കോഴിക്കോട്: സാമൂഹിക പെരുമാറ്റങ്ങളും അനുഭവങ്ങളും ഓർമകളായി രേഖപ്പെടുത്തുക വഴി, സമൂഹവുമായുള്ള നമ്മുടെ ഇടപെടൽ നിയന്ത്രിക്കുന്ന മസ്തിഷ്ക-രാസസംവേദന സംവിധാനം മലയാളി ഗവേഷകർ കണ്ടെത്തി. അൽഷിമേഴ്സ് പോലുള്ള മറവിരോഗങ്ങളും പെരുമാറ്റ വൈകല്യങ്ങളും ചികിത്സിക്കാൻ ഭാവിയിൽ തുണയായേക്കാവുന്ന കണ്ടെത്തലാണിത്.
നമ്മുടെ തലച്ചോറിലെ ഓരോ ഇടവും ഓർമയുടെ വിവിധതലങ്ങളെ രേഖപ്പെടുത്തി സൂക്ഷിക്കുന്നു. ഇക്കാര്യത്തിൽ ഹിപ്പോകാംപസ് (hippocampus) ആണ് നായകസ്ഥാനം വഹിക്കുന്നത്. എന്ത്, എപ്പോൾ, എങ്ങനെ എന്നിങ്ങനെ-നമ്മുടെ ജീവിതത്തിന്റെ കഥ ജീവശാസ്ത്രഭാഷയിലേക്ക് വിവർത്തനം ചെയ്ത് ഓർമകളായി സൂക്ഷിക്കുന്നത് ഈ മസ്തിഷ്കഭാഗമാണ്. ഹിപ്പോകാംപസിന്റെ പ്രവർത്തനം ഏറെക്കുറെ അറിയാമെങ്കിലും, അതിൽ സിഎ2 (CA2) എന്നൊരു ചെറിയ ഉപമേഖല ശാസ്ത്രത്തിന് പിടികൊടുക്കാതെ നിഗൂഢമായി തുടർന്നു.
നമ്മുടെ സാമൂഹികമായ അനുഭവങ്ങൾ മസ്തിഷ്കം രേഖപ്പെടുത്തി സൂക്ഷിക്കുന്നതാണ് സോഷ്യൽ മെമ്മറി (social memory) ക്ക് അടിസ്ഥാനം. ഇതുസംബന്ധിച്ച വിവരവിശകലനം നിയന്ത്രിക്കുന്നത ഉപമേഖലയാണ് സിഎ2. ആ ഉപമേഖലയിൽ, ഓർമകൾ ശേഖരിക്കാൻ ന്യൂറോട്രാൻസ്മിറ്ററായ അസെറ്റൈൽക്കോളിനിന്റെ (acetylcholine) സഹായത്തോടെ ഒരു നൂതന സംവിധാനം പ്രവർത്തിക്കുന്നത് കണ്ടെത്തുകയാണ് ഗവേഷകർ ചെയ്തത്.
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിങ്കപ്പൂരിന് കീഴിൽ, സ്കൂൾ ഓഫ് മെഡിസിനിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.സജികുമാർ ശ്രീധരന്റെ മേൽനോട്ടത്തിൽ, ഗവേഷക വിദ്യാർഥിയായ അമൃത ബിനോയ് ആണ് പഠനം നടത്തിയത്. അമൃതയുടെ ഡോക്ടറൽ ഗവേഷണത്തിന്റെ ഭാഗമായ ഈ പഠനത്തിന്റെ റിപ്പോർട്ട്, അമേരിക്കയിൽ നിന്നുള്ള .
തലച്ചോറിലെ ചെറിയൊരു ഭാഗമാണ് സിഎ2 എങ്കിലും, അതെങ്ങനെ ഓർമകൾ രൂപപ്പെടുത്തുന്നു എന്നതിനെ പറ്റിയാണ് ഡോ.സജികുമാറും അമൃതയും പഠിച്ചത്. അതിന്റെ ഭാഗമായിട്ടായിരുന്നു പുതിയ കണ്ടെത്തൽ.
കൊച്ചി സ്വദേശിയായ അമൃത ബിനോയ്, കൽക്കത്ത സർവ്വകലാശാലയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ ബിരുദാനന്തരബിരുദം നേടിയ ശേഷം സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഈ വർഷം ഡോക്ടറൽ പഠനം പൂർത്തിയാക്കി. കേരള ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ബിനോയ് തോമസിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥയായ മിനി മാത്യുവിന്റെയും മകളാണ്. ഭർത്താവ് കോട്ടയം സ്വദേശി നോബിൾ ടോമി പടിയറ.
ഓർമയുടെ തന്മാത്രാശാസ്ത്രവുമായി ബന്ധപ്പെട്ട് രണ്ടു പതിറ്റാണ്ടായി പഠനരംഗത്തുള്ള ശാസ്ത്രജ്ഞനാണ് ഡോ.സജികുമാർ. ഹരിപ്പാട് ചിങ്ങോലി സൗപർണ്ണികയിൽ കെ.ശ്രീധരന്റെയും പരേതയായ സരസമ്മയുടെയും മകനാണ്. പാലക്കാട് ചിതലി നവക്കോട് സ്വദേശിയും സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ ന്യൂറോസയന്റിസ്റ്റുമായ ഡോ. ഷീജ നവക്കോട് ആണ് ഭാര്യ.
Content Highlights: Neuroscience, social memory, hippocampus CA2, Sreedharan Sajikumar, Amrita Benoy