നവർക്ക് തങ്ങളുടെ പലവ്യഞ്ജന ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന പ്രോട്ടീൻ സമൃദമായ ഒന്നാണ് മത്തങ്ങയുടെ കുരു. പ്രോട്ടീനൊപ്പം ആന്റി ഓക്സിഡന്റുകളും കൊഴുപ്പും മറ്റ് പോഷകങ്ങളും മത്തങ്ങയുടെ കുരുവിൽ അടങ്ങിയിട്ടുണ്ട്. പലഹാരങ്ങൾ തയ്യാറാക്കുമ്പോൾ മത്തൻ കുരു പൊടിച്ചു ചേർക്കുകയുമാകാം.
Content highlights: world vegan day 2021 here is a list of healthy plant based protein sources