കാലാവസ്ഥാമാറ്റത്തിനും അന്തരീക്ഷ മലിനീകരണത്തിനുമിടയാക്കുന്ന വിഷവാതകങ്ങളുടെ ബഹിർഗമനം ലഘൂകരിക്കാനുള്ള കഠിനശ്രമത്തിലാണ് ലോകം. അതിനായി സ്വീകരിച്ചുവരുന്ന ഒരു വഴിയാണ് അന്തരീക്ഷത്തിലെ കാർബണിനെ പിടിച്ചെടുത്ത് നശിപ്പിക്കുന്ന കാർബൺ കാപ്ചറിങ് എന്ന പ്രക്രിയ.
നിലവിൽ കാലാവസ്ഥാ വ്യതിയാനത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകാൻ അന്തരീക്ഷത്തിലുള്ള കാർബണിന്റെ സാന്നിധ്യം കുറയ്‍ക്കാനാവണം. എന്നാൽ കാർബണിന്റെ ചെറിയൊരംശം മാത്രമേ ഇന്ന് പിടിച്ചെടുക്കാൻ സാധിക്കുന്നുള്ളൂ. എന്നാൽ ഇതിൽ ഏറെ മുന്നേറ്റമുണ്ടാക്കാനാവുന്ന കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ടെക്സാസ് സർവകലാശാലയിലെ ഗവേഷകർ. കാർബൺഡൈ ഓക്സൈഡിനെ ഉയർന്ന മർദ്ദത്തിൽ കുറഞ്ഞ താപത്തിൽ ജലവുമായി ചേർത്ത് ക്രിസ്റ്റലാക്കി കാർബണിനെ കാപ്ചർ ചെയ്‌യാം. ഈ ക്രിസ്റ്റലിന്റെ രൂപീകരണ വേഗത വർധിപ്പിക്കാനുള്ള മാർഗം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഇതുവഴി ശതകോടിക്കണക്കിന് ടൺ അന്തരീക്ഷ കാർബൺ സമുദ്രത്തിന്റെ അടിത്തട്ടിൽ കാലങ്ങളോളം സംഭരിക്കാൻ സാധിച്ചേക്കും.
കാർബൺ കാപ്ചറിങ് ഭൂമിയ്‍ക്ക് വേണ്ടിയുള്ള ഒരു ഇൻഷ്വറൻസ് ആണെന്ന് കോക്ക്റെൽ സ്കൂൾ ഓഫ് എൻജിനീയറിങിലെ പ്രൊഫസറും എസിഎസ് സസ്റ്റെയ്നബിൾ കെമിസ്ട്രി ആന്റ് എഞ്ചിനീയറിങ് ഗവേഷണത്തിന്റെ സഹ രചയിതാവുമായ വൈഭവ് ബഹദൂർ പറഞ്ഞു.
കാർബൺ ന്യൂട്രൽ ആയതുകൊണ്ട് മതിയാവില്ലെന്നും കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി പരിസ്ഥിതിയ്ക്കേറ്റ ആഘാതങ്ങൾ ഇല്ലാതാക്കാൻ കാർബൺ നെഗറ്റീവ് ആവേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
കുറഞ്ഞ താപനിലയിൽ ഉയർന്ന മർദത്തിൽ കാർബൺ ഡയോക്സൈഡ് ജലവുമായി കൂടി ചേരുമ്പോഴാണ് കാർബൺ ക്രിസ്റ്റലുകൾ രൂപപ്പെടുന്നത്. ജലവുമായി ചേർത്തുണ്ടാക്കുന്ന ഈ കാർബൺ ക്രിസ്റ്റലിനെ ഹൈഡ്രേറ്റുകൾ എന്നാണ് വിളിക്കുന്നത്. എന്നാൽ നിലവിൽ വളരെ വേഗം കുറഞ്ഞൊരു പ്രക്രിയയാണിത്. സ്വാഭാവികമായി ഈ രാസപ്രവർത്തനം നടക്കുന്നതിന് മണിക്കൂറുകളോ ചിലപ്പോൾ ദിവസങ്ങളോ വേണ്ടിവന്നേക്കാം.
എന്നാൽ ഈ രാസപ്രവർത്തനത്തിലേക്ക് മഗ്നീഷ്യം ചേർത്താൽ 3000 ഇരട്ടി വേഗത്തിൽ ഹൈഡ്രേറ്റുകൾ രൂപപ്പെടുന്നതായി ഗവേഷകർ കണ്ടെത്തി. ഇന്ന് ലഭ്യമായതിൽ ഏറ്റവും വേഗമേറിയ രീതിയാണിത്. ഒരു മിനിറ്റോളം വേഗത്തിൽ ഇത് സാധ്യമാവും. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വേഗമേറിയ ഹൈഡ്രേഷൻ രൂപീകരണ പ്രക്രിയയാണിത്.
ഹൈഡ്രേറ്റ് രൂപീകരണ പ്രക്രിയയുടെ വേഗത വർധിപ്പിക്കാൻ ഏതെങ്കിലും രാസവസ്തുകൂടി ചേർത്ത് ഇതിന്റെ വേഗം വർധിപ്പിക്കുകയാണ് ഇന്ന് ചെയ്തുവരുന്നത്. അത് ഫലപ്രദമാണെങ്കിലും വേഗം കുറവാണ്. മാത്രവുമല്ല ഈ രാസവസ്തുക്കൾ വളരെ ചിലവേറിയതും പരിസ്ഥിതിയ്‍ക്ക് ഗുണകരമായതും അല്ല.
റിയാക്‍ടറുകളിലാണ് ഹൈഡ്രേറ്റുകൾ രൂപപ്പെടുന്നത്. പ്രായോഗിക തലത്തിൽ ഈ റിയാക്‍ടറുകൾ സമുദ്രത്തിനടിയിലാണ് വിന്യസിക്കേണ്ടത്. വായുവിൽ നിന്ന് വലിച്ചെടുക്കുന്ന കാർബൺ ഡയോക്സൈഡ് സമുദ്രത്തിനടിയിലെ റിയാക്‍ടറുകളിലേക്ക് കൊണ്ടുപോവുകയും ഹൈഡ്രേറ്റുകളാക്കി മാറ്റുകയും ചെയ്‌യുന്നു. ഹൈഡ്രേറ്റുകളുടെ സ്ഥിരത കാർബൺ ചോർച്ചയുടെ ഭീഷണികൾ കുറയ്‍ക്കും.
അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് എങ്ങനെ കുറയ്‍ക്കുമെന്ന ചോദ്യം ആഗോള തലത്തിൽ ഉയരുമ്പോഴും CO2 ഹൈഡ്രേറ്റുകളെ ഒരു സാധ്യതയായി കണക്കാക്കിക്കൊണ്ടുള്ള ഗവേഷണം നടത്തുന്നവർ കുറവാണെന്ന് ബഹദൂർ പറഞ്ഞു.
എക്സോൺമൊബിലും യുടി ഓസ്റ്റിനിലെ എനർജി ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് ഈ ഗവേഷണം നടത്തിയത്. തങ്ങളുടെ കണ്ടെത്തൽ വാണിജ്യവത്‌കരിക്കുന്നതിന് പേറ്റന്റ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണിപ്പോൾ ഗവേഷകരും എക്സോൺ മൊബിലും.
കടപ്പാട് : https://phys.org/news/2021-09-metals-supercharge-method-carbon-dioxide.html
https://pubs.acs.org/doi/10.1021/acssuschemeng.1c03041