നൂറ്റാണ്ടുകൾക്കപ്പുറം ജീവിച്ചിരുന്ന ജീവജാലങ്ങളെ കുറിച്ചുള്ള തെളിവുകൾ ലഭിക്കുന്നത് ഫോസിലുകളുടെ പഠനത്തിലൂടെയാണ്. മണ്ണിലും മഞ്ഞിലും പുതഞ്ഞുപോയ നിരവധി ഫോസിലുകൾ
മരക്കറയിൽ (Amber) കുടുങ്ങിപ്പോയ ഫോസിലുകളോട് ഗവേഷകർക്ക് വലിയ താത്‌പര്യമാണ്. സാധാരണ ഫോസിലുകൾ കണ്ടെടുക്കുന്ന ഇടങ്ങളിൽ നിന്ന് ലഭിക്കാത്ത ചെറു ജീവജാലങ്ങളെ കാലങ്ങളോളം കാത്തുസൂക്ഷിക്കാൻ മരക്കറയ്‍ക്ക് സാധിക്കുമെന്നതിനാലാണത്. എട്ടുകാലികൾ, പല്ലികൾ, സൂക്ഷ്മ ജീവികൾ, പ്രാണികൾ, പക്ഷികൾ, എന്തിന് ചെറു ദിനോസറിനെ വരെ ഇങ്ങനെ മരക്കറയിൽ നിന്ന് പലപ്പോഴായി കിട്ടിയിട്ടുണ്ട്.
എന്നാൽ ഇപ്പറഞ്ഞ ജീവികളെല്ലാം തന്നെ കരയിൽ വസിക്കുന്നതും പലപ്പോഴും മരത്തിൽ കയറാൻ കഴിവുള്ളതും അതിൽ ജീവിക്കുന്നതുമാണ്. എന്നാൽ ജലാശയ ജീവിയായ ഞണ്ടിന്റെ ഫോസിലാണ് ഇപ്പോൾ 10 കോടി വർഷം പഴക്കമുള്ള മരക്കറയിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. ചൈന,അമേരിക്ക,കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ വടക്കൻ മ്യാന്മറിൽ നിന്ന് കണ്ടെത്തിയ ഈ ഫോസിലിൽ പഠനം നടത്തിവരികയാണ്.
ക്രെറ്റാപ്സര അഥാനറ്റ എന്നാണ് ഈ കുഞ്ഞൻ ഞണ്ടിന് പേര് നൽകിയിരിക്കുന്നത്. ഞണ്ട് ജീവിച്ചിരുന്നതായി കണക്കാക്കുന്ന ദിനോസർ യുഗ കാലമായ ക്രെറ്റേഷ്യസ് , ഏഷ്യൻ മിത്തുകളിൽ ജലത്തിന്റെയും മേഘങ്ങളുടെയും ദേവതയായ അപ്സര എന്നിവ ചേർന്നാണ് ക്രെറ്റാപ്സര എന്ന വാക്കുണ്ടായത്. അഥാനറ്റ എന്ന പേര് വന്നത് അനശ്വരമായ എന്നർത്ഥം വരുന്ന അഥാനറ്റോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ്.
10 കോടി വർഷം ജീവിച്ചിരുന്ന ഈ ഞണ്ടുകൾക്ക് ഇന്ന് തീരപ്രദേശങ്ങളിൽ കാണുന്ന ഞണ്ടുകളുമായി സാമ്യമുണ്ട്. സ്പർശനികളായ കൊമ്പുകൾ, ചെകിളകൾ, നേർത്ത രോമങ്ങൾ, വായ് ഭാഗങ്ങൾ എന്നിവ ഫോസിൽ ഞണ്ടിനുണ്ട്. അഞ്ച് മില്ലി മീറ്റർ നീളം മാത്രമാണ് ഇതിനുള്ളത്. ഞണ്ടിന്റെ കുഞ്ഞാണിതെന്ന് കരുതുന്നു.
ഇത് കടലിലോ പൂർണമായും കരയിലോ ജീവിച്ചിരുന്ന ഞണ്ടല്ല എന്നാണ് ഗവേഷകരുടെ അനുമാനം. വനമേഖലയിൽ ശുദ്ധജലത്തിലോ ഒരുപക്ഷേ ഉപ്പുവെള്ളത്തിലോ ജീവിച്ചിരുന്നതാകാമെന്ന് അവർ കരുതുന്നു. റെഡ് ക്രിസ്മസ് ഐലന്റെ ക്രാബുകളെ പോലെ കുഞ്ഞുങ്ങളെ പുറത്തുവിടുന്നതിനായി കടൽ തീരത്തിലേക്ക് കുടിയേറുന്ന ഞണ്ടുകളെ പോലെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കരയിലൂടെ സഞ്ചരിക്കുന്നവയുമാകാം ഇതെന്നും അവർപറയുന്നു.
ദിനോസർ യുഗത്തിലെ ഞണ്ടുകളുടെ ഫോസിലുകൾ നേരത്തെയും കിട്ടിയിട്ടുണ്ടെങ്കിലും അപൂർണമായിരുന്നു അവയിൽ ഭൂരിഭാഗവും. എന്നാൽ ക്രെറ്റപ്സര, ഞണ്ടുകളുടെ ചരിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നു. ദിനോസർ യുഗത്തിൽ തന്നെ ഞണ്ടുകൾ കടൽ ജലത്തിൽ നിന്നും കരയിലേക്കും ശുദ്ധജലത്തിലേക്കും ചേക്കേറിയെന്നും ഞണ്ടുകളുടെ പരിണാമം നേരത്തെ കരുതിയിരുന്നതിനേക്കാളും വളരെ മുമ്പ് നടന്നിരുന്നുവെന്നുമാണ് ഇത് വ്യക്തമാക്കുന്നത്.
ഫോസിൽ രേഖകളിൽ കടൽ ഞണ്ടുകളല്ലാത്തവ ഏകദേശം അഞ്ച് കോടി വർഷം മുമ്പാണ് രൂപപ്പെട്ടത് എന്നാണ് ഇതുവരെ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഫോസിൽ അതിന്റെ ഇരട്ടിയിലേറെ പ്രായമുള്ളതാണ്.