പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ
ഇതിൽ അടങ്ങിയ വിറ്റാമിൻ സി അല്ലെങ്കിൽ അസ്കോർബിക് ആസിഡ് ശരീര കോശങ്ങളുടെ വികാസത്തിനും നന്നാക്കലിനും ആരോഗ്യമുള്ള ചർമ്മം നിലനിർത്താനും മുറിവ് ഉണങ്ങാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
നിർഭാഗ്യവശാൽ, നമ്മുടെ ശരീരം വിറ്റാമിൻ സി ഉൽപാദിപ്പിക്കുന്നില്ല, ഭാഗ്യവശാൽ, പ്രകൃതി നമുക്ക് മറ്റ് പോഷകങ്ങൾക്കൊപ്പം വിറ്റാമിൻ സിയുടെ മികച്ച ഉറവിടമായ പേരക്ക പോലുള്ള പഴങ്ങൾ നൽകി അനുഗ്രഹിച്ചിട്ടുണ്ട്. 100 ഗ്രാം പേരക്ക പഴത്തിൽ 228.3 മില്ലിഗ്രാം വിറ്റാമിൻ സി ഉണ്ട്; നാരങ്ങയുടെ വിറ്റാമിൻ സി ഉള്ളടക്കത്തേക്കാൾ ഏകദേശം നാല് മടങ്ങ് കൂടുതലാണ് ഇത്, അതായത് 53 മില്ലിഗ്രാം/ 100 ഗ്രാം. പ്രതിദിനം ആവശ്യത്തിന് വിറ്റാമിൻ സി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ശരീരത്തെ ജലദോഷം, പനി എന്നിവയിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.
രക്തസമ്മർദ്ദം കുറയ്ക്കാൻ
പേരക്ക കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് ഉയർന്ന അളവിൽ പൊട്ടാസ്യവും കൂടാതെ ലയിക്കുന്ന നാരുകളും ലഭിക്കുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചേക്കാം. കൂടാതെ, ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്ന ടാന്നിൻസ്, എൻസൈമുകൾ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ഫൈറ്റോകെമിക്കലുകൾ പേരയിലയുടെ സത്തിൽ അടങ്ങിയതിനാൽ, ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ലിപിഡ് പ്രൊഫൈലുകൾ മെച്ചപ്പെടുത്താനും സഹായകമായിരിക്കും.
ആർത്തവ വേദന കുറയ്ക്കാൻ
ആർത്തവം അടുക്കുമ്പോഴും ആ ദിനങ്ങളിലുമെല്ലാം മിക്ക സ്ത്രീകളും കഠിനമായ വേദനയുടെ കടന്നു പോകുന്നു. പലപ്പോഴും ഇത്തരം വേദന ലഘൂകരിക്കാനായി മരുന്നുകൾ ഉപയോഗിക്കുകയാണ് പലരും ചെയ്യാറ്. എന്നിരുന്നാലും, 197 സ്ത്രീകളിൽ നടത്തിയ ക്രമരഹിതമായ പരീക്ഷണത്തിൽ, പ്രതിദിനം 6 മില്ലിഗ്രാം പേരക്ക ഫോളിയം സത്ത് കഴിക്കുന്നത് ആർത്തവ വേദന ഗണ്യമായി കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മരുന്നുകടകളിൽ നിന്ന് ലഭിക്കുന്ന വേദനസംഹാരികളുമായി താരതമ്യപ്പെടുത്തുമ്പോൾ ആർത്തവ വേദന കുറയ്ക്കാൻ പേരയ്ക്ക ഇലയുടെ സത്ത് കൂടുതൽ ഫലപ്രദമാണെന്ന് ഗവേഷണം വെളിപ്പെടുത്തിയിട്ടുണ്ട്.
മുറിവുകൾ വേഗത്തിൽ ഭേദമാകാൻ
പേരയുടെ ഏറ്റവും പരമ്പരാഗതമായ ഉപയോഗങ്ങളിൽ ഒന്നാണ് മുറിവുകൾ ഉണക്കാനുള്ള മരുന്നായി ഇവ പ്രയോഗിക്കുന്നത്. പേരയുടെ ഇലകൾ തിളപ്പിക്കുകയോ അല്ലെങ്കിൽ ചതയ്ക്കുകയോ ചെയ്ത് ഉപയോഗിക്കുന്നത് മുറിവ് അണുബാധ തടയാൻ ആന്റിസെപ്റ്റിക് ആയി പ്രവർത്തിക്കുന്നു. പേരക്ക ഇലകൾ 20 മിനിറ്റ് തിളപ്പിച്ച് തണുപ്പിച്ച ശേഷം, ആ വെള്ളം കൊണ്ട് ചർമ്മം കഴുകുന്നതിനും രോഗശാന്തി ത്വരിതപ്പെടുത്തുന്നതിനും ഫംഗസ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഉപയോഗിക്കുന്നു.
ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ പേര ഇലകളുടെ സത്ത് മുറിവുകൾ, പൊള്ളൽ, മൃദുവായ ടിഷ്യു അണുബാധകൾ എന്നിവയ്‌ക്കെതിരായി പ്രവർത്തിക്കുവാൻ ഫലപ്രദമാണെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. എലികളിലെ ഗവേഷണങ്ങൾ, മറ്റ് മരുന്നുകളേക്കാൾ വേഗത്തിൽ രോഗശാന്തിക്ക് പേരയിലയുടെ സത്ത് സഹായിക്കുന്നു എന്നും വെളിപ്പെടുത്തി. ആൻറി ബാക്ടീരിയൽ ഗുണങ്ങൾക്കൊപ്പം, പേരയിലയുടെ സത്തിൽ വേദന ഒഴിവാക്കാൻ സഹായിക്കുന്ന ആൻറി – ഇൻഫ്ലമേറ്ററി, വേദനസംഹാരി ഫലങ്ങളും ഉണ്ട്
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ
പേരക്കയും ഇലകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നിങ്ങൾ ലക്ഷ്യമിടുന്നുവെങ്കിൽ നിങ്ങളുടെ പേരയ്ക്ക കഴിക്കാം നല്ലതാണ്. രക്തത്തിലെ പഞ്ചസാരയും മൊത്തം കൊളസ്ട്രോളും കുറയ്ക്കുന്നതിനും എച്ച്ഡിഎൽസി അളവ് വർദ്ധിപ്പിക്കുന്നതിനും തൊലികളില്ലാത്ത പേരക്ക ഫലം കൂടുതൽ ഫലപ്രദമാണ്. കൂടാതെ, ഓരോ നേരത്തെ ഭക്ഷണത്തിലും പേരയ്ക്ക ചായയുടെ ഉപയോഗം പ്രീ ഡയബറ്റിക് പ്രശ്നമുള്ളവരിലെയും പ്രമേഹ രോഗികളുടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.
ഫൈബറിന്റെ മികച്ച ഉറവിടം
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഉപാപചയ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും കുടൽ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഒരു പേരയ്ക്ക പഴത്തിൽ താരതമ്യേന കുറഞ്ഞ കലോറി ഉള്ള 5 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്, കൂടാതെ പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ എ, പ്രോട്ടീൻ, വിറ്റാമിൻ ബി 6, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയതാണ് ഈ പഴം.
ഭക്ഷണ നാരുകളുടെ വർദ്ധിച്ച ഉപഭോഗം ഹൃദയ സംബന്ധമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹം, ചില അർബുദങ്ങൾ എന്നിവയുൾപ്പെടെ നിരവധി വിട്ടുമാറാത്ത രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നും ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായി നിലനിർത്താനും സഹായകമാകുമെന്നും ഒരു പഠനം സൂചിപ്പിക്കുന്നു.