കോഴിക്കോട്: കോവിഡിന്റെ മഹാഭീതിയും അടച്ചിരിപ്പും കഴിഞ്ഞ് വിദ്യാലയത്തിന്റെ ആഹ്ലാദത്തിലേക്കും ആത്മവിശ്വാസത്തിലേക്കും കുട്ടികൾ തിരിച്ചെത്തി. ഇരുപത് മാസങ്ങൾക്കു ശേഷം സംസ്ഥാനത്ത് വിദ്യാലയങ്ങൾ തുറന്നു. വർണബലൂണുകളും സംഗീതവും കൊച്ചസമ്മാനങ്ങളുമായി പ്രിയവിദ്യാലയവും അധ്യാപകരും അവർക്ക് സ്വാഗതമോതി. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. കോട്ടൺഹിൽ യു.പി സ്കൂളിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഏത് പ്രതിസന്ധിയെയും തരണംചെയ്യാനുള്ള മുന്നൊരുക്കങ്ങൾ സർക്കാർ നടത്തിയിട്ടുണ്ടെന്നും രക്ഷിതാക്കൾക്ക് ഒരുവിധത്തിലുമുള്ള ആശങ്കകൾ വേണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുന്നോട്ടുപോകാൻ എല്ലാവരുടെയും പിന്തുണ ലഭിച്ചിട്ടുണ്ട്. ഈ അധ്യയനവർഷം സർക്കാർ സ്കൂളുകളിൽ ആറ് ലക്ഷത്തിലധികം വിദ്യാർഥികൾ പുതുതായി എത്തിയെന്നും മന്ത്രി പറഞ്ഞു.
കർശന മാർഗനിർദേശങ്ങളനുസരിച്ചാണ് സ്കൂളുകൾ തുറക്കുന്നത്. വിദ്യാർഥികളെ സ്വീകരിക്കാൻ സ്കൂളുകൾ തയ്യാറായിക്കഴിഞ്ഞു. അധ്യാപകരും രക്ഷിതാക്കളും സന്നദ്ധസംഘടനകളും ചേർന്നാണ് ക്ലാസ്മുറികളും വിദ്യാലയങ്ങളുടെ പരിസരവും വൃത്തിയാക്കിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഇരിപ്പിടങ്ങൾ സജ്ജീകരിച്ചും ഷിഫ്റ്റുകൾ ഏർപ്പെടുത്തിയുമാണ് ക്ലാസുകൾ നടത്തുക.
എറണാകുളം മുപ്പത്തടം സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കാനെത്തിയവർ| ഫോട്ടോ: വി.കെ അജി/മാതൃഭൂമി
അധ്യാപകർക്കും വിദ്യാർഥികൾക്കുമായി വിശദമായ മാർഗനിർദേശങ്ങളുണ്ട്. അധ്യാപകർക്കുള്ള പരിശീലനങ്ങളും പൂർത്തിയായി. കോവിഡ് അനുയോജ്യ പെരുമാറ്റരീതികൾ വിവരിക്കുന്ന ബോർഡുകൾ, പോസ്റ്ററുകൾ എന്നിവ അധ്യാപകരുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം, കൈ കഴുകുന്ന സ്ഥലം, ശുചിമുറി തുടങ്ങിയിടങ്ങളിൽ നിശ്ചിത അകലത്തിൽ അടയാളപ്പെടുത്തലുകളും ഉണ്ട്.
പാലക്കാട് ഗവൺമെന്റ് മോയൻസ് എൽ.പി സ്കൂളിൽ പ്രവേശനോത്സവത്തിനെത്തിയ കുട്ടികളോട് സംസാരിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ| ഫോട്ടോ: പി.പി രതീഷ്/ മാതൃഭൂമി
ആദ്യ രണ്ടാഴ്ച ഉച്ചവരെയാണ് ക്ലാസുകൾ. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിവസമാണ്. 1000 കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ ആകെ കുട്ടികളുടെ 25 ശതമാനംമാത്രം ഒരുസമയത്ത് സ്കൂളിൽവരുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളെ ബാച്ചുകളായി തിരിച്ചാണ് ക്ലാസുകൾ നടക്കുക. ഓരോ ബാച്ചിനും തുടർച്ചയായി മൂന്നുദിവസം സ്കൂളിൽ വരാം. അടുത്തബാച്ച് അടുത്ത മൂന്നു ദിവസം സ്കൂളിലേക്കെത്തും.
ആലപ്പുഴ ഉപജില്ലാ പ്രവേശനോത്സവം നടക്കുന്ന പുന്നപ്ര ജെ.ബി സ്കൂളിലെ പ്രാർത്ഥന| ഫോട്ടോ: സി. ബിജു/ മാതൃഭൂമി
ഭിന്നശേഷിയുള്ള കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ട. കുട്ടികൾക്കൊപ്പമെത്തുന്ന രക്ഷിതാക്കൾ സ്കൂളിൽ പ്രവേശിക്കാതിരിക്കുന്നതിനും കൂട്ടം കൂടാതിരിക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അസുഖമുള്ള കുട്ടികളും രോഗികളുമായി സമ്പർക്കമുള്ള കുട്ടികളും സ്കൂളിൽ വരേണ്ട. രോഗലക്ഷണം, പ്രാഥമികസമ്പർക്കം, പ്രാദേശികനിയന്ത്രണം എന്നിവയുള്ള സ്ഥലങ്ങളിൽനിന്നുള്ള കുട്ടികളും ജീവനക്കാരും സ്കൂളിൽ ഹാജരാകേണ്ടതില്ല. രണ്ടുഡോസ് കോവിഡ് വാക്സിൻ എടുക്കാത്തവർക്കും സ്കൂളിൽ പ്രവേശനമില്ല.
Content Highlights: School opening kerala, covid 19, kerala schools