കൊച്ചി: ജിയോയും ഗൂഗിളും സംയുക്തമായി രൂപകൽപ്പന ചെയ്ത ജിയോഫോൺ നെക്സ്റ്റ് സ്മാർട്ട്ഫോൺ ദീപാവലി മുതൽ രാജ്യത്തുടനീളം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. 6499 രൂപയാണ് ജിയോഫോൺ നെക്സ്റ്റിന്റെ വില. ഉപയോക്താക്കൾക്ക് 1,999 രൂപ മുൻകൂർ അടച്ച് ബാക്കിയുള്ളത് 18-24മാസത്തെ തവണകളായി അടച്ചും ഫോൺ സ്വന്തമാക്കാം. ഇതിനായി ജിയോ ഫിനാൻസ് സൗകര്യവും നൽകും.
ജിയോഫോൺ നെക്സ്റ്റ്ന് വേണ്ടി നിർമ്മിച്ച ആൻഡ്രോയിഡിന്റെ ഒപ്റ്റിമൈസ് ചെയ്ത പതിപ്പായ പ്രഗതി OS ഫീച്ചർ ചെയ്‌യുന്ന ഇത്തരത്തിലുള്ള ആദ്യത്തെ സ്മാർട്ട്ഫോണാണിത്.
ഉത്സവകാലത്ത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഈ മികച്ച സമ്മാനം എത്തിക്കുന്നതിൽ ഗൂഗിൾ, ജിയോ ടീമുകൾ വിജയിച്ചതിൽ സന്തോഷമുണ്ടെന്നും ഇംഗ്ലീഷിലോ സ്വന്തം ഭാഷയിലുള്ള ഉള്ളടക്കം വായിക്കാൻ കഴിയാത്ത ഇന്ത്യക്കാർക്ക് ജിയോഫോൺ നെക്സ്റ്റിൽ അവരുടെ ഭാഷയിൽ വിവർത്തനം ചെയ്‌യാനും വായിക്കാനും കഴിയുമെന്നും മുകേഷ് അംബാനി പറഞ്ഞു. സുന്ദർ പിച്ചെയെയും ഗൂഗിളിലെ അദ്ദേഹത്തിന്റെ ടീമിനെയും ദീപാവലിക്ക് ഈ അത്ഭുതകരമായ സമ്മാനം നൽകുന്നതിൽ പങ്കാളികളായ ജിയോയിലെ എല്ലാവരെയും മുകേഷ് അംബാനി അഭിനന്ദിച്ചു.
ഇന്റർനെറ്റ് സൃഷ്ടിക്കുന്ന അവസരങ്ങളിൽ നിന്ന് ഇന്ത്യയിലെ എല്ലാവരും പ്രയോജനം നേടണമെന്ന വിശ്വാസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യയ്‍ക്കായി രൂപകൽപ്പന ചെയ്ത താങ്ങാനാവുന്ന വിലയുള്ള സ്മാർട്ട്ഫോണാണ് ജിയോഫോൺ നെക്സ്റ്റെന്ന് സുന്ദർ പിച്ചെ അഭിപ്രായപ്പെട്ടു. ഞങ്ങളുടെ ടീം പല എഞ്ചിനീയറിംഗും ഡിസൈൻ വെല്ലുവിളികളും മറികടന്നാണ് സാധാരണ ജനങ്ങൾക്ക് ഉപയോഗിക്കുവാൻ എളുപ്പമുള്ള ഒരു സ്മാർട്ഫോൺ നിർമ്മിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
content highlights: JioPhone Next price in India announced