കൊച്ചി > കേരള സാഹിത്യ അക്കാദമി അവാർഡ് നിർണയത്തെ കുറിച്ച് നവമാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ. ‘അക്കാദമിയുടെ അവാർഡ് നിർണയത്തിൽ പുറത്തു പറയാൻ കൊള്ളാത്ത കഥകൾ ഉണ്ടെങ്കിൽ അത് വെളിപ്പെടുത്താൻ തയ്യാറാകണം. അതറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്. അതിൽ ഒരു വ്യക്തിയും ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനുമായ എനിക്കും അവകാശമുണ്ട്. അതുകൊണ്ട് സമൂഹത്തോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ ആ കഥകൾ വെളിപ്പെടുത്തണം. ക്ഷണിക്കപ്പെട്ട ഒരു സദസ്സിനു മുന്നിൽ പ്രസംഗിച്ച് വെളിപ്പെടുത്താൻ തയ്യാറാണെങ്കിൽ യാത്രാ സൗകര്യവും വാടക കൊടുത്ത് അക്കാദമി ഹാളും സ്വന്തം ചിലവിൽ ഏർപ്പെടുത്താനും ഞാൻ തയ്യാറാണ്.’‐ അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
എല്ലാ വർഷവും അവാർഡ് പ്രഖ്യാപിച്ചു കഴിയുമ്പോൾ അവാർഡ് കിട്ടാത്തവരും കൂടാതെ സർവ പുച്ഛക്കാരും ആയവരുടെ പുലഭ്യം പറച്ചിലുകൾ പതിവാണ്. അക്കാദമി അവാർഡ് നിർണയിയ്ക്കുന്നതിന്റ നടപടികൾ വിശദമായി ഫേസ്ബുക്കിൽ എഴുതിയിരുന്നു. പിന്നെ ഒരു കൃതിയുടെ മഹിമ കിലോഗ്രാമിലും സെന്റിമീറ്ററിലും അളക്കാൻ കഴിയില്ലല്ലൊ. വിധികർത്താക്കളുടെ ആത്മനിഷ്ഠത അളന്നു നോക്കാൻ സംവിധാനം ഉണ്ടാകുന്നതു വരെ ഈ രീതി തുടരാനേ കഴിയൂ. പുറത്തു പറയാൻ കൊള്ളാത്ത കഥകൾ പറയാനുള്ള ആർജ്ജവവും മാന്യതയും ധൈര്യവും ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ എഴുതി.
കുറിപ്പിന്റെ പൂർണരൂപം
കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് നിർണയത്തിനുള്ള ചുരുക്കപ്പട്ടികയിൽ സ്വന്തം പുസ്തകം ഉൾപ്പെടുത്തിയതിന്റെ സന്തോഷത്തിൽ എച്ചുമുക്കുട്ടി ഫേസ്ബുക്കിൽ ഇട്ട ഒരു പോസ്റ്റിന് താഴെ വന്നൊരു കമന്റിന് മറുപടിയായിയാണ് വൈശാഖന്റെ കുറിപ്പ്.