വാഷിങ്ടൺ: സൂര്യനെയല്ലാതെ മറ്റു നക്ഷത്രങ്ങളെ ചുറ്റുന്ന 5000-ത്തോളം ഗ്രഹങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവയെല്ലാം സ്ഥിതി ചെയ്‌യുന്നത് നമ്മുടെ ആകാശഗംഗയായ ക്ഷീരപഥത്തിലാണ്. എന്നാൽ ക്ഷീരപഥത്തിനു പുറത്തുള്ള ആദ്യ ഗ്രഹത്തെ സ്ഥിരീകരിക്കുന്നതിനുള്ള സൂചനകൾ ജ്യോതിശാസ്ത്രജ്ഞർക്ക് ലഭിച്ചു. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ചന്ദ്ര എക്സ്റേ ദൂരദർശിനിയിലൂടെയാണിത്. ലഭിച്ച വിവരങ്ങൾ കൂടുതൽ വിശകലനം ചെയ്താലേ ഗ്രഹമാണെന്ന് അന്തിമമായി ഉറപ്പിക്കാനാവൂ.
യു.എസിലെ ഹാർവാഡ്-സ്മിത്ത്സോണിയൻ സെന്റർഫോർ ആസ്ട്രോഫിസിക്സിലെ ജ്യോതിശാസ്ത്രജ്ഞ റോസന്നെ ഡി സ്റ്റെഫാനോയുടെ നേതൃത്വത്തിലുള്ള സംഘം വേൾപൂൾ ക്ഷീരപഥത്തിൽനിന്നുള്ള എക്സ്റേ തരംഗദൈർഘ്യങ്ങളിലെ വ്യത്യാസങ്ങളെ നിരീക്ഷിച്ചതിന്റെ ഭാഗമായാണ് ഗ്രഹത്തിന്റെ സാന്നിധ്യം കരുതുന്നത്.
- ക്ഷീരപഥത്തിൽനിന്ന് 2.8 കോടി പ്രകാശവർഷം ദൂരെ
- ശനിയുടെ വലുപ്പം മതിക്കുന്ന ഗ്രഹം വേൾപൂൾ ആകാശഗംഗയിൽ
- കണ്ടെത്തിയത് നാസയുടെ ചന്ദ്ര എക്സ്റേ ദൂരദർശിനിയിലൂടെ
ശനിക്ക് സൂര്യനുമായുള്ള അകലത്തെക്കാൾ രണ്ടിരട്ടി ദൂരത്തിൽ ഒരു തമോഗർത്തത്തെയോ വൻ നക്ഷത്രം ക്ഷയിച്ചുണ്ടായ ന്യൂട്രോൺ നക്ഷത്രത്തെയോ ഗ്രഹം ഭ്രമണം ചെയ്‌യുന്നതായും ഗവേഷകർ കണക്കുകൂട്ടുന്നു.
മൈക്രോലെൻസിങ് എന്നുപേരു നൽകിയിരിക്കുന്ന പുത്തൻ സാങ്കേതികവിദ്യ ആകാശഗംഗയ്‍ക്കു പുറത്തുള്ള ഗ്രഹങ്ങളെ കണ്ടെത്താൻ സഹായകമാണെന്ന് റോസന്നെ ഡി സ്റ്റെഫാനോ പറഞ്ഞു. ഭ്രണണപഥം കണക്കാക്കി ഇപ്പോൾ ലഭിച്ച ഗ്രഹത്തിൽ നിന്ന് സമാനമായ സൂചനകൾ ഇനി ലഭിക്കാൻ 70 വർഷം വരെ കാത്തിരിക്കണം എന്നത് ഗവേഷണത്തിലെ ഒരു വെല്ലുവിളിയാണ്.
എന്തെങ്കിലും തരത്തിലുള്ള വാതക പടലത്തിൽപ്പെട്ടാലും എക്സ് റേ തരംഗങ്ങൾ ലഭിക്കുന്നതിൽ വ്യത്യാസമുണ്ടാവും. എന്നാൽ ഇപ്പോഴത്തെ സൂചനയിൽ അതിന് സാധ്യത കുറവാണ്.