ജീവിതശൈലീ രോഗങ്ങൾ കൂടുന്നതിൽ കഴിക്കുന്ന ഭക്ഷണങ്ങൾക്കും പങ്കുണ്ടെന്ന തരത്തിൽ നിരവധി പഠനങ്ങൾ പുറത്തുവന്നിരുന്നു. വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങളിൽ പലതും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇപ്പോഴിതാ അത്തരം ഭക്ഷണസാധനങ്ങളിൽ പലതിലും ചേർക്കുന്ന മായം ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ്. പ്ലാസ്റ്റിക്കിനെ മൃദുവാക്കാൻ ഉപയോഗിക്കുന്ന ഫാലേറ്റ്സ്(Phthalate) എന്ന കെമിക്കലിന്റെ സാന്നിധ്യം വൻകിട ബ്രാൻഡുകളുടെ ബർഗർ, പിസ, ചിക്കൻ വിഭവങ്ങൾ പോലുള്ളവയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് പുതിയ പഠനം.
അമേരിക്കയിലെ പ്രശസ്ത ഭക്ഷണശൃംഖലകളായ മക്ഡൊണാൾഡ്സ്, പിസാ ഹട്ട്, ബർഗർ കിങ്, ടാകോ ബെൽ, ചിപോടെൽ തുടങ്ങിയവയിൽ ഉൾപ്പെടെ നൽകുന്ന ഭക്ഷണ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തലിലേക്ക് എത്തിയിരിക്കുന്നത്. ഫ്രൈസ്, ചിക്കൻ നഗെറ്റ്സ്, ചിക്കൻ ബരിറ്റോസ്, ചീസ് പിസാ തുടങ്ങി അറുപത്തിനാലോളം ഭക്ഷണ സാമ്പിളുകളാണ് ഗവേഷകർ പരിശോധനയ്ക്കെടുത്തത്. ഇവയിൽ എൺപതുശതമാനത്തോളം ഭക്ഷണത്തിലും ഡിഎൻബിപി എന്ന ഫാലേറ്റ് കണ്ടെത്തിയെന്ന് ഗവേഷകർ പറയുന്നു. എഴുപതു ശതമാനത്തോളം ഡിഇഎച്ച്പി എന്ന ഫാതലേറ്റും കണ്ടെത്തുകയുണ്ടായി.
ചിക്കൻ ബരിറ്റോസ്, ചീസ് ബർഗർ തുടങ്ങിയവയിൽ കൂടിയ അളവിലും ചീസ് പിസയിൽ കുറഞ്ഞ അളവിലുമാണ് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇരു കെമിക്കലുകളും പ്രത്യുപാദനത്തെ വരെ ദോഷകരമായി ബാധിക്കുന്നവയാണെന്ന് പഠനത്തിൽ പറയുന്നു.
സൗന്ദര്യവർധക ഉത്പന്നങ്ങൾ, ഡിറ്റർജന്റ്, ഡിസ്പോസിബിൾ ഗ്ലൗവ്സ്, ഫുഡ് പാക്കേജുകൾ തുടങ്ങിയവ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നവയാണ് ഫാലേറ്റുകൾ. പ്ലാസ്റ്റിക്കിനെ മൃദുവും വഴക്കമുള്ളതുമാക്കാൻ സഹായിക്കുന്നവയാണ് ഇവ. പ്രത്യുപാദനത്തെ ബാധിക്കുന്നതു കൂടാതെ ആസ്ത്മ, തലച്ചോറ് സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ എന്നിവയും ഈ കെമിക്കൽ മൂലം ഉണ്ടായേക്കാമെന്ന് പഠനത്തിൽ പറയുന്നു.
ജോർജ് വാഷിങ്ടൺ സർവകലാശാല, സൗത് വെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബോസ്റ്റൺ സർവകലാശാല, ഹാർവാഡ് സർവകലാശാല തുടങ്ങിയവയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ജേർണൽ ഓഫ് എക്സ്പോഷർ സയൻസ് ആൻഡ് എൻവയോൺമെന്റൽ എപിഡെമിയോളജിയിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരു നഗരത്തിൽ നിന്നുള്ള ഭക്ഷണങ്ങൾ മാത്രമാണ് പഠനത്തിനായെടുത്തത്. എങ്കിലും മിക്ക റെസ്റ്ററന്റ് ശൃംഖലകളുടെയും ഭക്ഷ്യനിർമാണ രീതി ഒരേരീതിയിൽ ആയതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഗവേഷകർ പറയുന്നു. പഠനത്തെ ഗൗരവമായി കാണുന്നുവെന്നും പരിശോധിക്കുമെന്നും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വ്യക്തനാക്കി.
Content Highlights: Chemicals Used To Make Detergents, Rubber Gloves Found In McDonald’s, Burger King and Pizza Hut Food