മെറ്റാ പ്ലാറ്റ് ഫോം ഐഎൻസി (പഴയ ഫേയ്സ്ബുക്ക് ഐഎൻസി) ഒരു സ്മാർട് വാച്ച് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഫ്രണ്ട് ക്യാമറയുള്ള ഒരു സ്മാർട് വാച്ചിന്റെ ചിത്രത്തെ അടിസ്ഥാനമാക്കിയാണ് വാർത്ത. ഫെയ്സ്ബുക്കിന്റെ ഐഫോൺ ആപ്പുകളിലിലൊന്നിൽ നിന്നാണ് ഈ ചിത്രം കിട്ടിയതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു.
കർവ്ഡ് എഡ്ജ് ഉള്ള സ്ക്രീനോടുകൂടിയ വാച്ചാണ് ചിത്രത്തിലുള്ളത്. സക്രീനിന് താഴെ മധ്യഭാഗത്തായി ഒരു ക്യാമറയുമുണ്ട്. വാച്ച് നിയന്ത്രിക്കുന്നതിനുള്ള ബട്ടനുകളൊന്നും ഇരു വശങ്ങളിലും കാണുന്നില്ല.
ഫെയ്സ്ബുക്കിന് വാച്ച് പുറത്തിറക്കാനുള്ള പദ്ധതിയുള്ളതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വാച്ചിനെ കുറിച്ചുള്ള കൂടുതൽ സൂചനകൾ നൽകുകയാണ് പുറത്തുവന്ന ചിത്രം.
റെയ്ബാനുമായി ചേർന്ന് അവതരിപ്പിച്ച പുതിയ സ്മാർട് ഗ്ലാസ് നിയന്ത്രിക്കുന്നതിനുള്ള ഫേയ്സ്ബുക്ക് വ്യൂ എന്ന മൊബൈൽ ആപ്ലിക്കേഷനിൽ നിന്നാണ് ഈ ചിത്രം കിട്ടിയത്. ആപ്പ് ഡെവലപ്പറായ സ്റ്റീവ് മോസറാണ് ഇത് കണ്ടെത്തിയത്.
കൺട്രോൾ ബട്ടനുകൾ ഇല്ലാത്തതിനാൽ തന്നെ ഇതൊരു ടച്ച് സ്ക്രീൻ വാച്ച് ആവുമെന്നുറപ്പാണ്. ആപ്പിൾ വാച്ചിന് സമാനമായ ഡിസ്പ്ലേ തന്നെയാണിതിനും.
എന്നാൽ നിലവിൽ വിപണിയിലുള്ള സ്മാർട് വാച്ചുകളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് ആ ക്യാമറയാണ്. ഫിറ്റ്നസ്, ഹെൽത്ത് ട്രാക്കിങ് എന്നതിനേക്കാളുപരി വീഡിയോ കോളുകൾക്കും കോൺഫറൻസിങിനും അത് പ്രയോജനപ്പെടുത്താനാവുമെന്നാണ് കരുതുന്നത്. ആപ്പിൾ വാച്ചിലോ, സാംസങ് വാച്ചുകളിലോ ഇതുവരെ ക്യാമറ അവതരിപ്പിക്കപ്പെട്ടിട്ടില്ല. ഇതിൽ വീഡിയോകൾ പകർത്താനും ചിത്രങ്ങൾ എടുക്കാനും അവ ഫോണിലേക്ക് ഡൗൺലോഡ് ചെയ്‌യാനും സാധിച്ചേക്കും.
കമ്പനിയുടെ ആദ്യ വാച്ച് 2022 തുടക്കത്തിൽ തന്നെ പുറത്തിറങ്ങിയേക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
Content Highlights: Meta’s planned competitor smartwatch to Apple Watch photo leaked