ന്യൂഡല്ഹി > ചികിത്സയില് കഴിയുന്ന ഡോ. മന്മോഹന് സിങ്ങിനെ സന്ദര്ശിക്കാന് കേന്ദ്രമന്ത്രി ഫോട്ടോഗ്രാഫര്ക്കൊപ്പം എത്തിയത് വിവാദത്തില്. വീട്ടുകാരുടെ എതിര്പ്പ് അവഗണിച്ചാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്സുഖ് മാണ്ഡവ്യ ഫോട്ടോഗ്രാഫറെയും കൂട്ടി ആശുപത്രിയില് മുറിയില് പ്രവേശിച്ചതെന്ന് മന്മോഹന്റെ മകള് ദമന് സിങ് ആരോപിച്ചു. മന്മോഹന്റെ വീട്ടുകാര് എതിര്പ്പുയര്ത്തിയതിനേ തുടര്ന്ന് ട്വിറ്ററില് പങ്കുവെച്ച ഫോട്ടോകള് കേന്ദ്രമന്ത്രി നീക്കി.
മുറിക്ക് പുറത്തുപോകാന് ഫോട്ടോഗ്രാഫറോട് ആവശ്യപ്പെട്ടെങ്കിലും അമ്മയുടെ നിര്ദേശം പാടെ അവഗണിക്കപ്പെട്ടുവെന്ന് ദമന് സിങ് പറഞ്ഞു. അച്ഛന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. അദ്ദേഹത്തിന് രോഗപ്രതിരോധശേഷി കുറവാണ്. അണുബാധ ഭയന്ന് ആശുപത്രിയിലേക്ക് സന്ദര്ശകരെ നിയന്ത്രിച്ചിരിക്കുകയാണ്. കേന്ദ്രമന്ത്രി എത്തിയപ്പോള് മാതാപിതാക്കള് ഫോട്ടോയ്ക്കായി നില്ക്കാന് പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല. മുറി വിട്ട് പോകണമെന്ന് ഫോട്ടോഗ്രാഫറോട് അമ്മ നിര്ദേശിച്ചു. എന്നാല് അവര് അത് അവഗണിച്ചു. അവര് പ്രായമായ മനുഷ്യരാണ്. അല്ലാതെ കാഴ്ച ബംഗ്ലാവിലെ മൃഗങ്ങളല്ല.- ദമന് ദി പ്രിന്റ് ഓണ്ലൈനോട് പ്രതികരിച്ചു.
പനി ബാധിച്ച് ബുധനാഴ്ചയാണ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. മന്മോഹന് സിങ്ങിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി എയിംസ് അധികൃതര് അറിയിച്ചു.