കോൺഗ്രസ് പുനഃസംഘടനയെച്ചൊല്ലി പാര്‍ട്ടിയ്ക്കുള്ളിൽ കലഹം തുടരുന്നതിനിടെയാണ് വിഎം സുധീരനും പരസ്യമായി രംഗത്തെത്തുന്നത്. സംസ്ഥാന തലത്തിൽ നടത്തുന്ന വലിയ മാറ്റങ്ങള്‍ രാഷ്ട്രീയകാര്യ സമിതി അറിയുന്നില്ലെന്നും കെപിസിസിയുടെ പരമോന്നത സമിതിയായ രാഷ്ട്രീയകാര്യസമതിയിൽ വേണ്ടത്ര ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നുമാണ് സുധീരൻ്റെ പരാതി. ഡിസിസി പട്ടികയെച്ചൊല്ലി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരസ്യമായി പ്രതികരിച്ചതിനു പിന്നാലെയാണ് മുതിര്‍ന്ന നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ വിഎം സുധീരൻ രാജിവെച്ചത്. ഡിസിസി പട്ടികയ്ക്കെതിരെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നടത്തിയ പരസ്യപ്രതികരണം കോൺഗ്രസ് നേതൃത്വം ഇടപെട്ട് ഒതുക്കി തീര്‍ക്കുകയായിരുന്നു.
Also Read:
വേണ്ടത്ര കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കുകയാണെന്നുമാണ് വി എം സുധീരൻ ആരോപിക്കുന്നത്. കെപിസിസി പുനഃസംഘടനാ ചര്‍ച്ചകളിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും പാര്‍ട്ടിയിലെ മാറ്റങ്ങള്‍ ചര്‍ച്ച കൂടാതെയാണ് തീരുമാനിച്ചതെന്നും വിഎം സുധീരൻ ആരോപിച്ചു.
എന്നാൽ ഈ പ്രശ്നങ്ങളഅ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇടപെട്ടു പരിഹരിക്കുമന്നാണ് കെപിസിസി വര്‍ക്കിങ് പ്രസിഡൻ്റ് പി ടി തോമസ് പറയുന്നത്. പിടി തോമസ് കെ സുധാകരൻ മുൻപ് വിഎം സുധീരൻ്റെ വീട്ടിൽ പോയി സന്ദര്‍ശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വി എം സുധീരൻ്റെ രാജിയെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു കെസി വേണുഗോപാൽ പ്രതികരിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Also Read:
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിട്ട കനത്ത പ്രഹരത്തിനു പിന്നാലെയാണ് കോൺഗ്രസിൽ ഹൈക്കമാൻഡ് ഇടപെട്ടു വലിയ അഴിച്ചുപണി നടത്തുന്നത്. കെപിസിസി നേതൃത്വത്തെ അപ്രസക്തമാക്കുന്ന വിധം ഗ്രൂപ്പുകള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ അവസാനിപ്പിക്കാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുമാണ് പദ്ധതി. കൂടാതെ കോൺഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കി മാറ്റാനും പദ്ധതിയുണ്ട്. താഴേത്തട്ടിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനും സിപിഎമ്മിനു സമാനമായ രീതിയിൽ പാർട്ടിയിൽ റിപ്പോർട്ടിങ് കൊണ്ടുവരാനും കോൺഗ്രസ് പദ്ധതിയിടുന്നു. ഇതിനിടെയാണ് പാർട്ടിയ്ക്ക് തലവേദന സൃഷ്ടിച്ചു കൊണ്ട് മുതിർന്ന നേതാക്കൾ തന്നെ പ്രതിഷേധം അറിയിക്കുന്നത്.
കോൺഗ്രസിലെ മാറ്റങ്ങളുടെ പേരിൽ ഇതിനോടകം നിരവധി നേതാക്കള്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന തരത്തിൽ വിഎം സുധീരൻ്റെ രാജിയും. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവര്‍ കേരളത്തിലേയ്ക്ക് വരാനിരിക്കേയാണ് രാജി എന്നതും ശ്രദ്ധേയമാണ്.