ദുബായ്: ചെന്നൈ സൂപ്പർ കിങ്സ് ഈ ഐപിഎല്ലിൽ പ്ലേ ഓഫ് യോഗ്യത നേടുകയാണെങ്കിൽ ക്യാപ്റ്റൻ എംഎസ് ധോണി മുകളിൽ നാലാമതായി ബാറ്റ് ചെയ്യണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ഒമ്പത് മത്സരങ്ങളിൽ നിന്നും 14 പോയിന്റുമായി പട്ടികയിൽ രണ്ടാമതാണ് ചെന്നൈ സൂപ്പർ കിങ്സ്.
യുഎഇയിൽ ഐപിഎൽ പുനരാരംഭിച്ച ശേഷം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ധോണി ആറാമതായാണ് ക്രീസിൽ എത്തിയത്. മുംബൈ ഇന്ത്യൻസിനെതിരെ മൂന്ന് റൺസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 11 റൺസും മാത്രമാണ് ധോണി നേടിയത്. ആ സാഹചര്യത്തിലാണ് ധോണിയുടെ ബാറ്റിങ് പൊസിഷനിൽ മാറ്റം വേണമെന്ന് ഗംഭീർ നിർദേശിച്ചത്.
ടീം ആദ്യ ബാറ്റ് ചെയ്യുകയോ സ്കോർ പിന്തുടരുകയോ ചെയ്താലും ധോണി നാലാമത് ഇറങ്ങണമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ടു തവണ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ഗംഭീർ പറഞ്ഞു. സ്റ്റാർ സ്പോർട്സിലെ പരിപാടിയിലായിരുന്നു ഗംഭീറിന്റെ പ്രതികരണം.
ക്യാപ്റ്റനെന്ന നിലയിൽ ധോണിക്ക് തന്നെ തീരുമാനിക്കാം എവിടെ ബാറ്റ് ചെയ്യണമെന്ന്, അത് സംഭവിക്കും എന്നാണ് താൻ കരുതുന്നതെന്നും ഗംഭീർ പറഞ്ഞു.
Also Read: IPL 2021: ബ്രാവോ സഹോദരന്, പന്തെറിയുന്നതിനെ ചൊല്ലി ഞങ്ങള് എപ്പോഴും വഴക്കിടാറുണ്ട്: ധോണി
“നിങ്ങളുടെ നമ്പർ മൂന്നാം നമ്പറും നാലാം നമ്പറും എപ്പോഴും റൺസ് നേടുകയില്ല. നിങ്ങൾ കുറച്ചുകൂടി ബാറ്റ് ചെയ്യേണ്ടതുണ്ട്. നിങ്ങൾ കൂടുതൽ റൺസ് സ്കോർ ചെയ്യുമ്പോൾ, അത് എളുപ്പമായിക്കൊണ്ടിരിക്കും, ” ഗംഭീർ പറഞ്ഞു.
ഈ സീസണിൽ ഇതുവരെ 51 റൺസാണ് ധോണി ആകെ നേടിയത്. നാളെ കൊൽക്കത്തയ്ക്ക് എതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.
The post IPL 2020: സിഎസ്കെ പ്ലേ ഓഫ് യോഗ്യത നേടിയാൽ ധോണി നാലാമത് ബാറ്റ് ചെയ്യണം; മുൻ ഇന്ത്യൻ താരം appeared first on Indian Express Malayalam.