പുതിയ കാലഘട്ടത്തിന്റെ പച്ചയായ യാതാർത്ഥ്യം വരച്ചുകാട്ടുന്നത് മറ്റൊന്നാണ്. പ്രായമായവരെ ഉപയോഗ ശൂന്യമായ ജീവിതങ്ങളായി കണക്കാക്കി പലയിടങ്ങളിൽ ഉപേക്ഷിക്കുന്ന അവസ്ഥ വരെ നിലവിലുണ്ട്. വൃദ്ധ സദനങ്ങളിലോ സമാന സ്ഥലങ്ങളിലോ ഏൽപ്പിച്ച് ഉത്തരവാദിത്തത്തിൽ നിന്നും കടമയിൽ നിന്നും ഒഴിഞ്ഞു മാറുന്നവരുടെ എണ്ണവും ചെറുതല്ല. ഈ വയോജന ദിനത്തിൽ ഓരോരുത്തരുടെയും മനസ്സിൽ പുതിയൊരു വയോജന ദിനം രൂപപ്പെടുമെന്ന് പ്രത്യാശിക്കാം.
1991 ൽ ആദ്യ വയോജന ദിനം:
എല്ലാ വർഷവും ഒക്ടോബർ ഒന്നിന് ലോക വയോജന ദിനമായി ആചരിക്കാൻ 1990 ഡിസംബർ 14നാണ് ഐക്യ രാഷ്ട്ര സംഘടന തീരുമാനിച്ചത്. 1991 ഒക്ടോബർ ഒന്നിന് ആദ്യ വയോജന ദിനം ആച്ചരിച്ചുകൊണ്ട് ഈ തീരുമാനം നടപ്പാക്കി. WHO യുടെ കണക്കുകൾ പ്രകാരം 2025 ആകുമ്പോഴേക്കും ലോകത്തെ വയോജനങ്ങളുടെ എണ്ണം 100 കോടി കടക്കും എന്നാണ്. അതുകൊണ്ട് തന്നെ വയോജന സംരക്ഷണത്തിനായി പുതിയ പദ്ധതികൾ രൂപപ്പെടെണ്ടതുണ്ട്.
621 വൃദ്ധ സദനങ്ങൾ:
കേരളത്തിൽ സാമൂഹിക നീതി വകുപ്പിന് കീഴിൽ 621 വൃദ്ധ സദനങ്ങൾ ഉണ്ട് എന്നാണ് കണക്ക്. കൂടുതലും സംഘടനകൾ ആരംഭിച്ചതും എന്നാൽ സർക്കാർ സഹായം ലഭിക്കുന്നതുമായ വൃദ്ധ സദനങ്ങൾ ആണ്. സ്വകാര്യ വ്യക്തികൾ ആരംഭിക്കുന്ന കണക്കിൽ ഉൾപ്പെടാത്തത് വേറെയുമുണ്ട്. വയോജനങ്ങലോടുള്ള സമൂഹത്തിൻറെ മനോഭാവത്തിൽ സംഭവിച്ച വലിയ മാറ്റമാണ് പലപ്പോഴും കച്ചവട താല്പര്യത്തോടെ വൃദ്ധ സദനങ്ങൾ ഉയർന്നു വരാനുണ്ടായ സാഹചര്യം. ഇത്തരം ഇടങ്ങളിൽ വയോജനങ്ങൾക്ക് എത്രത്തോളം ശ്രദ്ധയും പരിചരണവും ലഭിക്കുന്നു എന്ന കാര്യവും പഠന വിധേയമാക്കേണ്ടതാണ്.
വയോജന സംരക്ഷണത്തിൽ മികച്ച പരിശീലനം നേടിയവർ വേണം ഇവിടങ്ങളിൽ മുതിർന്ന ആളുകളെ പരിചരിക്കാൻ. അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനായി പ്രത്യേക പദ്ധതികളും വൃദ്ധ സദനങ്ങളിൽ തന്നെ അത്യാവശ്യ ചികിത്സ ലഭിക്കുന്നതുമായ മികച്ച സംവിധാനങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
Also read:
ഉണ്ടാകണം:
ജെറിയാട്രിക് പദ്ധതികളും നയങ്ങളും നമ്മുടെ രാജ്യത്ത് ഇനിയും രൂപപ്പെട്ട് തുടങ്ങേണ്ടതുണ്ട്. വിദേശ രാജ്യങ്ങളിൽ ഏറ്റവും മികച്ച പരിഗണനയാണ് വയോജനങ്ങൾക്ക് നല്കിക്കൊണ്ടിരികുന്നത്. ഇന്ത്യയിൽ നിലവിൽ വയോജന സംരക്ഷണ നിയമം നിലവിലുണ്ടെങ്കിലും പ്രായോഗിക തലത്തിൽ അത് വേണ്ട രീതിയിൽ ഉയർന്നിട്ടില്ല. മുതിർന്ന പൗരന്മാർക്ക് പിന്തുണയും സഹായവും നൽകുന്ന മനോഭാവം ഓരോ ആളുകളിലും ഉണ്ടാകണമെങ്കിൽ അതിനു ആദ്യം മുന്നിട്ടിറങ്ങേണ്ടത് സർക്കാർ സംവിധാനങ്ങളാണ്.
എല്ലാ വിഭാഗത്തിനും പ്രത്യേക പഠന ശാഖയുണ്ടെങ്കിലും ജെറിയാട്രിക് കെയറിനായി ഒരു പഠന വിഭാഗം ഇതുവരെ ഉണ്ടായിട്ടില്ല. ചിലയിടങ്ങളിൽ ജെറിയാട്രിക് കെയർ ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും അത് വേണ്ട വിധത്തിൽ ഫലപ്രദമല്ല എന്ന് വേണം മനസിലാക്കാൻ. ജെറിയാട്രിക് ഫിസിഷ്യൻ, നഴ്സ്, പലിയെറ്റിവ് പ്രവർത്തകർ, സന്നദ്ധ പ്രവർത്തകൾ എന്നിവർ ചേരുന്ന ഒരു സമിതിയും അതിനു വേണ്ട സർക്കാർ സഹായങ്ങളും ഉണ്ടാകേണ്ടതുണ്ട്.
അവർ ആദരവ് അർഹിക്കുന്നു:
നമുക്ക് മുൻപേ നടന്നവരാണ്. കുടുംബത്തിനും സമൂഹത്തിനും താങ്ങാവാൻ അവരുടെ യവ്വനം സമർപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ വയോജനങ്ങൾക്ക് അർഹമായ പരിഗണന നൽകേണ്ടതിന്റെ ആവശ്യകത പുതു തലമുറ അറിഞ്ഞിരിക്കണം. പലപ്പോഴും പുതു തലമുറയുടെ വിദ്യാഭ്യാസം, സംസ്കാരം എന്നിവയിൽ മൂല്യം നഷ്ടമാകുന്ന അവസ്ഥയുണ്ട്. വലിയ തോതിൽ വയോജന സൗഹൃദമായിരുന്നു മുൻപെങ്കിൽ, നിലവിൽ കാഴ്ചപ്പാടുകൾ മാറിയിട്ടുണ്ട് എന്ന കാര്യം വ്യക്തമാണ്. അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതൽ വയോജനങ്ങളെ ബഹുമാനത്തോടെ കാണാൻ കഴിയുന്ന തരത്തിലേയ്ക്ക് കുട്ടികളെ മാറ്റിയെടുക്കാൻ സാധിക്കണം.
സമൂഹത്തിൻറെ ഉത്തരവാദിത്തം:
വയോജനങ്ങൾ ഭാരമല്ല, പകരം അവർ എന്നും വഴികാട്ടികളായിരുന്നു. അതുകൊണ്ട് തന്നെ വയോജനങ്ങളുടെ സംരക്ഷണ കാര്യത്തിൽ സമൂഹത്തിന് വലിയ ഉത്തരവാദിത്തമുണ്ട്. നന്മയുള്ള പല കാര്യങ്ങൾക്കും ഒരുമിച്ച് നിൽക്കുന്ന നല്ല ശീലമുള്ളതാണ് നമ്മുടെ സമൂഹം. ഈ നന്മ നമ്മുടെ വയോജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ നമ്മൾ ചിന്തിച്ചു തുടങ്ങേണ്ട ഘട്ടം അതിക്രമിച്ചിരിക്കുന്നു.