സ്നേഹ സീമ എന്ന തന്റെ യൂട്യൂബ് ചാനലിൽ അന്തരിച്ച നടി സുകുമാരി പഠിപ്പിച്ചു കൊടുത്ത സ്പെഷൽ ഉപ്പുമാവിന്റെ റെസിപ്പി പരിചയപ്പെടുത്തുകയാണ് നടി സീമ ജി. നായർ. താൻ അഭിനയിക്കുന്ന സിനിമാ ലൊക്കേഷനിലേക്ക് എല്ലാവർക്കുംകൊടുക്കാനായി പലഹാരങ്ങളുമായി സുകുമാരി അമ്മ വരാറുണ്ടായിരുന്നുവെന്ന് സീമ ഓർക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന വളരെ മൃദുവായ ഉപ്പുമാവ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
- കാരറ്റ് ചിരകിയത്
- സവാള അരിഞ്ഞത്
- പച്ചമുളക്
- കറുവേപ്പില
- റവ -ഒരു കപ്പ്
- കശുവണ്ടിപ്പരിപ്പ്
- ഉണക്കമുന്തിരി
- നെയ്യ്
- കടുക്
- ഉപ്പ്
- വെള്ളം-മൂന്ന് കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് നന്നായി ചൂടായികഴിയുമ്പോൾ മൂന്ന് ടീസ്പൂൺ നെയ്യ് ഒഴിക്കുക. നെയ്യ് നന്നായി ചൂടായി വരുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് സവാള, പച്ചമുളക്, കറിവേപ്പില എന്ന ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അതിനുശേഷം തിളപ്പിച്ചുവെച്ച വെള്ളം ഇതിലേക്ക് ചേർക്കാം. തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് റവ പതുക്കെ ചേർത്ത് കൊടുക്കാം. റവ കട്ടകെട്ടാതെ ഇളക്കി ചേർത്തുകൊടുക്കണം. വെള്ളം വറ്റി റവ വെന്തുവരുമ്പോൾ തീ കെടുത്താം. റവയുടെ മുകളിൽ അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, കാരറ്റ് എന്നിവ വിതറാം. അതിനുമുകളിലേക്ക് ഒരു സ്പൂൺ നെയ്യ് കൂടി ചേർത്ത് അടപ്പ് വെച്ച് മൂടാം. അഞ്ചുമിനിറ്റിന് ശേഷം അടപ്പ് മാറ്റി എല്ലാം കൂട്ടിയോജിപ്പിച്ചശേഷം ചൂടോടെ കഴിക്കാം.
Content highlights: uppumav recipe actress sukumari seema g nair snehaseema