കഴിഞ്ഞ ആറ് വർഷങ്ങളായി ജർമനിയിൽ നിന്ന് ശേഖരിച്ച കാട്ടു കൂണുകളിൽ 95 ശതമാനത്തിലും 1986 ലെ ചെർണോബിൽ ആണവദുരന്തത്തിന്റെ ഫലമായുണ്ടായ റേഡിയോ ആക്‍ടീവ് പദാർഥങ്ങൾ ഉണ്ടെന്ന് കണ്ടെത്തൽ. എങ്കിലും നിയമാനുസൃതമായ പരിധിയ്‍ക്ക് അപ്പുറമില്ലെന്ന് ജർമൻ ഭക്ഷ്യസുരക്ഷാ അധികൃതർ പറയുന്നു. 74 കൂൺ സാമ്പിളുകളാണ് ഗവേഷകർ പരിശോധിച്ചത്.
ചെർണോബിൽ സ്ഫോടനത്തിന്റെ സ്വഭാവഗുണമുള്ള സീസിയം-137, സീസിയം 134 ഐസോടോപ്പുകളാണ് ജർമനിയിൽ കണ്ടെത്തിയത്. ജർമനിയിലെ ഉപഭോക്തൃ സംരക്ഷണത്തിനും ഭക്ഷ്യസുരക്ഷയ്‍ക്കുമുള്ള ഫെഡറൽ ഓഫീസ് (ബിവിഎൽ) ആണ് ഇക്കാര്യം പുറത്തുവിട്ടത്. സീസിയം എന്ന മൂലകത്തിന്റെ റേഡീയോ ആക്‍ടീവ് ഐസോടോപ്പുകളാണ് സീസിയം-137, സീസിയം 134 എന്നിവ.
ഇവ എളുപ്പത്തിൽ ജലത്തിൽ ലയിക്കുന്നവയാണ്. അതിനാൽ തന്നെ മണ്ണിൽ കലരുന്നതിലൂടെ പരിസ്ഥിതിയിൽ വളരെ വേഗം വ്യാപിക്കാൻ ഇതിന് സാധിക്കും. ആണവ വിസ്ഫോടനങ്ങളുടേയും ചെർണോബിലിൽ സംഭവിച്ചപോലെയുള്ള ആണവ ദുരന്തങ്ങളുടേയുമെല്ലാം ഫലമായി സൃഷ്ടിക്കപ്പെടുന്ന ഇവ ദീർഘദൂരം വായുവിലൂടെയും സഞ്ചരിക്കുകയും ചെയ്‌യും.
1986 ഏപ്രിൽ 26 ന് രാത്രിയാണ് ലോകത്തെ ഏറ്റവും വലിയ ആണവോർജ്ജ ദുരന്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെർണോബിൽ ആണവദുരന്തം സംഭവിച്ചത്. അന്ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നതും ഇപ്പോൾ യുക്രൈനിന്റെ ഭാഗമായി നിൽക്കുന്നതുമായി പ്രപ്യാറ്റ് എന്ന പ്രദേശത്തെയാണ് ദുരന്തം കൂടുതലും ബാധിച്ചത്. ആണവോർജ പ്ലാന്റിലെ നാലാം നമ്പർ റിയാക്‍ടർ പൊട്ടിത്തെറിക്കുകയായിരുന്നു.
ഇതിന്റെ റേഡിയേഷൻ 1300 കിലോമീറ്റർ ദൂരത്തേക്ക് വ്യാപിക്കുകയും ആ പ്രദേശത്താകമാനം ആണവ കിരണങ്ങളാൽ വിഷമയമാവുകയും ചെയ്തു. റേഡിയേഷൻ മൂലം അർബുദം ഉൾപ്പടെയുള്ള രോഗങ്ങൾ വ്യാപിക്കുകയും ചെയ്തു.