പഴങ്ങളുടെ അവശിഷ്ടങ്ങൾ മുറിവുകൾക്കുള്ള ബാൻഡേജുകളുടെ ഉത്‌പാദനത്തിനായി ഉപയോഗപ്പെടുത്തുകയാണ് സിങ്കപ്പൂരിലെ നാങ് യങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി(NTU)യിലെ ശാസ്ത്രജ്ഞർ. സിങ്കപ്പൂരിൽ സുലഭമായതും വൻതോതിൽ ഉപയോഗിക്കപ്പെടുന്നതുമായ ദൂരിയാൻ പഴങ്ങളുടെ പുറംതോടാണ് ആന്റി ബാക്‍ടീരിയൽ ജെൽ ബാൻഡേജ് ആദ്യഘട്ടത്തിൽ നിർമാണത്തിനായി ഉപയോഗപ്പെടുത്തുന്നത്. ദൂരിയാൻ പഴങ്ങളുടെ ഉൾഭാഗം മാത്രമാണ് ഭക്ഷ്യയോഗ്യമായത്. ബാക്കിയാവുന്ന പഴത്തോടുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള ഗവേഷണങ്ങൾക്കൊടുവിലാണ് ബാൻഡേജ് നിർമാണത്തിനുപയോഗിക്കാമെന്ന ആശയത്തിലേക്ക് ഗവേഷകർ എത്തിച്ചേർന്നത്.
ദൂരിയാൻ തോടുകൾ ചെറുകഷണങ്ങളാക്കി ശീതീകരിച്ച് ഉണക്കിയെടുത്ത ശേഷം അവയിൽ നിന്ന് സെല്ലുലോസിനെ പൊടിരൂപത്തിൽ വേർതിരിച്ചെടുക്കും. ഈ പൊടി ഗ്ലിസറോളുമായി കൂട്ടിക്കലർത്തും. ഈ മിശ്രിതം മൃദുലമായ ഹൈഡ്രോജെൽ ആയി രൂപാന്തരപ്പെടും. ഈ ഹൈഡ്രോജെലിനെ ബാൻഡേജ് സ്ട്രിപ്പുകളായി മുറിച്ചെടുക്കും.(ജലത്തിൽ ലയിക്കാത്ത ഹൈഡ്രാഫിലിക് പോളിമറാണ് ഹൈഡ്രോജെൽ. കോൺടാക്റ്റ് ലെൻസ്, ശുചിത്വ ഉപാധികൾ, വ്രണം പൊതിയുന്നതിനുള്ള വസ്തുക്കൾ എന്നിവയുടെ നിർമാണത്തിൽ പ്രധാനമായും ഹൈഡ്രോജെൽ ആണ് ഉപയോഗപ്പെടുത്തുന്നത്).
“സിങ്കപ്പൂരിൽ ഒരു വർഷം ദൂരിയാൻ പഴങ്ങളുടെ ഉപഭോഗം 12 ലക്ഷം കവിയും. മധുരമുള്ള ഉൾക്കാമ്പൊഴികെ പഴത്തിന്റെ തോടും കുരുവും അവശിഷ്ടമായി ശേഷിക്കും. ഇതാകട്ടെ പഴത്തിന്റെ പകുതിയോളം വരും. ഇവ അതേ രീതിയിൽ ഉപേക്ഷിക്കുന്നതോ കത്തിക്കുന്നതോ വൻതോതിലുള്ള പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കും”, എൻടിയുവിലെ പ്രൊഫസറായ വില്യം ചെൻ പറയുന്നു. ഇതേ രീതിയിൽ പല ഭക്ഷ്യമാലിന്യങ്ങളേയും ഹൈഡ്രോജെൽ ആക്കി മാറ്റി മലിനീകരണത്തിന്റെ അളവ് കുറയ്‍ക്കാമെന്ന് ചെൻ കൂട്ടിച്ചേർത്തു.
സാധാരണയായി ഉപയോഗിച്ചു വരുന്ന ബാൻഡേജുകൾക്ക് സമാനമായി മുറിവിനും ചുറ്റുമുള്ള ഭാഗത്തും തണുപ്പ് നിലനിർത്താനും ഈർപ്പം പകരാനും അതിലൂടെ മുറിവ് വേഗം സുഖപ്പെടുത്താനും ഈ പുതിയ ജൈവ ബാൻഡേജുകൾക്കും സാധിക്കും. ഭക്ഷ്യമാലിന്യങ്ങളും യീസ്റ്റും ഉപയോഗിച്ചുള്ള ബാൻഡേജ് നിർമാണം സാധാരണ ബാൻഡേജ് നിർമ്മാണത്തേക്കാൾ ലാഭകരമാണെന്ന് ഗവേഷകർ പറയുന്നു. സാധാരണ ബാൻഡേജുകളുടെ നിർമാണത്തിനുപയോഗിക്കുന്ന വെള്ളി, ചെമ്പ് തുടങ്ങിയ ലോഹഘടകങ്ങൾ ഉത്‌പാദനച്ചെലവ് വർധിപ്പിക്കുന്നതാണ് കാരണം.
സീസണിൽ ഒരു ദിവസം 30 പെട്ടി(ഏകദേശം 1,800 കിലോ) ദൂരിയാൻ വിറ്റുപോകാറുണ്ടെന്ന് മൊത്തക്കച്ചവടക്കാരനായ താൻ എങ് ചുവാൻ പറയുന്നു. പഴത്തിന്റെ ഭക്ഷ്യയോഗ്യമായ ഭാഗമൊഴികെ അവശേഷിക്കുന്ന മാലിന്യം ഒഴിവാക്കുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ടെന്നും ഉപയോഗപ്രദമായ ഈ പുതിയ കണ്ടുപിടിത്തം വളരെ സഹായകമാണെന്നും ചുവാൻ പ്രതികരിച്ചു.
Content Highlights: Scientists in Singapore transform fruit leftovers into antibacterial bandages