ന്യൂഡൽഹി > ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനം മുൻനിർത്തി ശ്രീനഗറിലും താഴ്വരയിലും ഏർപ്പെടുത്തിയ സുരക്ഷാസന്നാഹങ്ങളിൽ വലഞ്ഞ് കശ്മീർ ജനത. അമിത് ഷാ താമസിക്കുന്ന ഗുപ്കാർ റോഡിലെ രാജ്ഭവന് 20 കി. മീ ചുറ്റളവ് ആർക്കും പുറത്തിറങ്ങാൻ പോലും ആകാത്ത വിധംസുരക്ഷാവലയത്തിലാണ്. നഗരത്തിൽ ഇരുചക്രവാഹനം അനുവദിക്കുന്നില്ല.
പൊലീസ് നൂറുക്കണക്കിന് ബൈക്കുകൾ പിടിച്ചെടുത്തു. മറ്റ് വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെയും കാൽനടക്കാരെയും കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നു. പലയിടത്തും ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു.
ഇതരസംസ്ഥാനക്കാരെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുള്ള ഭീകരാക്രമണം വർധിച്ചതിനു പിന്നാലെയാണ് അമിത് ഷായുടെ സന്ദർശനം. അമിത് ഷായുടെ നേതൃത്വത്തിൽ ശ്രീനഗറിൽ ചേർന്ന ഉന്നത യോഗം ജമ്മു –- കശ്മീരിലെ സുരക്ഷാസ്ഥിതി വിലയിരുത്തി. ഇന്റലിജൻസ് ബ്യൂറോ, ബിഎസ്എഫ്, സിആർപിഎഫ് തലവൻമാരും ജമ്മു–-കശ്മീർ ഡിജിപിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. രാജ്ഭവനിൽ ചേർന്ന യോഗം അഞ്ച് മണിക്കൂറോളം നീണ്ടു. ഞായറാഴ്ച ജമ്മുവിലേക്ക് പോകുന്ന അമിത് ഷാ ശ്രീനഗറിലേക്ക് തന്നെ മടങ്ങും. തിങ്കളാഴ്ച സർപഞ്ചുമാരുമായി കൂടിക്കാഴ്ച നടത്തും.