കോഴിക്കോട് > റോഡ് പണി സമയബന്ധിതമായി പൂർത്തിയാക്കാത്ത കരാറുകാരായ കാസർകോട് എം ഡി കൺസ്ട്രക്ഷനെ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തിയിൽ നിന്ന് നീക്കി (ടെർമിനേറ്റ് ചെയ്തു). പേരാമ്പ്ര -–- താന്നിക്കണ്ടി – ചക്കിട്ടപാറ റോഡ് പ്രവൃത്തിയിലെ അലംഭാവത്തിലാണ് നടപടി.
2020 മെയ് 29ന് ആരംഭിച്ച പ്രവൃത്തി ഫെബ്രുവരിയിൽ പൂർതിയാക്കേണ്ടതായിരുന്നു. ഇതിനായി 10 കോടി രൂപയും അനുവദിച്ചു. എന്നാൽ പ്രവൃത്തി പുരോഗമിച്ചില്ല. പിഡബ്ല്യുഡി നിരന്തരം ആവശ്യപ്പെട്ടിട്ടും കരാറുകാരൻ പ്രവൃത്തി നടത്താൻ തയ്യാറായില്ല. പരാതിയെ തുടർന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ച് സമയബന്ധിതമായി പണി പൂർത്തിയാക്കാൻ നിർദ്ദേശിച്ചു.
പക്ഷെ 16മാസം കൊണ്ട് 10 ശതമാനത്തിൽ താഴെപണിയാണ് തീർന്നത്. തുടർന്നാണ് കരാറുകാരന്റെ നഷ്ടോത്തരവാദിത്തത്തിൽ ടെർമിനേറ്റ് ചെയ്യാനുള്ള തീരുമാനം. കോഴിക്കോട് ദേശീയപാതയിലെ പ്രവൃത്തിയിൽ അലംഭാവം കാണിച്ച കരാറുകാരനിൽ നിന്നും പിഴ ഈടാക്കാനും പിഡബ്ല്യുഡി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.