കൽപ്പറ്റ > വിനോദസഞ്ചാര മേഖലക്ക് കൂടുതൽ ഉണർവേകി ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കുറുവ ദ്വീപും തുറക്കുന്നു. ഒക്ടോബർ രണ്ട് മുതൽ ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. കേരളത്തിലെ ഏറ്റവും വലിയ നദീജന്യദ്വീപാണ് കുറുവ. 157 ഹെക്ടറിൽ നൂറോളം ചെറുതുരുത്തുകളുടെ ഒരു സമൂഹമാണ് ഈ ദ്വീപ്. നിരവധി ഇനങ്ങളിലുള്ള ഉരഗങ്ങളുടെയും വൈവിധ്യങ്ങളായ ചിത്രശലഭങ്ങളുടെയും താവളം കൂടിയാണ് പൈൻമരങ്ങൾ നിറഞ്ഞ ദ്വീപ്. ചങ്ങാടസവാരിയും മുഖ്യ ആകർഷണമാണ്.
കേന്ദ്രം തുറക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവൃത്തികൾ പൂർത്തിയായിവരുന്നതായി അധികൃതർ പറഞ്ഞു. ഒരേസമയം നൂറുപേർക്ക് മാത്രമെന്ന നിലയിൽ ദിവസം 1150 പേർക്കാണ് പ്രവേശനം. പാക്കം ചെറിയമല ഭാഗത്തെ ഫോറസ്റ്റ് കവാടത്തിലൂടെയും മാനന്തവാടി പാൽവെളിച്ചം ഭാഗത്തെ ഡിടിപിസി കവാടത്തിലൂടെയുമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. കോവിഡ്
മാനദണ്ഡപ്രകാരമാണ് പ്രവേശനം. ഒരു വാക്സിനെങ്കിലും എടുത്തവർക്കും 72 മണിക്കുറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും പ്രവേശിക്കാം. ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവായവരെയും പരിഗണിക്കും. രാവിലെ ഒമ്പതിന് തുറക്കുന്ന കേന്ദ്രം വൈകിട്ട് അഞ്ചിന് അടയ്ക്കും. ആളുകൾ കൂട്ടംകൂടുന്നത് തടഞ്ഞ് സഞ്ചാരികളെ നിയന്ത്രിക്കാൻ ദ്വീപിനകത്ത് അഞ്ച് പോയിന്റുകളിലായി ഗൈഡുമാരെ നിയോഗിച്ചിട്ടുണ്ട്.
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെല്ലാം കഴിഞ്ഞ ഒരു മാസക്കാലമായി സജീവമായിരുന്നെങ്കിലും കുറുവയുടെ വശ്യമനോഹര കാഴ്ചകൾ ആസ്വദിക്കാൻ സഞ്ചാരികൾക്ക് കഴിഞ്ഞിരുന്നില്ല. കോവിഡ് വ്യാപനവും മൺസൂൺ സീസണും കാരണമാണ് കേന്ദ്രം അടച്ചിരുന്നത്. മൺസൂൺ സീസൺ അവസാനിക്കുന്നതോടെയാണ് കുറുവ വീണ്ടും സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങുന്നത്.