കോഴിക്കോട്: ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെതിരെ കേസെടുക്കണമെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. കുഞ്ഞിനെ തേടി അമ്മ അലയുന്നതറിഞ്ഞിട്ടും കേരളത്തിന് വെളിയിലേക്ക് കുഞ്ഞിനെ കടത്തിയതും കുടുംബ കോടതിയിൽ കള്ളസത്യവാങ്മൂലം നൽകിയതും നിയമവിരുദ്ധമായ നടപടിയാണെന്നും ശിശുക്ഷേമ സമിതിക്ക് കളങ്കമാണ് ഷിജുഖാൻ എന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അമ്മ ജീവിച്ചിരിക്കുന്നത് ആറിഞ്ഞിട്ടും കുട്ടിയെ വാങ്ങി, ആൾമാറാട്ടം നടത്തി അമ്മത്തൊട്ടിലിൽ ഇട്ടത് കൊടുംപാതകവും നിയമ വിരുദ്ധവുമാണ്. കുഞ്ഞുങ്ങളുടെ രക്ഷ കാംക്ഷിക്കേണ്ട ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്വന്തം രാഷ്ട്രീയ താൽപ്പര്യത്തോടെ കുഞ്ഞിന് മുലപ്പാൽ കൊടുക്കാതെ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം മുറിച്ചത് നീതിരാഹിത്യവും ക്രൂരതയുമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ ജനാധിപത്യപരമായാണ് ഭരണം നടത്തുന്നതെങ്കിൽ അനുപമ സംഭവത്തിൽ ഷിജുഖാൻ അടക്കമുള്ളവരെ തുറുങ്കിലടക്കാൻ തയ്യാറാകണം. അല്ലാത്തപക്ഷം ഇവർക്കെതിരെ ബിജെപി നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.