“Nature has certain mechanism to record
all memories of every life being”
Toba Beta
ഒരുപാടു രഹസ്യങ്ങളുടെ ഭണ്ഡാരമാണ് പ്രകൃതി. ആകസ്മികമായി മാത്രം അത് നമ്മോടു ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നു. അതിലോലമായ മനസ്സുള്ള പ്രകൃതി, ഓർമകൾ കൃത്യമായി സൂക്ഷിക്കുന്നു എന്നതാണ് വലിയ പ്രത്യേകത. വർഷങ്ങൾക്കു ശേഷം, അല്ലെങ്കിൽ അനേക തലമുറകൾക്കു ശേഷം മാത്രമായിരിക്കും ആ രഹസ്യങ്ങൾ അല്ലെങ്കിൽ ഓർമകൾ നമുക്ക് മുന്നിൽ അത് തുറന്നു തരുന്നത്.
ശാസ്ത്രം ചിലപ്പോൾ നമുക്ക് പരിചിതമല്ലാത്ത പാതകളിലൂടെ സഞ്ചരിക്കുന്നു. ഈ ഭൂമിയിൽ നടന്ന പഴയകാല സംഭവങ്ങൾ പുനഃസൃഷ്ടിയ്‍ക്കുന്നു. അങ്ങനെ അനേകകാലം മുമ്പേ പ്രകൃതിയിൽ നടന്ന സംഭവങ്ങൾ ഒരു വെള്ളിത്തിരയിലെന്ന പോലെ നമുക്ക് കാണുവാൻ കഴിയുന്നു. ശാസ്ത്രത്തിനു അങ്ങനെയും ചില രീതികളുണ്ട്.
ന്യൂയോർക്കിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ രണ്ട് ആദിമ മനുഷ്യന്മാരുടെ പ്രതിമകളുണ്ട്. ഒന്ന് ആണും മറ്റൊന്ന് പെണ്ണുമാണ്. ആണ് പെണ്ണിന്റെ ചുമലിൽ കൈവെച്ചു നടന്നു നീങ്ങുന്ന പ്രതിമ. രണ്ടു പേരും ഒരു താഴ്വരയിൽ എന്തോ കണ്ടു ഭയപ്പെട്ടു വേഗത്തിൽ നടന്നു നീങ്ങുകയാണ്. രണ്ടു പേരും തമ്മിലുള്ള മാനസികമായ അടുപ്പം ഈ ഡയോരമയിൽ, അതായതു തുടർച്ചയായ ഒരു രംഗത്തിനെ പ്രതിനിധീകരിക്കുന്ന ഈ പ്രതിമയിൽനിന്നു വ്യക്തം. ഏതാണ്ട് 3 മുതൽ 3.6 മില്യൺ വർഷങ്ങൾക്കു മുമ്പ് ജീവിച്ച Australopithecus afarensis എന്ന വർഗ്ഗത്തിൽ പെട്ട, ആദ്യമായി രണ്ടു കാലിൽ നിവർന്നു നില്ക്കാൻ ശേഷി കൈവരിച്ച, ആൾകുരങ്ങമാരെ പോലെ തോന്നിയ്‍ക്കുന്നവരാണ് അവർ. ഇന്നത്തെ എത്യോപ്യയിലെ അഫാർ മേഖലയിൽ ജീവിച്ചിരുന്നവർ. ഏതാണ്ട് ഏഴ് ലക്ഷം വർഷത്തോളം അവർ ഭൂമിയിൽ ജീവിച്ചു. അതായതു ഹോമോസാപിയൻസ് എന്ന നമ്മൾ ഇവിടെ ജീവിച്ചതിനെക്കാളും രണ്ടിരട്ടിയിലധികം വർഷം! വളരെയേറെ കാര്യങ്ങൾ നമ്മോടു വിളിച്ചു പറയുന്ന ആസ്ത്രലോപിത്തെക്കസ് വർഗ്ഗത്തിന്റെ ഈ പ്രതിമകൾ നിർമ്മിച്ചത് ഒരു ചെറിയ പ്രദേശത്തു നിന്ന് കിട്ടിയ രണ്ടു മനുഷ്യ പൂർവ്വികരുടെ കാൽപ്പാടുകളിൽ നിന്നാണ്. പ്രകൃതി സൂക്ഷിച്ച അമൂല്യമായ ഒരു രഹസ്യം.
1976-ൽ പ്രശസ്ത ബ്രിട്ടീഷ് നരവംശ ഗവേഷകയായ മേരി ലീക്കിയും (Mary Leakey) കൂട്ടരും ടാൻസാനിയയിലെ ലൈറ്റോലി (laetoli) എന്ന വനപ്രദേശത്തു പര്യവേഷണത്തിന് എത്തുന്നു. പ്രധാനപ്പെട്ട ജോലികൾ കഴിഞ്ഞ ഒരു സായാഹ്നത്തിൽ അവരെല്ലാവരും ഉല്ലാസപൂർവം രസകരമായ ഒരു കളിയിലേർപ്പെട്ടു. ഉണങ്ങിയ ആനപ്പിണ്ടം (Elephant dung) പരസ്പരം എറിഞ്ഞുള്ള ഒരു കളിയായിരുന്നു അത്. ശരീരത്തിൽ കൊള്ളാതിരിയ്‍ക്കാനായി ഒരാൾ പെട്ടെന്ന് നിലത്തേയ്‍ക്ക് വീണുരുണ്ടു. നിലത്തു വീണപ്പോൾ അദ്ദേഹം കണ്ട കാഴ്ച വളരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. നമുക്ക് അത്ര പരിചിതമല്ലാത്ത മൃഗങ്ങളുടെയും പക്ഷികളുടെയും നല്ല ഉറച്ച കാൽപ്പാടുകൾ. ഏതാണ്ട് പതിനെട്ടോളം സ്പിഷീസിന്റെ കാൽപ്പാടുകൾ ഉണ്ടായിരുന്നു അവിടെ. ഒരു പാട് കാലം മുൻപേ ഭൂമിയിൽ ജീവിച്ചിരുന്നവയുടെ കാൽപ്പാടുകൾ.
പഠനങ്ങളും പര്യവേഷണങ്ങളും പുരോഗമിയ്‍ക്കുന്നതിടെ അത്ഭുതകരമായ ഒരു കാര്യം കൂടി കണ്ടെത്തുന്നു. ഏതാണ്ട് 27 മീറ്ററോളം നീളുന്ന മനുഷ്യരുടേതെന്നു തോന്നിപ്പിയ്‍ക്കുന്ന ഉറച്ച കാൽപ്പാടുകൾ. സമാന്തരമായി രണ്ടു പേരുടെ കാൽപ്പാടുകൾ ഉണ്ടായിരുന്നു അവിടെ. ഈ കാൽപ്പാടുകൾ പിന്നീട് മേരി ലീക്കി ഫൂട്ട് പ്രിന്റുകൾ (Mary Leakey Foot prints) എന്ന പേരിൽ പ്രശസ്തമായി.
കുറെ പഠനങ്ങൾക്ക് ശേഷം ഒരു കാര്യം മനസ്സിലായി. ആ താഴ്വരയുടെ തൊട്ടടുത്ത് ഏതാണ്ട് 20 കിലോ മീറ്റർ കിഴക്കായി സാഡിമൻ (Sadiman) എന്ന് പേരുള്ള ഒരു അഗ്നിപർവ്വതമുണ്ട്. ഈ പർവതത്തിൽ നിന്നുണ്ടായ ലാവ കാർബൊണറ്റൈറ്റ് (Carbonatite) എന്ന രാസ മിശ്രിതത്താൽ സമ്പന്നമായിരുന്നു. ഈ ഈ മിശ്രിതത്തിനു ഒരു പ്രത്യേകതയുണ്ട്. നനഞ്ഞു കഴിഞ്ഞാൽ അത് ഒരു സിമന്റ് പോലെ പെരുമാറും. അതായതു അത് സെറ്റായി ഉറപ്പുള്ളതായി തീരും. മഴയിൽ നനഞ്ഞ ഈ അഗ്നിപർവത അവശിഷ്ടങ്ങളിൽ മൃഗങ്ങളും ആദിമ മനുഷ്യരും നടന്നപ്പോൾ കുറച്ചു സമയത്തിന് ശേഷം അത് ഉറച്ചു കട്ടിയായതാണ്. ഇതിനെ കാൽപ്പാടുകളുടെ ഫോസിലുകൾ എന്ന് പറയാം. അന്ന് ഉറച്ചു കട്ടിയായ മണൽ അവശിഷ്ടങ്ങൾ പരിശോധിച്ചപ്പോൾ അതിനു ഏതാണ്ടു 3 മുതൽ 3.9 മില്യൺ വർഷം പഴക്കമുണ്ടെന്ന് കണ്ടെത്തി. അതായതു ഈ കാൽപ്പാടുകൾ സൃഷ്ടിക്കപ്പെട്ടതു അത്രയും വർഷങ്ങൾക്കു മുമ്പാണ് എന്നർത്ഥം. ഇത്രയും വർഷങ്ങൾക്കു മുമ്പ് മനുഷ്യൻ ആയുധങ്ങൾ പോലും ഉപയോഗിച്ചിരുന്നില്ല. അതായതു നമ്മുടെ തലച്ചോർ ഒരു വികാസവും പ്രാപിച്ചിട്ടില്ല എന്നർത്ഥം.
അടുത്തടുത്ത സമാന്തരമായ ഈ കാൽപ്പാടുകളിൽ ഒന്ന് ചെറുതും വ്യക്തമായി പതിഞ്ഞതുമായിരുന്നു. മറ്റൊന്ന് വലുതും വളരെ ചെറുതായി പതിഞ്ഞതുമായിരുന്നു. കൂടുതൽ കൃത്യമായി പരിശോധിച്ചപ്പോൾ ഒന്ന് യഥാക്രമം പെണ്ണിന്റേതും മറ്റൊന്ന് ആണിന്റേതും ആണെന്ന് മനസ്സിലായി
നമുക്ക് മനുഷ്യരുടേതെന്ന് തോന്നിപ്പിക്കുന്ന കാൽപ്പാടുകളിലേക്ക് പോകാം. രണ്ടു കാലിൽ, നന്നായി നിവർന്നു നടക്കുന്നവരുടെ (upright) കാൽപ്പാടുകൾ ആയിരുന്നു അത്. കാൽമടമ്പ് (heel) നന്നായി ഭൂമിയിൽ പതിഞ്ഞിരുന്നു. അതായതു ശരീരത്തിന്റെ മുഴുവൻ ഭാരവും അവർ കാൽമടമ്പിൽ ഊന്നിയിരുന്നു, നമ്മളെപ്പോലെ. ഒരു ആൾക്കുരങ്ങിന്റെ കാൽപ്പാടാണോ അതെന്നു വീണ്ടും സംശയമുണ്ടായിരുന്നു. എന്നാൽ ആൾക്കുരങ്ങിന്റെ കാലിന്റെ പെരുവിരലും തൊട്ടടുത്ത വിരലും തമ്മിൽ വളരെയധികം അകലമുണ്ട്. അതുപോലെ മടമ്പിൽ ഊന്നിയുള്ള നടത്തമല്ല അവരുടേത്. ഏതാണ്ട് ഒരു ഫ്ലാറ്റ് ആയ കാൽപ്പാടുകളാണ് അവർക്കുണ്ടാകുക. ഇത് ആ കാൽപ്പാടുകൾ നമ്മെപ്പോലെ രണ്ടുകാലിൽ നിവർന്നു നടന്നവരുടേതാണെന്നു വ്യക്തമാക്കുന്നതാണ്.
വർഷങ്ങൾ കണക്കാക്കിയാൽ നമ്മുടെ പൂർവികരായ, ആദ്യമായി രണ്ടു കാലിൽ നടന്ന ആസ്ത്രെലോപിത്തേക്കസ് അഫെറൻസിസ് (Australopithecus afarensis – A. afarensis) ആണ് ഇവരെന്ന് കൃത്യമായി മനസ്സിലാകും. അടുത്തടുത്ത സമാന്തരമായ ഈ കാൽപ്പാടുകളിൽ ഒന്ന് ചെറുതും വ്യക്തമായി പതിഞ്ഞതുമായിരുന്നു. മറ്റൊന്ന് വലുതും വളരെ ചെറുതായി പതിഞ്ഞതുമായിരുന്നു. കൂടുതൽ കൃത്യമായി പരിശോധിച്ചപ്പോൾ ഒന്ന് യഥാക്രമം പെണ്ണിന്റേതും മറ്റൊന്ന് ആണിന്റേതും ആണെന്ന് മനസ്സിലായി. തോളോട് തോൾ ചേർന്ന് ആ ആണും പെണ്ണും താഴ്വരയിലൂടെ മൃഗങ്ങൾക്കും പക്ഷികൾക്കും ഇടയിലൂടെ വേഗത്തിൽ നടന്നു നീങ്ങുകയായിരുന്നു. അടുത്തുള്ള ഒരു നദിക്കരയിൽ വെച്ച് ആ കാൽപ്പാടുകൾ അവസാനിയ്‍ക്കുന്നു.
ശാസ്ത്രരംഗത്തു ഈ ആണിന്റെയും പെണ്ണിന്റെയും കാൽപ്പാടുകൾ വളരെ കൗതുകമുണർത്തിയെങ്കിലും അന്നാട്ടിലെ മസായി ജനങ്ങൾ വിശ്വസിച്ചത് ഈ കാൽപ്പാടുകൾ അതീവശക്തനായ വലിയ മനുഷ്യനായ അവരുടെ രക്ഷകൻ ലങ്കാലങ്ക യുടേതാണെന്നായിരുന്നു. അദ്ദേഹം നടക്കുമ്പോൾ ഭൂമിയിൽ ഇത്തരം കാൽപ്പാടുകൾ പതിയുമായിരുന്നുവത്രേ!
1974-ൽ ആണ് ആദ്യമായി നമ്മുടെ കാൽപ്പാടുകളുടെ സമാനതയുള്ള A. afarensis ന്റെ കുറച്ചു അസ്ഥികൾ എത്യോപ്യയിൽ ലെ ഹദർ എന്ന സ്ഥലത്തുനിന്നു കിട്ടുന്നത്. ആ അസ്ഥികളുടെ ഉടമയാണ് ആദ്യമായി മരങ്ങളിൽനിന്നു താഴേയ്‍ക്കിറങ്ങി വന്നു രണ്ടു കാലിൽ നടക്കാൻ പഠിച്ച ആദ്യത്തെ മനുഷ്യൻ. മരങ്ങളിലൂടെ ചാടി നടന്ന ആ ജീവി, ആഹാരത്തിന്റെ ലഭ്യത കുറവ് കൊണ്ടായിരിക്കാം ആദ്യമായി ഭൂമിയിലിറങ്ങി രണ്ടു കാലിൽ നടക്കാൻ തുടങ്ങി. ആ ജീവിയെ ശാസ്ത്രജ്ഞന്മാർ ലൂസി എന്ന് പേരിട്ടു. 1967-ലെ അതി പ്രശസ്തമായ ബീറ്റിൽസ് മ്യൂസിക് ഗ്രൂപ്പിന്റെ ഗാനമായ Lucy in the sky with diamonds. എന്ന് തുടങ്ങുന്ന ഗാനം ആ പര്യവേഷണ ക്യാമ്പിൽ വൈകുന്നേരങ്ങളിൽ പ്ലേ ചെയ്‌യുമായിരുന്നു. ഈ പാട്ടിൽ നിന്നാണ് ലൂസി എന്ന പേര് ഫോസിലിനു തിരഞ്ഞെടുത്തത്.
ലൂസി പെണ്ണായിരുന്നു. പെൽവിക് അസ്ഥികളാണ് ലൂസി പെണ്ണാണ് എന്ന് തിരിച്ചറിയാൻ സഹായിച്ചത്. ഉയരം 1.05 മീറ്ററും ഭാരം 28 കിലോ ഗ്രാമും മാത്രം. ലൂസിയുടെ കണ്ടെടുത്ത അസ്ഥികളിൽ പൊട്ടലുണ്ട്. മരത്തിൽനിന്നു താഴോട്ട് വീണാണ് ലൂസി മരിച്ചത്. മരിയ്‍ക്കുമ്പോൾ അവൾക്കു 18 വയസ്സ് പ്രായം. അവളുടെ ആകെയുള്ള 207 അസ്ഥികളിൽ 47 എണ്ണം മാത്രമേ നമുക്ക് ഫോസ്സിലായി കിട്ടിയുള്ളൂ. അതായതു ലൂസി അസ്ഥിക്കൂടം ഏതാണ്ട് 40 ശതമാനം മാത്രമേ കിട്ടിയുള്ളൂ. പിന്നീടുള്ളവ കൃത്രിമമായി കൂട്ടിച്ചേർത്തു. റേഡിയോ ആക്റ്റീവ് ശാസ്ത്രത്തിനു നന്ദി. അവ ഒരുപാടു വിവരങ്ങൾ നമുക്ക് തന്നു. രണ്ടു കാലിൽ നടക്കാൻ പഠിച്ച മനുഷ്യകുലത്തിന്റെ മാതാവായി നമുക്ക് ലൂസിയെ കരുതാം. ഈ ലൂസിയുടെ വർഗക്കാരാണ് അന്ന് ലൈറ്റൊലിയിലെ താഴ്വരയിൽ കൂടി വേഗത്തിൽ നടന്നു പോയത്.
ശാസ്ത്രരംഗത്തു വിപ്ലവമുണ്ടാക്കിയ ഈ കാൽപ്പാടുകളെ പറ്റി മനുഷ്യർ വീണ്ടും വീണ്ടും പഠിച്ചു. കാൽപ്പാടുകളുടെ ത്രിമാന ചിത്രങ്ങളുണ്ടാക്കി. മറ്റു ആസ്ത്രലോപിഡിസിന്റെ കാൽപ്പാടുകളും വീണ്ടും കണ്ടെത്തി. ചിത്രകാരന്മാർ തങ്ങളുടെ അതിരുകടന്ന ഭാവന ഉപയോഗിച്ച് 3.6 മില്യൺ വർഷങ്ങൾക്കു മുമ്പെയുള്ള ആണും പെണ്ണും നടന്നു പോയ സായാഹ്നം ഭാവതീവ്രതയോടെ ആവിഷ്ക്കരിച്ചു. ഈ രണ്ടു കാൽപ്പാടുകളിൽനിന്നാണ് അതിനു ശേഷം ആസ്ത്രലോപിത്തേക്കസുകളെ നമ്മുടെ കണ്മുന്നിൽ കലാകാരൻമാർ ശാസ്ത്രജ്ഞരുടെ സഹായത്തോടെ പുനഃസൃഷ്ടിച്ചത്.
ലൈറ്റൊലിയിലെ കാട്ടിൽനിന്നും ഈ കാൽപ്പാടുകൾ ഒരു മ്യൂസിയത്തിലേക്ക് അങ്ങനെ തന്നെ മാറ്റാൻ ശ്രമങ്ങൾ നടന്നു. അതിനായി 27 മീറ്ററോളം നീളത്തിൽ പരന്നു കിടക്കുന്ന ഉപരിതലത്തിന്റെ അടിയിൽനിന്ന് ഒരു പാളി പോലെ അടർത്തിയെടുക്കാൻ ശ്രമം നടന്നു. നിർഭാഗ്യവശാൽ ആ ശ്രമങ്ങൾ പരാജയപ്പെട്ടു. പിന്നീട് ഈ സ്ഥലത്തു തന്നെ അവ സംരക്ഷിച്ചു വെക്കാൻ തീരുമാനിച്ചു. രണ്ടു മൂന്നു കാര്യങ്ങൾ ഇവിടെ വില്ലനായി. ഒന്ന് ആ പ്രദേശം ഒറ്റപ്പെട്ട വനപ്രദേശമായിരുന്നു. അങ്ങോട്ടുള്ള യാത്ര അതീവ ദുഷ്ക്കരം. പല വന്യ മൃഗങ്ങളും നടന്നു നീങ്ങി കാൽപ്പാടുകൾ നശിപ്പിയ്‍ക്കപ്പെടാൻ സാധ്യതയുണ്ട്. സമീപപ്രദേശത്തെ വേരുകൾ മണ്ണിലേക്കിറങ്ങി അവ വിണ്ടു കീറാൻ സാധ്യതയുണ്ട്. അതിനാൽ മതിയായ പഠനങ്ങൾക്കും ചിത്രീകരണത്തിനും ശേഷം വളരെ ശാസ്ത്രീയമായി എന്നാൽ പിന്നീട് തുറന്നു നോക്കാൻ കഴിയുന്ന വിധത്തിൽ കുഴിച്ചു മൂടാൻ തീരുമാനിച്ചു. അതിനായി ആദ്യം. ഒരു പ്രത്യേക രാസവസ്തു ഉപയോഗിച്ച് വേരുകളുടെ വളർച്ച മുരടിപ്പിച്ചു. പിന്നീട് ഉറച്ച കാൽപ്പാടുകൾക്കു മുകളിൽ നേർമയുള്ള മണൽ വിതറി. പോളിപ്രൊപ്പിലീൻ ഷീറ്റു കൊണ്ടും മണ്ണ് കൊണ്ടും ആവരണം തീർത്തു. അതിനു മേലെ നല്ല ഉരുളൻ കല്ലുകളിട്ടു സംരക്ഷണം തീർത്തു. അതായതു ഓർമകളെ നമ്മൾ കുഴിച്ചു മൂടി. വീണ്ടും കുറെയേറെ പഠനങ്ങൾക്കായി.
മാനവപരിണാമ ചരിത്രത്തിലെ അതിദീപ്തമായ ആ ഓർമകൾ, അവരുടെ വികാരങ്ങൾ, കാൽപ്പാടുകൾ – ഭൂമിയിൽ ഇന്നും ജീവിയ്‍ക്കുന്നു.
കോഴിക്കോട് എൻഐടിയിലെ രസതന്ത്രവിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമാണ് ഡോ. എ.സുജിത്ത്