കാലിഫോർണിയ: വിദ്വേഷ പ്രചരണങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും ഫെയ്സ്ബുക്കിന് അറിയാമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഒരു വിസിൽ ബ്ലോവർകൂടി രംഗത്തെത്തി. ഫെയ്സ്ബുക്കിലെ ഇന്റഗ്രിറ്റി ടീമിലെ അംഗമായിരുന്നു ഇയാൾ. വാഷിങ്ടൺ പോസ്റ്റുമായി സംസാരിച്ച ഇയാൾ തന്റെ വെളിപ്പെടുത്തലുകൾ യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഡൊണാൾഡ് ട്രംപിനേയും അദ്ദേഹത്തിന്റെ അനുകൂലികളെയും രോഷാകുലരാക്കുമെന്ന് ഭയന്നും കമ്പനിയുടെ വളർച്ചയ്‍ക്ക് വേണ്ടിയും സുരക്ഷാ നിയമങ്ങൾ നടപ്പാക്കുന്നതിൽ ഫേസ്ബുക്ക് ഉദ്യോഗസ്ഥർ വിമുഖത കാണിച്ചിരുന്നുവെന്ന് ഇയാൾ തന്റെ സത്യവാങ്മൂലത്തിൽ വിശദമാക്കുന്നു.
2016 ലെ തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടെന്ന ആരോപണങ്ങളെ ഫെയ്സ്ബുക്കിന്റെ കമ്മ്യൂണിക്കേഷൻ ഉദ്യേഗസ്ഥനായ ടക്കർ ബൗണ്ട് ലാഘവത്തോടെ തള്ളിക്കളയുകയാണുണ്ടായത് എന്ന് ഇയാൾ പറയുന്നു.
ചില പ്രതിനിധികൾ അസ്വസ്ഥരാവും. കുറച്ചാഴ്ചകൾ കഴിഞ്ഞാൽ അവരുടെ ശ്രദ്ധ മറ്റെന്തിലേക്കെങ്കിലും മാറും. അതേസമയം നമ്മൾ അടിത്തട്ടിൽ പണം നേടുകയാണ്. നമ്മൾ സുരക്ഷിതരാണ്. എന്ന ടക്കർ ബൗണ്ടിന്റെ വാക്കുകളും വിസിൽ ബ്ലോവർ തന്റെ സത്യവാങ്മൂലത്തിൽ എടുത്തുപറയുന്നുണ്ട്.
അടുത്തിടെ ഫെയ്സ്ബുക്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്ന ഫ്രാൻസിസ് ഹ്യൂഗന്റെ വെളിപ്പെടുത്തലുകൾക്ക് അടിവരയിടുന്നതാണ് പുതിയ വിസിൽ ബ്ലോവറുടെ വാക്കുകൾ.
2020 ലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിയ്‍ക്കാൻ ഡൊണാൾഡ് ട്രംപ് ശ്രമിക്കുന്നതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് ജീവനക്കാർ തന്നെ ആശങ്ക ഉന്നയിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം അമേരിക്കയിൽ ഫെയ്സ്ബുക്കിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട രാഷ്ട്രീയ ഉള്ളടക്കങ്ങളിൽ 10 ശതമാനവും തിരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന ഡൊണാൾഡ് ട്രംപും അനുകൂലികളും പ്രചരിപ്പിച്ച തെറ്റായ ആരോപണങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകളാണെന്ന് ഫെയ്സ്ബുക്കിലെ ഒരു ഡാറ്റാ സയന്റിസ്റ്റ് കണ്ടെത്തിയിരുന്നു.
ഫെയ്സ്ബുക്കിന്റെ റെക്കമെന്റേഷൻ ടൂളുകൾ ഉപഭോക്താക്കളെ നിരന്തരം തീവ്രവാദ ഗ്രൂപ്പുകളിലേക്ക് എത്തിക്കുന്നതായി ഫെയ്സ്ബുക്കിന്റെ തന്നെ ഗവേഷകർ കണ്ടെത്തിയിരുന്നു. ഈ മുന്നറിയിപ്പുകളെല്ലാം കമ്പനിയിലെ മാനേജർമാരും ഉദ്യോഗസ്ഥരും അവഗണിക്കുകയായിരുന്നു.
ഫോക്സ് ന്യൂസ്, ഡൊണാൾഡ് ട്രംപ് എന്നിവ താൽപര്യങ്ങളായി ഉൾപ്പെടുത്തി ഫെയ്സ്ബുക്കിലെ ഒരു ഗവേഷകൻ നിർമിച്ച കാരോൾ സ്മിത്ത് എന്ന പേരിലുള്ള വ്യാജ അക്കൗണ്ടിലേക്ക് രണ്ട് ദിവസത്തിനുള്ളിൽ തന്നെ അമേരിക്കയിലെ തീവ്ര വലതുപക്ഷ വിഭാഗങ്ങൾക്കിടയിൽ പ്രചരിപ്പിക്കപ്പെടുന്ന ഗൂഡാലോചന സിദ്ധാന്തം മായ ക്യു അന്നാനുമായി ബന്ധപ്പെട്ട ഗ്രൂപ്പുകൾ നിർദേശിക്കപ്പെട്ടത് അതിന് ഉദാഹരണമാണ്.
അതേസമയം, തിരഞ്ഞെടുപ്പിന് മുമ്പ് സുരക്ഷയ്‍ക്കും തീവ്രവികാരമുണർത്തുന്ന ഉള്ളടക്കങ്ങൾ പരിമിതപ്പെടുത്തുന്നതിനുമായി അൽഗൊരിതത്തിൽ ചിലമാറ്റങ്ങൾ വരുത്തിയിരുന്നതായി ഫ്രാൻസിസ് ഹ്യൂഗൻ പറയുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ പഴയതിലേക്ക് തന്നെ മാറുകയായിരുന്നു.
സുരക്ഷയ്‍ക്ക് വേണ്ടി അൽഗൊരിതത്തിൽ മാറ്റം വരുത്തിയാൽ ആളുകൾ സൈറ്റിൽ ചിലവഴിക്കുന്ന സമയം കുറയുമെന്നും പരസ്യങ്ങളിൽ ക്ലിക്ക് ചെയ്‌യുന്നത് കുറയുമെന്നും ഫെയ്സ്ബുക്കിന് ലഭിക്കുന്ന കാശിൽ കുറവുണ്ടാകുമെന്നും മനസിലാക്കിയതിനാലാണ് അൽഗൊരിതം പഴയപടിയാക്കാൻ ഫെയ്സ്ബുക്ക് തീരുമാനിക്കാൻ കാരണമെന്നും ഹ്യൂഗൻ അമേരിക്കൻ അധികൃതർക്ക് മുന്നിൽ പറയുകയുണ്ടായത്.
Content Highlights: New whistleblower raises new claims against facebook