മലയാളത്തിൽ പ്രയോഗം കൊണ്ട് വിലോപ സൂചനയാണ് കുളംതോണ്ടുക, കുളം കുത്തുക എന്നീ വാക്കുകൾ സാധാരണഗതിയിൽ വിനിമയം ചെയ്യുന്നത്. എന്നാൽ, നാശത്തെ സൂചിപ്പിക്കുന്ന ആ പ്രവൃത്തികളിലൂടെ ഒരു നാടിന് മാറ്റത്തിന്റെ നീരൊഴുക്ക് സൃഷ്ടിച്ച് അനുഭവമാണ് കാട്ടാക്കട രേഖപ്പെടുത്തുന്നത്. വിയോജിപ്പുകൾക്കപ്പുറം ചില ഒഴുകിപോകാത്ത ചില അനുഭവങ്ങളെ കാട്ടാക്കട നിയമസഭാ മണ്ഡലത്തിൽ കണാനാകാം. ചുരുക്കി പറഞ്ഞാൽ ഒരുനാടിനെ കുളം കുഴിച്ച് കരയ്ക്കപ്പടുപ്പിച്ച കഥയാണ് കാട്ടാക്കട ലോകത്തോട് പറയുന്നത്.
വെള്ള ക്ഷാമം, എന്നത് കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തെ സംബന്ധിച്ച് പുതിയ കാര്യമല്ലാതായി കഴിഞ്ഞു. കനത്തമഴ ലഭിച്ചാലും പിന്നാലെ വരുന്നത് കുടിവെള്ളക്ഷാമത്തിന്റെ കഥകളായിരിക്കും. 2018ലും 2019ലും കേരളം കണ്ട് പ്രളയങ്ങൾക്ക് ശേഷവും 2020ലെ കനത്ത മഴക്കാലത്തിന് ശേഷവുമൊക്കെ ഇതേ കുടിവെള്ള ക്ഷാമം കേരളത്തിലെ പലയിടത്തും അനുഭവിച്ചു. വെള്ളം ഉയർന്ന് പൊങ്ങിയ ദേശങ്ങൾ പലതും തൊട്ടുപിന്നാലെ കടുത്ത വരൾച്ചയുടെ കാഠിന്യം അനുഭവിച്ചു. നാല് വർഷം മുമ്പ് വരെ കേരളത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് വരൾച്ചയായിരുന്നു. ഇപ്പോഴും എല്ലാവർഷവും കനത്തമഴയും വെളപ്പൊക്കവും ഒക്കെ സംഭവിച്ചിട്ടും അതിന് പിന്നാലെ കേരളത്തിലെ വരൾച്ചാ ദുരിതം ഒഴിഞ്ഞിട്ടില്ല.
കേരളത്തിലെയും പശ്ചിമഘട്ടം വരുന്ന മറ്റ് സംസ്ഥാനങ്ങളുടെയും വികസന കാഴ്ചപ്പാടുകൾ ഈ കുടിവെള്ള ക്ഷാമത്തിന് ഒരുപരിധിവരെ കാരണമായിട്ടുണ്ട്. അതുപോലെ കാലാവസ്ഥാ വ്യതിയാനവും അതുയർത്തുന്ന വെല്ലുവിളികളും കേരളത്തെയും ബാധിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രാദേശികമായി നമ്മൾ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും നിർമ്മാണങ്ങളുമൊക്കെ കേരളത്തിലെ കുടിവെള്ള ക്ഷാമത്തിന് വഴിയൊരുക്കിയിട്ടുണ്ട് എന്നിങ്ങനെ വിവിധതലങ്ങളിലുള്ള വിലയിരുത്തലുകൾ പലരും മുന്നോട്ട് വച്ചിട്ടുണ്ട്. ഏകപക്ഷീയമോ ഇരട്ടവാദമോ അല്ല കേരളത്തിലെ ജല പ്രതിസന്ധിയുടെ കാരണങ്ങളുടെ അടിസ്ഥാനമോ പരിഹരാമോ എന്ന് അനുഭവങ്ങളിലൂടെ അടയാളപ്പെടുത്തുകയാണ് ഈ പ്രദേശം.
കേരളത്തിൽ പൊതുവിലും വേനൽക്കാലത്ത് പ്രത്യേകിച്ചും കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശങ്ങൾ തലസ്ഥാനനഗരിയോട് ചേർന്ന് തന്നെ ഉണ്ട്. പലയിടത്തും മഴ പെയ്ത് തോരുന്നതിന് ഒപ്പം ജലക്ഷാമവും നേരിടുന്ന സ്ഥിതിയാണ്. ഇത് തിരുവനന്തപുരത്ത് മാത്രം കാണുന്ന പ്രതിഭാസമല്ലെന്നാണ് കേരളത്തിലെ കുടിവെള്ള ക്ഷാമം സംബന്ധിച്ച പ്രാദേശിക തലത്തിൽ നിന്നുള്ള വാർത്തകളും സൂചിപ്പിക്കുന്നത്.
കേരളത്തിൽ കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള മാർഗങ്ങൾ പലരും പലവിധത്തിൽ പലയിടങ്ങളിൽ അന്വേഷിക്കുന്നുണ്ട്. കുറേ വർഷങ്ങളായി ജലക്ഷാമ പരിഹാരത്തിനായി നടത്തുന്ന അന്വേഷണങ്ങളിൽ പുതിയൊരു മാതൃക മുന്നോട്ട് വച്ചതാണ് കാട്ടാക്കട നിയമസഭാ മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതി.
തിരുവനന്തപുരം ജില്ലയിൽ മലയോരം കൂടി ചേർന്ന് വരുന്ന കാട്ടാക്കട മണ്ഡലം കഴിഞ്ഞ ഏറെ നാളുകളായി കുടിവെള്ള ക്ഷാമം നേരിടുന്നപ്രദേശമാണ്. കാട്ടാക്കട എന്ന പേരിൽ നിയമസഭാ മണ്ഡലമാകുന്നതിന് മുമ്പ് തന്നെ ഈ പ്രദേശത്തെ പഞ്ചായത്തുകൾ വേനൽക്കാലത്ത് കടുത്ത കുടിവെള്ള ക്ഷാമം നേരിട്ടിരുന്നു. ഏകദേശം ഇരുപത് വർഷത്തിലേറെയായി കാട്ടാക്കട പ്രദേശം നേരിട്ടിരുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വെള്ളക്ഷാമം, തിരുവനന്തപുരം ജില്ലയിലെ രണ്ട് പ്രധാന നദികളായ നെയ്യാറും കരമനയാറും ഒഴുകുന്ന പ്രദേശങ്ങളാണിവിടുത്തെ പഞ്ചായത്തുകൾ. നിരവധി കുളങ്ങളും അരുവികളും ഉണ്ടായിരുന്ന ഈ പ്രദേശം തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട കാർഷികമേഖലകൾ കൂടി ഉൾപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ ജലക്ഷാമം ആ പ്രദേശങ്ങളിലെ സാമൂഹിക, സാമ്പത്തിക ജീവിതത്തെയും ബാധിച്ചു. വ്യക്തിഗത ആരോഗ്യത്തിനും പ്രതികൂലാവസ്ഥ സൃഷ്ടിച്ചിരുന്നു.
കാട്ടാക്കട, മാറന്നെല്ലൂർ, വിളപ്പിൽ, പള്ളിച്ചൽ, വിളവൂർക്കൽ, മലയിൻകീഴ് ആറ് പഞ്ചായത്തുകളാണ് ഈ മണ്ഡലത്തിൽ ഉൾപ്പെടുന്നത്. 2011 ലെ സെൻസസ് പ്രകാരം കാട്ടക്കട മണ്ഡലത്തിലെ ജനസംഖ്യ 2, 27,540 ആണ്. ഇതിൽ 1,16,162 സ്ത്രീകളും 1, 11,378 പുരുഷന്മാരുമുണ്ട്. ഇതിൽ പട്ടിക ജാതി വിഭാഗത്തിൽപ്പെട്ടവരുടെ ജനസംഖ്യ 25093ഉം പട്ടികവർഗ വിഭാഗത്തിപ്പെട്ടവർ 776 ഉം ആണ് ഈ മണ്ഡലത്തുള്ളത്.
കാൽ നൂറ്റാണ്ട് മുമ്പ് ഇന്ന് കാട്ടക്കാട മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലാകെ 1291. 31 ഹെക്ടർ നെൽവയലായിരുന്നു. അതിൽ വയൽ നികത്തി നിർമ്മാണ പ്രവർത്തനം, മറ്റ് കൃഷികളിലേക്കുള്ള മാറ്റം എന്നിവ പലകാരണങ്ങളാൽ ഇവിടെയുണ്ടായി. അങ്ങനെ നെൽകൃഷി കുത്തനെ കുറഞ്ഞു.
ഈ പ്രദേശത്ത് മൊത്തം വിസ്തൃതിയുടെ ഒരു ശതമാനത്തിൽ താഴെയായി നെൽകൃഷി ചുരുങ്ങിയതായി ഭൂവിനിയോഗ ബോർഡിന്റെ കണക്കുകൾ കാണിക്കുന്നു. ആ കണക്ക് അനുസരിച്ച് 104 .67 ഹെക്ടർ, അതായത് കാട്ടാക്കട നിയോജകമണ്ഡലത്തിന്റെ മൊത്തം വിസ്തൃതിയുടെ 0.92 ശതമാനം മാത്രമായി നെൽകൃഷി ചുരുങ്ങി. മുൻപ് നെൽകൃഷി ചെയ്തിരുന്ന വയലിൽ 20.60 ഹെക്ടർ 0.18 ശതമാനം തരിശിട്ടിരിക്കുകയാണ്. വയൽ നികത്തി നിർമ്മാണ പ്രവർത്തനം നടത്തിയിട്ടുള്ള 32 .10 ഹെക്ടറാണ്. അതായത് 0.28 ശതമാനം.
ഇനി വയൽ നികത്തി മറ്റ് കൃഷി ചെയ്തതിന്റെ കണക്ക് ഇങ്ങനെയാണ്: തെങ്ങ് വെക്കാനായി നികത്തിയ വയൽ 194.92 ഹെക്ടർ, മരിച്ചീനി, വാഴ തുടങ്ങിയ വിളകൾക്കായി (വാർഷിക വിളകൾ) 353.13 ഹെക്ടർ, മിശ്രിത വിളകൾക്കായി 587. 79 ഹെക്ടറും മാറ്റി. 123. 37 ശതമാനം വയൽ നികത്തിയത് റബ്ബർ കൃഷിക്കായിരുന്നു.
കാട്ടാക്കട മണ്ഡലത്തിൽ നിലവിൽ പ്രധാന കൃഷി മിശ്രിത കൃഷിയാണ്. ഇത് ഭൂവിസ്തൃതിുടെ 34. 06 ശതമാനം അതായത് 3875. 95 ഹെക്ടർ വരും. 5588 ഹെക്ടറിൽ തെങ്ങും 25. 53 ശതമാനം അതായത് 2904. 41 ഹെക്ടർ പ്രദേശത്ത് റബ്ബറും കൃഷി ചെയ്യുന്നു.
അതായത് 1291 .31 ഹെക്ടർ സ്ഥലത്ത് നെൽകൃഷിയുണ്ടായിരന്ന ഭൂവിഭാഗത്തിൽ അതിന്റെ ഒരു ശതമാനത്തിൽ താഴെയായി താഴ്ന്ന വഴികളാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. ഈ പ്രദേശത്ത് നിർമ്മാണ പ്രവർത്തനം വളരെ വേഗം വർദ്ധിച്ചു. നിർമ്മിതി പ്രദേശങ്ങളുടെ വർദ്ധനവ് കൂടുകയും ചെയ്തു എന്നതു കൂടി ഇതോടൊപ്പം കാണുമ്പോഴാണ് നെൽ വയൽ അപ്രത്യക്ഷമായത് എങ്ങനെ എന്ന് മനസിലാകുക.
വിവിധ തരം പ്രവർത്തനങ്ങളുടെ ആഘാതത്തിന് ശേഷവും കാട്ടാക്കട മണ്ഡലത്തിലെ മൊത്തം വിസ്തൃതിയുടെ 110 ഹെക്ടറിലേറെ സ്ഥലം കുളങ്ങൾ, നദി, തോട്, കനാൽ എന്നിവ വഴി ജലമുള്ള പ്രദേശമാണ്. എന്നിട്ടും ഈ പ്രദേശം കടുത്ത ജലക്ഷാമം അടുത്തകാലം വരെ നേരിട്ടിരുന്നത്. കുടിവെള്ള ക്ഷാമവും ജലദൗലഭ്യമം മൂലം ഉണ്ടായ കൃഷിക്കുറവുമെല്ലാം ഓർമ്മകളിലേക്ക് മാറ്റി ഒഴുകുകയാണ് ഇന്ന് കാട്ടാക്കടയിൽ നിന്നുള്ള വർത്തമാനം.
ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കാട്ടാക്കട പ്രദേശത്ത് ജല ലഭ്യത വർദ്ധിച്ചതായും അതുകാരണം കാർഷികമേഖലയിൽ പ്രത്യേകിച്ച് നെൽകൃഷി മേഖലയിൽ ഉണർവ്വുണ്ടായതായി സർക്കാർ ഏജൻസികളുടെ കണക്കുകൾ വ്യക്തമാക്കുന്നു. കാട്ടാക്കട നിയോജകമണ്ഡലത്തിലെ മൊത്തം വിസ്തതിയുടെ 13.93 ശതമാനത്തോളം വിവിധ നിർമ്മിതകളുള്ള പ്രദേശമാണ്. ഏകദേശം 1, 585.86ഹെക്ടർ വരുമിത്. വാണിജ്യം, ഗാർഹികം, വ്യവസായം എന്നിങ്ങനെ വിവിധ നിർമ്മിതികൾ ഒറ്റയ്ക്കോ സമ്മിശ്രമമായ ഉള്ള പ്രദേശമാണ് ഇത്രയും.
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന എസ്റ്റാബ്ലിഷ്മെന്റ് ഓഫ് ആൻ ഏജൻസി ഫോർ റിപ്പോർട്ടിങ് അഗ്രികൾച്ചർ സ്റ്റാറ്റിസ്റ്റിക്സ് ( ഇഎആർഎഎസ്) പദ്ധതിപ്രകാരം ശേഖരിച്ച വിവരത്തിലാണ് കാട്ടാക്കടയിൽ നെൽകൃഷി വർദ്ധിച്ചതായി കാണുന്നത്. ഈ സർവേ പ്രകാരം കാട്ടാക്കട നിയമസഭാ മണ്ഡലത്തിലെ ആകെ ഭൂ വിസ്തൃതി 27, 530 ഹെക്ടറാണ്. ഇതിൽ ആറ് പഞ്ചായത്തുകളിലും കൂടിയായി 1406 ഹെക്ടർ നിലം ഭൂമിയും 26,124 ഹെക്ടർ കരഭൂമിയും ആണ് ഉള്ളത്. 2019-20 വർഷത്തിൽ കാട്ടാക്കട നിയോജകമണ്ഡലത്തിൽ 6.74 ശതമാനം ഹെക്ടറിൽ നെൽ കൃഷി നടന്നു. 2016-17 വർഷത്തെ അപേക്ഷിച്ച് രണ്ടര ശതമാനം (2.5%) അധികം ഭൂമിയിലാണ് നെൽകൃഷി നടന്നതെന്ന് ഈ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു.
നെൽകൃഷിയിൽ വർദ്ധനവ് കാണിക്കുമ്പോൾ 2016-17 മുതൽ 2018-19ലവരെുള്ള കാലയലവളിൽ മറ്റ് കൃഷികളുടെ വിസ്തൃതിയിൽ അതേ പാതയല്ല പിന്തുടർന്നത്. കാട്ടാക്കടയിലെ പ്രധാന കൃഷികളിലൊന്ന് തെങ്ങ് ആണ്. പിന്നെ കവുങ്ങ്, കശുമാവ്, കുരുമുളക്, പ്ലാവ്, മാവ്, റബർ തുടങ്ങിയവയാണ്. ഇവയുടെ കൃഷി വിസ്തൃതിയിൽ അവയുടെ കാലാനുസൃതമായ തോതിൽ നേരിയ ഏറ്റക്കുറച്ചിലുകളാണ് കാണിക്കുന്നതെന്നും സർവേ റിപ്പോർട്ട് പറയുന്നു.
വെള്ളം ഇല്ലാത്തിനാൽ നെല്ലിൽ നിന്നും മാറി മറ്റ് കൃഷികളിലേക്ക് പോയവർ തിരികെ വന്നത് നെൽകൃഷി കൂടിയതിന് ഒരു കാരണമാകാം എന്ന് ഈ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ അംഗങ്ങളായ പലരും അഭിപ്രായപ്പെട്ടു.
ജലസമൃദ്ധി പദ്ധതിയിലുൂടെ കൂടുതൽ കുളങ്ങളും അരുവികളും ഉപയോഗയോഗ്യമാക്കിയതും കനാലുകളിലൂടെ വെള്ളമൊഴുക്ക് ഉണ്ടായതുമൊക്കെ കൃഷിക്ക് സഹായകരമായതായി കർഷകരായ പലരും അഭിപ്രായപ്പെട്ടു. കാർഷിക മേഖലയിൽ നിന്നും ആളുകൾ വിട്ടുനിൽക്കുന്ന സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങൾ പലതുണ്ടെങ്കിലും ജലക്ഷാമം അതിന് പ്രധാന കാരണമായിരുന്നു. എന്നാൽ ജലസമൃദ്ധി പദ്ധതിക്ക് ശേഷം പലയിടങ്ങളിലും പഴയതുപോലെ ജലക്ഷാമം ഇല്ലെന്നത് കൃഷികാർക്ക് ആശ്വാസമാണെന്നായിരുന്നു വിവിധ പഞ്ചായത്തുകളിലെ കൃഷിക്കാരിൽ നിന്നും പൊതുവെ ഉയർന്ന അഭിപ്രായം.
എന്നാൽ, ഇതിന് കടകവിരുദ്ധമായ അഭിപ്രായവും അനുഭവമാണ് പള്ളിച്ചൽ സംഘമൈത്രി ചെയർമാനും കർഷകനുമായ ബാലചന്ദ്രൻ നായർ പങ്കുവച്ചത്. സിപിഐ സ്ഥാനാർത്ഥിയായി ബ്ലോക്ക് പഞ്ചായത്ത് അംഗമായും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും മുൻപ് പ്രവർത്തിച്ചിരുന്ന വ്യക്തിയുമാണ് ബാലചന്ദ്രൻ നായർ.
എന്നാൽ, ഇതിന് കടകവിരുദ്ധമായ അഭിപ്രായമാണ് കൊല്ലോഡ് വാർഡിലെ പഞ്ചായത്ത് അംഗമായിരുന്ന സുനിതയുടെ അവകാശവാദത്തിലുള്ളത്. കാട്ടാക്കട പഞ്ചായത്തിലെ കൊല്ലോട് വാർഡിൽ ഒരു കാലത്ത് നെൽകൃഷി സജീവമായി നടന്നിരുന്നു. എന്നാൽ, ജലക്ഷാമത്തെ തുടർന്ന് കൃഷി ഏതാണ്ട് പൂർണ്ണമായും ഇല്ലാതായി. കഴിഞ്ഞ വർഷത്തെ കണക്ക് പരിശോധിച്ചാൽ ഏഴ് ഏക്കറിൽ നെൽകൃഷി ആരംഭിച്ചതായി കാണാം. ഇത് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ജലലഭ്യത ഉണ്ടായതിനെ തുടർന്നുള്ള മാറ്റമാണെന്നാണ് സുനിതയുടെ വാദം.
കൃഷിക്കാരോട് ആലോചിച്ചിട്ടല്ല ഈ പദ്ധതി നടപ്പാക്കുന്നത് എന്നതാണ് അദ്ദേഹം മുന്നോട്ട് വച്ച പ്രധാന വിമർശനം. ഈ ആരോപണത്തിന് സ്വന്തം കൃഷിടത്തെയും സമീപപ്രദേശങ്ങളെയും അടിസ്ഥാനമാക്കിയാണ് അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചത്. തന്റെ കൃഷിയിടത്തോട് ചേർന്ന പലയിടങ്ങളിലും കനാലുകൾ മാലിന്യം നിറഞ്ഞ് വെള്ളമൊഴുക്കില്ലാതെ കിടക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ വെള്ളം കൃഷിയിടങ്ങളിലേക്ക് വരുന്നില്ലെന്ന് താൻ കൃഷി ചെയ്യുന്ന സ്ഥലത്തിന് സമീപത്ത് മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്ന തോട് കാണിച്ചുതന്നുകൊണ്ട് ബാലചന്ദ്രൻ നായർ പറഞ്ഞു. ഇവിടെ പദ്ധതി നടപ്പാക്കുന്നത് പ്രചാരണങ്ങളിൽ മാത്രമാണെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. കണ്ണടച്ചോ രാഷ്ട്രീയമായിട്ടോ ഉള്ള വിമർശനമല്ല ഉന്നയിക്കുന്നതെന്നും യാഥാർത്ഥ്യം കാണാതെ പോകരുത് എന്നതുമാണ് എതിരഭിപ്രായത്തിന് കാരണം. സ്വാനുഭവത്തെ അടിസ്ഥാനമാക്കി പറഞ്ഞാൽ ജലസമൃദ്ധി പദ്ധതി കർഷകർക്ക് പ്രയോജനം ചെയ്യുന്നില്ല എന്ന നിലപാട് ആണ് തനിക്കുള്ളതെന്ന് അദ്ദേഹം ആവർത്തിച്ചു.
ആ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തെ കുറിച്ച് നിരവധി മേഖലകളിലുള്ളവരുമായി സംസാരിച്ചു. പൊതുവിൽ ജലസമൃദ്ധി പദ്ധതി സംബന്ധിച്ച് സർക്കാർ ഏജൻസികൾ മുന്നോട്ട് വെക്കുന്ന കണക്കുകളെ ശരിവെക്കുന്നതാണ് അവരിൽ ഭൂരിപക്ഷത്തിന്റെയും വാക്കുകളിൽ തെളിഞ്ഞു നിന്നത്. എന്നാൽ, അതിനെതിരായ നിലപാട് വ്യക്തമാക്കിയ അപൂർവ്വം ചിലരുമുണ്ടായിരുന്നു.
കുടിവെള്ളലഭ്യതയുടെ ഏറ്റവും വലിയ മാതൃകയായി ജലസമൃദ്ധി ഉയർത്തിക്കാട്ടപ്പെട്ടതിലെ തുടക്കം ഒരു സ്കൂളിൽ നിന്നായിരുന്നു. ജലക്ഷാമം കാരണം കാട്ടാക്കട മണ്ഡലത്തിലെ കുളത്തുമ്മൽ സ്കൂളിലെ പ്രധാന അധ്യാപികയായിരുന്ന വി. രാധാലക്ഷ്മി ടീച്ചർ ഇതേ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.
” ഈ സ്കൂളിലേക്ക് മാറ്റം കിട്ടിയപ്പോൾ മറ്റ് പല അധ്യാപകരെ പോലെ ഞാനും മടിച്ചു. തുള്ളി കുടിവെള്ളം പോലും കിട്ടാത്ത സ്കൂൾ എന്നായിരുന്നു ഈ ഹയർ സെക്കൻഡറി സ്കൂളിനെ കുറിച്ചുള്ള പേരുദോഷം. ഇവിടെയിപ്പോൾ വറ്റാത്ത ജലസമൃദ്ധിയാണ്. നിറഞ്ഞ കിണർപോലെ നിറഞ്ഞ മനസോടെയാണ് ഞാൻ ഇവിടെ നിൽക്കുന്നത്,” എന്ന് ജലസമൃദ്ധിയുമായി ബന്ധപ്പെട്ട പരിപാടിയിൽ രാധാലക്ഷ്മി ടീച്ചർ പറഞ്ഞപ്പോൾ അതൊരു പദ്ധതിയുടെ വിജയം മാത്രമായിരുന്നില്ല. പല തലമുറകളുടെ ജീവിത പ്രതീക്ഷകളുടെ നിറവ് കൂടെയായിരുന്നു.
അഞ്ചാംക്ലാസ് മുതൽ പ്ലസ് ടുവരെ ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്ന സ്കൂളാണ് എത്രയോ വർഷങ്ങളായി കുടിവെള്ളക്ഷാമം കൊണ്ട് വലഞ്ഞിരുന്നത്. അവിടെയാണ് ജലസമൃദ്ധി പദ്ധതി മാറ്റത്തിന്റെ മണി മുഴക്കിയത്. എന്ന് ഇപ്പോൾ എറണാകുളത്ത് മകൾക്കൊപ്പം താമസിക്കുന്ന രാധാലക്ഷ്മി ടീച്ചർ വിലയിരുത്തുന്നു.
“2017 മുതൽ 2019 വരെയായിരുന്നു കുളത്തുമ്മൽ ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലായി ഞാൻ ജോലി ചെയ്തിരുന്നത്. 2017 ലെ അവധിക്കാലത്താണ് ആ സ്കൂളിലേക്ക് സ്ഥലം മാറിവന്നത്. പെൺകുട്ടികളും ആൺകുട്ടികളും പഠിക്കുന്ന സ്കൂളാണത്. അവിടെ ഞാനെത്തുമ്പോൾ കടുത്ത കുടിവെള്ള ക്ഷാമമാണ് നിലനിന്നിരുന്നത്. 2017ലെ സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് ഒരുപരിപാടിയിൽ പങ്കെടുക്കാൻ എം എൽ എയായ ഐ ബി സതീഷ് അവിടെ എത്തി. അദ്ദേഹത്തോട് ഈ വിഷയം പറഞ്ഞു. അദ്ദേഹമാണ് കിണർ റീച്ചാർജിങ് എന്ന ആശയം നടപ്പാക്കുന്ന കാര്യവും അത് ഈ സ്കൂളിൽ ഉദ്ഘാടനം ചെയ്യാമെന്നും പറഞ്ഞു. അങ്ങനെ പദ്ധതി നടപ്പായി. ആ വർഷം മഴ കിട്ടിയതും കിണറിൽ വെള്ളം നിറഞ്ഞതും അത് അങ്ങനെ വേനൽക്കാലത്തും വെള്ളമുള്ള കിണർ ഞങ്ങളുടെ മനസും നിറച്ചു. ശരിക്കും 2017 മുതൽ 2019ൽ നിന്നും ആ സ്കൂളിൽ നിന്നും വിരമിക്കുന്നത് വരെ അവിടെ വെള്ളക്ഷാമം ഉണ്ടായില്ല. കിണറിൽ എല്ലാക്കാലത്തും വെള്ളമുണ്ടായിരന്നു. ജലസമൃദ്ധി പദ്ധതിയുടെ ഗുണഫലം നേരിട്ട് അനുഭവിച്ചതും അറിഞ്ഞതുമായ ഒരാളാണ് ഞാൻ. ആ സ്കൂളിൽ കിണർ റീച്ചാർജ് ചെയ്തപ്പോൾ അവിടെ മാത്രമല്ല, തൊട്ടടുത്ത വീടുകളിലെ കിണറുകളിലും വെള്ളം ലഭിച്ചതായി അവിടെയുള്ളവർ പറഞ്ഞിരുന്നു’വെന്ന് രാധാലക്ഷ്മി ടീച്ചർ ഓർമ്മിക്കുന്നു.
എന്നാൽ, സ്കൂളിലെ കിണറിൽ ജലലഭ്യതയുണ്ടെങ്കിലും അത് ഈ പദ്ധതി കാരണമാണെന്ന് ഉറപ്പ് പറയാൻ സാധിക്കില്ലെന്നാണ് സ്കൂളിലെത്തിയപ്പോൾ അവിടെയുണ്ടായിരന്ന ഒരു അധ്യാപകൻ അഭിപ്രായപ്പെട്ടത്. 2018, 2019, 2020 വർഷങ്ങളിലെല്ലാം മഴ കൂടുതലായിരുന്നു അതുവഴി വരുന്ന ജലലഭ്യതയാകാം ഇതെന്നും പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച അദ്ദേഹം അഭിപ്രായപ്പെട്ടു. ജലസമൃദ്ധി പദ്ധതി എത്രത്തോളം പ്രയോജനപ്രദമാണ് എന്ന് മനസിലാകണമെങ്കിൽ കുറച്ച് കാലം കൂടി കഴിയമെന്നും അദ്ദേഹം പറഞ്ഞു .
എന്നാൽ, കേരളത്തിൽ ശക്തമായി മഴ പെയ്ത പലയിടങ്ങളിലും വേനൽക്കാലം എത്തുന്നതിന് മുമ്പ് തന്നെ ജലദൗർലഭ്യം നേരിടേണ്ടി വന്ന അനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇതേ സ്കൂളിലെ രണ്ട് അധ്യാപികമാർ ഈ നിരീക്ഷണത്തോട് വിയോജിച്ചത്. മഴ ഗുണം ചെയ്തിട്ടുണ്ട് എന്നത് വാസ്തവമാണ്. പക്ഷേ ആ ഗുണം ലഭിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ ചെയ്തു എന്നതാണ് വേനൽക്കാലത്തും ജലം ലഭിക്കാൻ കാരണമെന്ന് അവർ പറഞ്ഞു. ഇതേ അഭിപ്രായം തന്നെയാണ് കാട്ടാക്കടയിലെ വിവിധ പാർട്ടികളിൽ പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും മുന്നോട്ട് വച്ചത്. മഴ ലഭിച്ചു എന്നത് മാത്രമല്ല, അത് ഒഴുകി പോകാതെ ഭൂമിക്കടിലേക്ക് ഇറങ്ങുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ചെയ്തു എന്നിടത്താണ് ജലസമൃദ്ധി പദ്ധതിയുടെ വിജയമെന്ന് അവർ പറയുന്നു. മഴയുടെ ഗുണം ലഭിക്കാൻ , മഴക്കുഴി, കിണർ റീച്ചാർജിങ്, കുളം നിർമ്മിക്കൽ, കുളം വൃത്തിയാക്കൽ, തോടുകളും കനാലുകളും വൃത്തിയാക്കൽ അവിടങ്ങളിലെ ഒഴുക്ക് സുഗമമാക്കുക എന്നീ പ്രവർത്തനങ്ങൾ ചെയ്തതുകൊണ്ടാണ് ഈ ജലലഭ്യത നിലനിൽക്കുന്നത്. മഴക്കാലത്തിന് ശേഷം മറ്റ് പലയിടങ്ങളും കുടിവെള്ളം കിട്ടാക്കനിയായപ്പോൾ കാട്ടാക്കടയിൽ അത് ലഭിച്ചതിന് കാരണം ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഈ മഴവെള്ളത്തെ ഭൂമിയിൽ പിടിച്ചുനിർത്താൻ നടത്തിയ ശ്രമമായിരുന്നുവെന്ന് വസ്തുത ഉറപ്പിക്കാൻ സാധിക്കുമെന്ന് ഹരിതകേരളം മിഷനിലെ ഉദ്യോഗസ്ഥനായ ആർ. വി. സതീഷ് ചൂണ്ടിക്കാണിക്കുന്നു.
കേന്ദ്ര ഭൂജല ബോർഡിലും സംസ്ഥാന ഭൂജല വകുപ്പിലും ലഭ്യമായ കണക്കുകൾ പരിശോധിക്കുമ്പോൾ നേമം ബ്ലോക്ക് പഞ്ചായത്തിൽ വരുന്ന രണ്ട് തുറന്ന കിണറുകളിലും മൂന്ന് നിരീക്ഷണ കുഴൽകിണറുകളിലും 2019 ജനവുരി മാസം അതിന് മുൻ വർഷങ്ങളേക്കാൾ ജലനിരപ്പ് ഉയർന്നതായി ആ കണക്ക് പട്ടികകൾ കാണിച്ച് സതീഷ് പറയുന്നു.
കാട്ടാക്കട മണ്ഡലത്തിലെ പല പ്രദേശങ്ങളിലും പൊതുവിൽ കുടിവെള്ള ക്ഷാമം നിലനിന്നിരുന്നു. പ്രത്യേകിച്ച് ജനുവരി- ഫെബ്രുവരി മാസം മുതൽ ഏപ്രിൽ-മെയ് വരെയുള്ള മാസങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമാണ് നേരിട്ടിരുന്നതെന്ന് പഞ്ചായത്തംഗങ്ങൾ വ്യക്തമാക്കി. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ടാങ്കർ ലോറികളിൽ വെള്ളം കൊണ്ടുവരുന്ന പ്രദേശങ്ങളായിരുന്നു പലയിടവും 500 ലിറ്റർ വെള്ളം ആയിരം രൂപ മുടക്കിയാണ് തദ്ദേശ സ്ഥാപനങ്ങളും താലൂക്ക് ഓഫീസുമൊക്കെയായി ബന്ധപ്പെടുത്തി എത്തിച്ചിരുന്നതെന്ന് കാട്ടാക്കട ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റ് ചെയർപേഴ്സൺ ആയിരുന്ന സുനിത പറയുന്നു.
കുപ്പിവെള്ളം വാങ്ങി കുടിക്കേണ്ടി വരുന്ന പ്രദേശങ്ങളെ കുറിച്ച് കഥകൾ മാത്രം കേട്ടിരുന്ന ഞങ്ങളുടെ നാട്ടിൽ കുപ്പിവെള്ളം വാങ്ങിക്കുടിക്കേണ്ടിയും കുളിക്കേണ്ടിയുമൊക്കെ വരുമോ എന്ന ആധിയും ആശങ്കയും ഉണ്ടായ നാളുകളിലൂടെ കടന്നുപോയിട്ടുണ്ട്. പ്രത്യേകിച്ച് കടുത്തവേനൽക്കാലത്ത്, മഴ പെയ്താൽപോലും കിണറുകളിൽ വെള്ളം നിൽക്കാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. കിണർ റീച്ചാർജ് കൊണ്ട് ആകണം അത് മാറി എന്നതാണ് അനുഭവമെന്ന് കാട്ടാക്കട സ്വദേശി അനിൽകുമാർ പറഞ്ഞു. വെള്ള സംരക്ഷണം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് ബോധവൽക്കരണം ആണ് ഈ പദ്ധതി കൊണ്ടുണ്ടായ പ്രധാന പ്രയോജനം കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇപ്പോൾ അത് ഗൗരവത്തിലെടുക്കുന്നുണ്ട്.
Read More: മാറ്റത്തിന്റെ തുള്ളിയായി ജലസമൃദ്ധി; മുറപോലെയല്ലാതെ സർക്കാർ കാര്യം
മുതിർന്ന മാധ്യമപ്രവർത്തകരിലൊരാളും ജനശക്തി മാസികയുടെ എഡിറ്ററും മലയിൻകീഴ് സ്വദേശിയുമായ ജി. ശക്തിധരൻ ജലസമൃദ്ധിയുണ്ടാക്കിയ മാറ്റത്തിനെ വിശകലനം ചെയ്തത് സ്വാനുഭവത്തെ അടിസ്ഥാനമാക്കിയാണ്. താനുൾപ്പടെയുള്ള എല്ലാ വിഭാഗം ജനങ്ങളും വേനൽക്കാലമാകുമ്പോൾ കുടിവെള്ളം കിട്ടാതെ നെട്ടോടമോടുന്ന സ്ഥിതിയാണ് കഴിഞ്ഞ കുറേക്കാലമായി ഉണ്ടായിരുന്നത്. രാവിലെ നാലര മണിയോടെ ടാങ്കർ ലോറികളിലെത്തുന്ന വെള്ളം പിടിക്കാൻ ആളുകൾ എത്തുമായിരുന്നു. അവർക്കൊപ്പം ഞാനും പോകും പരിചയമുള്ള സ്ത്രീകളും കുട്ടികളും എന്നെ ആദ്യം വെള്ളമെടുത്ത് പോകാൻ പലപ്പോഴും എന്നോട് ആവശ്യപ്പെടാറുണ്ടായിരുന്നു. വീട്ടിലെ ചെറിയ പാത്രങ്ങളിൽ വരെ വെള്ളം നിറച്ചുവെക്കേണ്ട സ്ഥിതിയായിരന്നു അന്നൊക്കെ. പലപ്പോഴും കുറച്ചകലെയുള്ള പൊതുടാപ്പിൽ വെള്ളം വരുമ്പോൾ അത് ശേഖരിക്കാൻ സ്കൂട്ടറിൽ പാത്രമായി പോയ അനുഭവമുണ്ട്. എന്നാൽ, ഈ പദ്ധതി നടപ്പായ ശേഷം വീട്ടിലെ കിണറ്റിൽ വെള്ളം കൂടിയിട്ടുണ്ട്. പദ്ധതി വഴി പ്രത്യക്ഷത്തിൽ തന്നെ ബോധ്യപ്പെട്ട മാറ്റമാണിതെന്ന് ശക്തിധരൻ പറയുന്നു.
കാട്ടാക്കട മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിൽ നിന്നും പ്രധാനപ്രശ്നമായി 2016 ലെ തിരഞ്ഞെടുപ്പിൽ ഉയർന്നു വന്ന ഒന്ന് കുടിവെള്ള ക്ഷാമമായിരുന്നു. അതിനെ തുടർന്നാണ് അന്ന് തിരഞ്ഞെടുക്കപ്പെട്ട ശേഷം ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് ആലോചന പ്രാവർത്തിക്കാൻ ശ്രമം തുടങ്ങിയതെന്ന് ഐ ബി സതീഷ് എം എൽ എ പറഞ്ഞു. പല തലങ്ങളിൽ നടന്ന ചർച്ചകളുടെയും ആലോചനകളുടെയും ഫലമായി പുതിയ പദ്ധതി അവതരിപ്പിക്കപ്പെട്ടു. 2017 ലോകജലദിനമായി മാർച്ച് 22 നാണ് ‘വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി’ എന്ന പദ്ധതി ആരംഭിച്ചത് അതിനുള്ള ഗുണഫലം ലഭിക്കുന്നുണ്ട്. ഇത് ജലം എന്ന ഒറ്റ വിഷയത്തിൽ ഒതുക്കി നിർത്താതെ സമഗ്രമായ കാഴ്ചപ്പാടോയെയാണ് മുന്നോട്ട് കൊണ്ടുപോയത്. അതിനാൽ തന്നെ വിവിധ മേഖലകളിൽ ഇത് ഗുണം ചെയ്തു. പരിസ്ഥിതി സംരക്ഷണം, കൃഷി എന്നീ മേഖലകളിൽ ഇത് ആർക്കും നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവുന്ന ഫലമാണ് ഉള്ളതെന്ന് എം എൽ എ അവകാശപ്പെട്ടു.
ജനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് അധ്വാനിച്ചപ്പോഴുള്ള ഫലമാണിന്ന് കാട്ടാക്കടയിൽ കാണുന്നത്. പരസ്പരം പുലർത്തിയ വിശ്വാസത്തിന് ഫലമുണ്ടാകുന്നതാണ് വിവിധ വകുപ്പുകളുടെ കൈവശമുള്ള കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ഭൂഗർഭജലത്തിലെ അളവ് വർദ്ധിച്ചതും കാർഷിക മേഖലയിലെ ഉൽപ്പാദന വർദ്ധനവും കാണിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് കണക്കുകളിൽ മാത്രമുള്ളതല്ല, ആർക്കും ഫീൽഡിൽ നിന്നും നേരിട്ട് കണ്ടറിയാവുന്നതാണെന്നും ഐ ബി സതീഷ് എം എൽ എ പറയുന്നു.
കാട്ടക്കാടയിൽ ജലസമൃദ്ധി പദ്ധതി വിജയകരമാക്കുന്നതിൽ പ്രധാനപങ്ക് വഹിച്ച നിർമ്മാണങ്ങളിലൊന്ന് കുളങ്ങളാണെന്ന് ലാൻഡ് യൂസ് ബോർഡ് കമ്മീഷണർ എ. നിസാമുദ്ദീൻ നിരീക്ഷിക്കുന്നു. മഴക്കുഴികളാണ് ആദ്യം എടുത്തതെങ്കിലും അതിനേക്കാൾ ഗുണം ചെയ്യുന്നത് കുളങ്ങൾ കുഴിക്കലും കുളങ്ങൾ വൃത്തിയാക്കലും കിണർ റീച്ചാർജ്ജിങ്ങും ആണെന്ന് വേഗം തന്നെ തിരിച്ചറിയാൻ കഴിഞ്ഞു. അതിനാൽ നിലവിലുള്ള കുളങ്ങൾ വൃത്തിയാക്കുകയും കാർഷിക കുളങ്ങൾ കുഴിക്കുകയും ചെയ്തത്. 320 കാർഷിക കുളം കുഴിച്ചു. വീടുകളിലാണ് പ്രധാനമായും ചെയ്തത്.
സാമാന്യം മോശമല്ലാത്ത മഴ ലഭിക്കന്നുവെന്നതാണ് പൊതുവിൽ കാട്ടാക്കട മണ്ഡലത്തിലെ പ്രദേശങ്ങളിലെ മഴ കണക്കുകൾ കാണ്ക്കുന്നത്. എന്നാൽ ഈ പ്രദേശങ്ങളിലെല്ലാം ഭൂഗർഭ ജലനിരപ്പ് താഴുന്നതായികാണ് കാണുന്നത്. ഇതിന് ഒരു പരിഹാരം എന്ന നിലയിലാണ് കുളങ്ങൾ കുഴിക്കുക എന്ന ആശയത്തെ കുറിച്ച് ആലോചിച്ചത്. 2017-18 വർഷത്തിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്തത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ കുളം നിർമ്മിക്കുന്ന പദ്ധതി ആസൂത്രണം ചെയ്തത്. ഒരു വാർഡിൽ ഒരു കാർഷിക കുളം എന്നയാതിരുന്നു ലക്ഷ്യമിട്ടത്. 122 വാർഡുകളിലായി 150 കുളം നിർമ്മിക്കുന്നതിനാണ് പദ്ധതിയിട്ടത്. 2017-18 ൽ 144 കാർഷിക കുളങ്ങൾ നിർമ്മിച്ചു. 2018-19 ൽ 19 കുളങ്ങൾ നിർമ്മിച്ചു. 2019-20ൽ 34 എണ്ണം പൂർത്തിയാക്കി. നിലവിൽ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതി സഹായത്തോടെ 327 കാർഷിക കുളങ്ങൾ മണ്ഡലത്തിൽ നിർമ്മിച്ചു കഴിഞ്ഞു.
കുളം നിർമ്മാണത്തിലൂടെ ജലലഭ്യത വർദ്ധിച്ചു, ഭൂഗർഭ ജലത്തിലെ അളവ് വർദ്ധിച്ചു. ഇതിന് പുറമെ കൃഷിക്ക് ജലലഭ്യതയുണ്ടായി. മത്സ്യകൃഷിയും വിപണനവും പുതിയൊരു തൊഴിൽ സാധ്യത കൂടി തുറന്ന് കൊടുത്തു. കുളം കുത്തൽ എന്നത് ഉൽപ്പാദനക്ഷമമായ ഒന്നാക്കി മാറ്റി കാട്ടാക്കട മണ്ഡലമെന്ന് ലാൻഡ് യൂസ് ബോർഡ് കമ്മീഷണർ പറയുന്നു.
ഇന്ന് ജലലഭ്യത എന്ന ഒറ്റക്കാര്യം മാത്രമല്ല, ഈ പദ്ധതിയുടെ നടത്തിപ്പിലൂടെ പുതുതായി ഒഴുകിയെത്തതിയത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലും വിവിധ വകുപ്പുകൾ തമ്മിലും ഏകോപനത്തോടെയുള്ള ഉദ്ഗ്രഥിത പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നതിന് മാതൃകയായി മാറി. ജലലഭ്യത കൊണ്ട് കുടിവെള്ളം മാത്രമല്ല, കാർഷികമേഖലയിലും ഗുണം ചെയ്തു. കൃഷി, മത്സ്യകൃഷി എന്നിവയിലൂടെ ജനങ്ങൾക്ക് കൂടുതൽ തൊഴിലും വരുമാനവും ലഭിക്കുന്നതിന് ഇത് സഹായകമായി. ജനങ്ങൾക്ക് ജലസംരക്ഷണത്തെ കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും അവബോധമുണ്ടായി. ഇതിലെല്ലാം പുറമെ വെള്ളത്തിനായി ചെലവാക്കേണ്ടി വന്ന സമയം അവർക്ക് ലാഭിക്കാൻ സാധിച്ചു. ആരോഗ്യരംഗത്തും കാര്യമായ വ്യത്യാസം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കോവിഡ് മാറ്റി നിർത്തിയാൽ ജലജന്യമായ ആരോഗ്യ പ്രശ്നങ്ങളിലും വെള്ളത്തിന് വേണ്ടി ഉറക്കമൊഴിക്കൽ പോലുള്ളവ സൃഷ്ടിച്ച ശാരീരിക വിഷമതകളുമൊക്കെ ഇപ്പോൾ കുറഞ്ഞതായി പഠനവുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖങ്ങളിൽ പലരും അഭിപ്രായപ്പെട്ടിരുന്നു. സമയലാഭം ആരോഗ്യ രംഗത്തുണ്ടായ ചെലവ് കുറവും വ്യക്തിഗതമായി പലർക്കും ആശ്വാസമായിട്ടുണ്ടെന്നാണ് സംഭാഷണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ജി.ശക്തിധരനെ പോലുള്ള ചിലർ തങ്ങളുടെ അനുഭവത്തെ അടിസ്ഥാനമാക്കി അക്കാര്യം പറയുകയും ചെയ്തു.
ചുരുക്കി പറഞ്ഞാൽ, പരിമിതകളും വിമർശനങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും ജലസമൃദ്ധി പദ്ധതി ജലക്ഷാമം പരിഹരിക്കുക എന്ന ഒറ്റലക്ഷ്യത്തിൽ കെട്ടിക്കിടക്കാതെ ഈ മണ്ഡലത്തിലെ ജനജീവിതത്തെ മുൻപുണ്ടായിരന്നതിനേക്കാൾ കൂടുതൽ ഗുണകരമാകുന്ന തലത്തിൽ ഒഴുകി പടർന്നു എന്ന് കാണാനാകും.
- കമ്മ്യൂണിറ്റി ബേസ്ഡ് സസ്റ്റൈനബിൾ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവ് ഇൻ കേരളാ- എ കേസ് സ്റ്റഡി ഓഫ് ജലസമൃദ്ധി, സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന് കീഴിലുള്ള ലോക്കൽ സെൽഫ് ഗവൺമെന്റ് റിസർച്ച് യൂണിറ്റുമായി ബന്ധപ്പെട്ട് നടത്തുന്ന പഠനത്തിനെ അടിസ്ഥാനമാക്കി സി എസ് സലിൽ തയ്യാറാക്കിയ റിപ്പോർട്ട്
The post ഒരു നാട് വെള്ളം കുടിക്കുന്ന കഥ appeared first on Indian Express Malayalam.