വാട്സ്ആപ്പ് പുതിയ ചില സവിശേഷതകൾ ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ലാസ്റ്റ് സീനിന് പുതിയ ഓപ്‌ഷനും, പുതിയ ഡിസപ്പിയറിങ് ചാറ്റ് സവിശേഷതയും റീഡിസൈൻ ചെയ്ത ഗ്രൂപ്പ് ഇൻഫോയും കമ്പനി ചേർക്കുന്നു എന്നാണ് വിവരം. കൂടുതൽ റെസൊല്യൂഷനിലുള്ള വീഡിയോകളും ചിത്രങ്ങളും അയക്കാനും വാട്സ്ആപ്പ് ഉടനെ അനുവദിച്ചേക്കും. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
ലാസ്റ്റ് സീന് പുതിയ ഓപ്‌ഷൻ: അടുത്ത കാലത്ത് തന്നെ ഒരു പ്രത്യേക കോണ്ടാക്ടിനു മാത്രമായി ലാസ്റ്റ് സീൻ മറച്ചു വെക്കാൻ കഴിയുന്ന സംവിധാനം വാട്സ്ആപ്പ് അവതരിപ്പിക്കും. പുതിയ ഫീച്ചറിന്റെ സ്ക്രീൻഷോട്ട് വാബീറ്റഇൻഫോ പങ്കുവച്ചിരുന്നു. ഇത് ആൻഡ്രോയിഡ് ഫോണുകളിലും ഐഒഎസ് ഫോണുകളിലും ലഭിക്കും.
ഇതിനായി “മൈ കോണ്ടാക്ട്സ് എക്സെപ്റ്റ്” എന്നൊരു ഓപ്‌ഷൻ പ്രൈവസി സെറ്റിങ്സിൽ വാട്സ്ആപ്പ് ചേർക്കുന്നതായാണ് വിവരം. നിങ്ങൾ വാട്ട്‌സ്ആപ്പിൽ അവസാനമായി ഓൺലൈനിലായിരുന്നത് എപ്പോഴാണെന്ന് ചില ആളുകളെ കാണിക്കാൻ ആഗ്രഹിക്കാത്ത സമയങ്ങളിൽ ഇത് വളരെ ആവശ്യമായി വരുന്ന സവിശേഷതയാണിത്. പിന്നെ ഓർക്കേണ്ടത്നിങ്ങൾ ലാസ്റ്റ് സീൻ മറച്ചു വെക്കുകയാണെങ്കിൽ മറ്റുള്ളവരുടെ ലാസ്റ്റ് സീൻ നിങ്ങൾക്കും കാണാനാകില്ല.
ഡിസപ്പിയറിങ് ചാറ്റ്‌സ്: വാട്‌സ്ആപ്പിൽ ഇതിനകം തന്നെ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ അയക്കാനുള്ള ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഈ ഫീച്ചർ വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. വാട്ട്‌സ്ആപ്പ് ഡിസപ്പിയറിങ് മോഡ് അവതരിപ്പിക്കുമെന്ന് ഫേസ്ബുക്കിന്റെ സിഇഒ മാർക്ക് സക്കർബർഗ് സ്ഥിരീകരിച്ചിരുന്നു. ഇത് വഴി എല്ലാ ചാറ്റുകളിലും ഡിസപ്പിയറിങ് മെസ്സേജ് പ്രവർത്തനക്ഷമമാക്കാൻ കഴിയും. ഇത് വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ലഭിക്കും.
ഇത് പ്രവർത്തനക്ഷമമാക്കുകയാണെങ്കിൽ നിശ്ചിത സമയത്തിനു ശേഷം മെസ്സേജുകൾ അപ്രത്യക്ഷമാകും. അതായത് ആ ചാറ്റിലെ മെസ്സേജുകൾ തനിയെ ഡിലീറ്റ് ആകും. ഈ സവിശേഷത അടുത്തിടെ 2.21.18.7 വാട്സ്ആപ്പ് ബീറ്റ പതിപ്പിൽ കണ്ടെത്തിയിരുന്നു.
ഗ്രൂപ്പ് ഐക്കൺ എഡിറ്റർ, പുനർരൂപകൽപ്പന ചെയ്ത ഗ്രൂപ്പ് ഇൻഫോ പേജ്: വാട്സ്ആപ്പ് ഒരു പുതിയ ഗ്രൂപ്പ് ഐക്കൺ എഡിറ്റർ സവിശേഷതയിലും കൊണ്ടുവരാൻ ഒരുങ്ങുന്നുണ്ട്, ഇത് ആൻഡ്രോയിഡ് ബീറ്റ പതിപ്പ് 2.21.20.2ൽ കണ്ടെത്തി. പുതിയ ഫീച്ചർ ഉപയോക്താക്കൾക്ക് ഒരു ഇമേജ് ഇല്ലാത്തപ്പോൾ ഗ്രൂപ്പുകൾക്കായി വേഗത്തിൽ ഐക്കണുകൾ നിർമ്മിക്കാൻ അനുവദിക്കുന്നതാണ്. ഐക്കണിന്റെ പശ്ചാത്തല നിറം തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷനും ഉണ്ട്. വാട്ട്‌സ്ആപ്പിലെ ഇമോജികളും സ്റ്റിക്കറുകളും ഒരു ഓപ്ഷനായി ഉപയോഗിക്കാം.
ഗ്രൂപ്പ് ഐക്കൺ എഡിറ്റർ ഫീച്ചറിന് പുറമേ, ഗ്രൂപ്പ് ഇൻഫോ പേജ് പുനർരൂപകൽപ്പന ചെയ്യുന്നതിലും വാട്സ്ആപ്പ് പ്രവർത്തിക്കുന്നുണ്ട്, കൂടാതെ ഉപയോക്താക്കൾക്ക് ചാറ്റും കോൾ ബട്ടണുകളും മുന്നിലും മധ്യത്തിലും കാണാൻ കഴിയും. പുതിയ ഡിസൈൻ ചാറ്റ്, ഓഡിയോ, വീഡിയോ കോളുകൾക്കായി വലിയ ബട്ടണുകൾ വാഗ്ദാനം ചെയ്യുന്നു. അഡ്മിനുകൾക്ക് ക്ഷണ ലിങ്ക് പങ്കിടാനും കഴിഞ്ഞേക്കും. രണ്ട് സവിശേഷതകളും ഉടൻ ലഭ്യമാകും.
Also Read: WhatsApp: വാട്സ്ആപ്പിൽ വന്ന പ്രധാനപ്പെട്ട മെസേജുകൾ എങ്ങനെ വേഗത്തിൽ കണ്ടുപിടിക്കാം? അറിയാം
ഹൈ റെസൊല്യൂഷൻ ചിത്രങ്ങളും വീഡിയോകളും: ഇപ്പോൾ വാട്സ്ആപ്പ് ചിത്രങ്ങളും വീഡിയോകളും വേഗത്തിൽ അയക്കുന്നതിനായി കംപ്രസ്സ് ചെയ്താണ് അയക്കുന്നത്. അതിൽ തൃപ്തരല്ലാത്തവർക്കാണ് പുതിയ സവിശേഷത ഗുണം ചെയ്യുക. പുതിയ ഫീച്ചർ പ്രകാരം ഉപയോക്താക്കൾക്ക് ‘ബെസ്റ്റ് ക്വാളിറ്റി’ മോഡ്, ‘ഡാറ്റ സേവർ’ മോഡ്, ഓട്ടോ മോഡ് എന്നി ഓപ്‌ഷനുകളിൽ ഏതെങ്കിലും തിരഞ്ഞെടുത്ത് വീഡിയോയും ചിത്രങ്ങളും അയക്കാൻ കഴിയും.
ചിത്രങ്ങൾ സ്റ്റിക്കറുകളിലേക്ക്: ചിത്രങ്ങള്‍ എളുപ്പത്തില്‍ സ്റ്റിക്കറാക്കി മാറ്റാനുള്ള ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിക്കുന്നതായി കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഫൊട്ടോ അപ്ലോഡ് ചെയ്യുമ്പോള്‍ ക്യാപ്ഷന്‍ ബാറിന് സമീപമായാണ് പുതിയ സ്റ്റിക്കര്‍ ഐക്കണും ഉണ്ടാവുക. ഫൊട്ടോ അപ്ലോഡ് ചെയ്തതിന് ശേഷം പ്രസ്തുത ഐക്കണില്‍ ക്ലിക്ക് ചെയ്യുകയാണെങ്കില്‍ ചിത്രം സ്റ്റിക്കര്‍ രൂപത്തിലാകും. സവിശേഷത ഉടന്‍ തന്നെ ഡെസ്ക് ടോപ്പ് വേര്‍ഷനില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
The post WhatsApp: വാട്സ്ആപ്പിൽ ഉടൻ പ്രതീക്ഷിക്കാവുന്ന അഞ്ച് പുതിയ സവിശേഷതകൾ ഇവയാണ് appeared first on Indian Express Malayalam.