മനോഹരമായി മടക്കി വച്ച പട്ടുസാരി, മുകളിൽ പ്രൗഢിയോടെ ആഭരണങ്ങൾ. ഏതെങ്കിലും ചടങ്ങിൽ നിന്നുള്ള ദൃശ്യമാണ് എന്നു കരുതിയെങ്കിൽ തെറ്റി. സംഗതി പട്ടുസാരിയും ആഭരണങ്ങളുമൊന്നുമല്ല. ഒന്നാന്തരം കേക്കാണ്.
സമൂഹമാധ്യമത്തിൽ വൈറലാവുകയാണ് ഈ പട്ടുസാരി കേക്കിന്റെ ചിത്രങ്ങൾ. പച്ചക്കറികളും പഴവർഗങ്ങളും എന്തിനധികം മൃഗങ്ങളുടെ വരെ ഡിസൈനുകൾ കേക്കായി മുന്നിൽ വരുന്ന കാലത്ത് മറ്റൊരു പുതുമയായി സാരി കേക്കിന്റെ ചിത്രം. മുംബൈയിൽ നിന്നുള്ള തൻവി പൽശികാർ എന്ന ഷെഫാണ് വ്യത്യസ്തമായ ഈ കേക്ക് ഒരുക്കിയിരിക്കുന്നത്.
മഹാരാഷ്ട്രിയൻ പൈതാനി സാരിയും പരമ്പരാഗത കോലാപൂരി ആഭരണങ്ങളുമാണ് തൻവി കേക്കായി ഒരുക്കിയത്. മഹാരാഷ്ട്രക്കാരി ആയതുകൊണ്ടു തന്നെ തന്റെ സംസ്കാരത്തെ അടയാളപ്പെടുത്തുന്നത് എന്തെങ്കിലും കേക്കിന്റെ രൂപത്തിൽ ഒരുക്കണമെന്ന് തൻവി കരുതിയിരുന്നു. ഇത് സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട നിമിഷമാണെന്നും തൻവി പറയുന്നു.
അഞ്ചുകിലോയോളമുള്ള കേക്ക് രണ്ടുദിവസമെടുത്താണ് തൻവി തയ്യാറാക്കിയത്. അലങ്കാരത്തിന് വീണ്ടും മണിക്കൂറുകളെടുത്തു. നിരവധി പേരാണ് തൻവിയെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. കരിയറിനെ പാഷൻ കൂടി ആയി കണക്കാക്കാൻ കഴിയുന്നയാൾക്ക് മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയൂ എന്ന് പലരും കമന്റ് ചെയ്യുന്നു.
Content Highlights: saree cake pics goes viral