മനുഷ്യന്റെ തലച്ചോറിന്റെ പ്രവർത്തന രീതി യന്ത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്ര സാങ്കേതിക ലോകം. ഇതിൽ ഏറെ മുന്നേറ്റമുണ്ടാക്കുന്നൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് സെമികണ്ടക്‍ടർ നിർമാണത്തിലെ മുൻനിരക്കാരായ സാംസങ്. തലച്ചോറിന്റെ പ്രവർത്തന രീതി അനുകരിക്കാൻ സാധിക്കുന്ന ന്യൂറോ മോർഫിക് ചിപ്പുകൾ യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങളിൽ ഒരു പടി മുന്നേറിയിരിക്കുകയാണ് സാംസങ്.
തലച്ചോറിലെ നാഢീഘടന പകർത്തിയെടുത്ത് ഒരു മെമ്മറി കാർഡിലേക്ക് സന്നിവേശിപ്പിക്കുക എന്നതാണ് സാംസങ് എഞ്ചിനീയർമാർ വിഭാവനം ചെയ്‌യുന്ന സാങ്കേതികത. കോപ്പി-പേസ്റ്റ് ചെയ്‌യുക എന്നാണ് ഈ പ്രക്രിയയെ അവർ വിശേഷിപ്പിക്കുന്നത.
സാംസങ് അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകനും ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫസറുമായ ഡോൻഹീ ഹാം, ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫസറായ ഹോങ്കുൻ പാർക്ക്, സാംസങ് എസ്ഡിഎസ് മേധാവിയും പ്രസിഡന്റുമായ സങ് വോ വാങ്, സാംസങ് ഇലക്‍ട്രോണിക്സ് വൈസ് ചെയർമാനം സിഇഒയുമായ കിനാം കിം എന്നിവർ ചേർന്ന് പ്രസിദ്ധീകരിച്ച നൂറോമോർഫിക് ഇലക്‍ട്രോണിക്സ് ബേസ്ഡ് ഓൺ കോപിയിങ് ആന്റ് പേസ്റ്റിങ് ദി ബ്രെയ്ൻ എന്ന പ്രബന്ധത്തിലാണ് തലച്ചോറിന്റെ ഘടന ഒരു ചിപ്പിലേക്ക് പ്രവേശിപ്പിക്കുന്നതിന്റെ പദ്ധതികൾ വിശദീകരിക്കുന്നത്.
ഡോൻഹീ ഹാമും, ഹോങ്കുൻ പാർക്കും ചേർന്ന് വികസിപ്പിച്ച നാനോ ഇലക്‍ട്രോഡ് അരേ (nanoelectrode array) ഉപയോഗിച്ചാണ് തലച്ചോറിലെ അതി സങ്കീർണമായ നാഡീവ്യൂഹത്തിന്റെ ഘടന പകർത്തുക. ഇത് പിന്നീട് ഒരു മെമ്മറി കാർഡിലേക്ക് സന്നിവേശിപ്പിക്കും.
ഇതുവഴി കുറഞ്ഞ ഊർജ്ജ ഉപഭോഗം, എളുപ്പത്തിൽ പഠിച്ചെടുക്കാനുള്ള കഴിവ്, സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരൽ, സ്വയം തീരുമാനങ്ങളെടുക്കാനും അവബോധമുണ്ടാക്കാനുമുള്ള കഴിവ് തുടങ്ങി തലച്ചോറിന്റെ സവിശേഷമായ കമ്പ്യൂട്ടിങ് കഴിവുകളെ മെമ്മറി ചിപ്പിൽ സൃഷ്ടിച്ചെടുക്കാനാവുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു
തലച്ചോറിന്റെ പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറിലെ നാഡീവ്യവസ്ഥയാണ്. ഈ നാഡീവ്യൂഹത്തെ മനസിലാക്കിയാൽ മാത്രമേ അതിനെ പഠിക്കുവാൻ സാധിക്കുകയുള്ളൂ.
1980 കളിൽ തന്നെ ന്യൂറോ മോർഫിക് എഞ്ചിനീയറിങ് ലക്ഷ്യമിട്ടുള്ള പഠനങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും തലച്ചോറിന്റെ പ്രവർത്തനവും ഘടനയും ഒരു സിലിക്കൺ ചിപ്പിലേക്ക് അതേപടി അനുകരിക്കുക എന്നതായിരുന്നു അതിലൂടെ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അത് ഏറെ പ്രയാസകരമാണ്. തലച്ചോറിന്റെ പ്രവർത്തനങ്ങൾ നടക്കുംവിധം നാഡീവ്യൂഹം എങ്ങനെയാണ് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന് ഇനിയും കൃത്യമായി കണ്ടെത്താനായിട്ടില്ല എന്നതാണ് വസ്തുത.
അതുകൊണ്ടുതന്നെ തലച്ചോറിനെ അതേപടി അനുകരിക്കാൻ ശ്രമിക്കുന്നതിന് പകരം തലച്ചോറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള രൂപകൽപനയാണ് ന്യൂറോമോർഫിക് എഞ്ചിനീയറിങിലൂടെ സാംസങ് ലക്ഷ്യമിടുന്നത്.
തലച്ചോറിലെ സങ്കീർണമായ നാഡീ ശൃംഖലകളിലേക്ക് ഫലപ്രദമായി പ്രവേശിക്കാനും അതിലെ വൈദ്യുത സിഗ്നലുകളെ തിരിച്ചറിയാനും എഞ്ചിനീയർമാർ വികസിപ്പിച്ചെടുത്ത നാനോ ഇലക്‍ട്രോഡ് അരേയ്‍ക്ക് സാധിക്കുമെന്ന് സാംസങ് പറയുന്നു. നാഢികൾ എവിടെയെല്ലാം പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്നും അത് എത്രത്തോളം ദൃഢമാണെന്നുമുള്ള വിവരങ്ങൾ ഇത് ശേഖരിക്കും.
നാഡീവ്യൂഹത്തിന്റെ ഘടന ഈ രീതിയിൽ മനസിലാക്കി അത് നമ്മൾ ദൈനംദിന ജീവിത്തിൽ ഉപയോഗിച്ച് പരിചയിച്ച സോളിഡ് സ്റ്റേറ്റ് ഡ്രൈവിലേക്കോ (എസ്എസ്ഡി) പുതിയ തരം റെസിസ്റ്റീവ് റാണ്ടം ആക്സസ് മെമ്മറികളിലേക്കോ (ആർആർഎഎം) പകർത്തും. ഇതുവഴി പകർത്തിയെടുത്ത തലച്ചോറിന്റെ ന്യൂറോൺ ഘടനയ്‍ക്കനുസരിച്ചുള്ള പ്രവർത്തന മികവ് ഈ ചിപ്പുകൾക്ക് ലഭിക്കും.
ഇത് പക്ഷെ എഞ്ചിനീയർമാർ വിഭാവനം ചെയ്‌യുന്ന പദ്ധതിമാത്രമാണിപ്പോൾ. യാഥാർത്ഥ്യമാകാൻ ഏറെ സമയമെടുക്കും. പക്ഷെ ഫലപ്രദമായാൽ അത് കംപ്യൂട്ടിങ് സാങ്കേതികവിദ്യയിലെ നാഴികക്കല്ലാകുന്ന കണ്ടെത്തലായി മാറുകയും ചെയ്‌യും.