ഷാവോമിയുടെ എംഐ 11 അൾട്ര സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിൽ വിൽപന അവസാനിപ്പിക്കുന്നു. വിപണിയിൽ ചില പ്രശ്നങ്ങൾ നേരിട്ട സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം.
2021 ഏപ്രിലിൽ അവതരിപ്പിക്കപ്പെട്ട എംഐ 11 അൾട്ര ഷാവോമിയിൽ നിന്നുള്ള ഏറ്റവും വിലകൂടിയ ഫോൺ ആണ്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഫോൺ വിൽപനയ്ക്കെത്തിക്കാൻ കമ്പനിയ്ക്കായില്ല. ജൂലായിൽ വിൽപന തുടങ്ങിയെങ്കിലും അതിവേഗം തന്നെ സ്റ്റോക്ക് അവസാനിക്കുകയും ചെയ്തു. ഇപ്പോൾ എട്ട് ജിബി റാം 256 ജിബി സ്റ്റോറേജ് പതിപ്പ് ഔദ്യോഗിക വെബ്സൈറ്റിലുൾപ്പടെ വിൽപനയ്ക്കുണ്ട്. എന്നാൽ എംഐ11 അൾട്ര സ്മാർട്ഫോൺ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിർത്തിയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.
വലിയ 6.81 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ, ക്വാൽകോം സ്നാപ്ഡ്രാഗൺ 888, 12 ജിബി വരെ റാം, 512 ജിബി വരെയുള്ള യുഎഫ്എസ് 3.1 സ്റ്റോറേജ്, 5000 എംഎഎച്ച് ബാറ്ററി, 67 വാട്ട് അതിവേഗ ചാർജിങ്, വയർലെസ് ചാർജിങ്, 50 എംപി പ്രധാന ക്യാമറ, 48 എംപി പെരിസ്കോപ് ടെലിഫോട്ടോ ക്യാമറ, 48 എംപി അൾട്രാ വൈഡ് ക്യാമറ, 20 എംപി ഫ്രണ്ട് ക്യാമറ, തുടങ്ങി അതിഗംഭീരവും അത്യാധുനികവുമായ സൗകര്യങ്ങളോടെയാണ് എംഐ 11 അൾട്രാ എത്തിയിരുന്നത്.
എന്തായാലും എംഐ 11 അൾട്രയുടെ പിൻഗാമിയായി പുതിയ ഫോൺ 2022 ൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഷാവോമി ഫോൺ പരമ്പരയിലാവും ഇത് പുറത്തിറങ്ങുക. എംഐ സീരീസ് എന്ന പേര് കമ്പനി ഒഴിവാക്കി ഷാവോമി സീരീസ് എന്നാക്കി മാറ്റിയിരുന്നു. അങ്ങനെ വരുമ്പോൾ പുതിയ ഫോൺ ഷാവോമി 12 അൾട്ര എന്നായിരിക്കും അറിയപ്പെടുക. എംഐ 11 അൾട്രായെ പോലെ ഏറ്റവും കൂടിയ സൗകര്യങ്ങളോടെയാവും ഈ ഫോണും വിപണിയിലെത്തുക.
Content Highlights: Xiaomi Smartphones, Mi Series Phones, Mi 11 Ultra Phone, Expensive