ന്യൂഡല്ഹി > അസമിലെ പൊലീസ് നരനായാട്ട് സംസ്ഥാനത്തെ ബിജെപി സര്ക്കാര് തയ്യാറാക്കിയ ന്യൂനപക്ഷവേട്ടയെന്ന് സിപിഐ എം. ദരങ് ജില്ലയിലെ ധോല്പുരിലെ ഗ്രാമീണ മേഖലയില്, ഭൂമികൈയ്യേറ്റം ആരോപിച്ചാണ് പതിറ്റാണ്ടുകളായി മണ്ണില് പണിയെടുക്കുന്ന കര്ഷകര്ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. പൊലീസ് അക്രമത്തില് രണ്ടുപേര് കൊല്ലപ്പെടുകയും ചെയ്തു.
പ്രദേശത്തെ മുസ്ലിം വിഭാഗത്തെ ലക്ഷ്യംവെച്ച് വര്ഗീയമായി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് അക്രമം നടന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി. ഇന്ത്യയിലെ എല്ലാ പൗരന്മാര്ക്കും തുല്യതയും സുരക്ഷയും നല്കുന്ന ഭരണഘടനയുടെ ഉറപ്പിന് നേരെയുള്ള കടന്നാക്രമണമാണിത്. സംഭവത്തില് ജുഡീഷ്യല് അന്വേഷണം വേണമെന്നും പിബി ആവശ്യപ്പെട്ടു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണം. പ്രദേശത്തെ കുടിയൊഴിപ്പിക്കല് ഉടന് നിര്ത്തിവെക്കണം. മരിച്ചവരുടെ കുടുംബങ്ങള്ക്ക് സഹായധനം പ്രഖ്യാപിക്കണമെന്നും പിബി ആവശ്യപ്പെട്ടു.
ബിജെപി സര്ക്കാരിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പോരാടുന്ന മതനിരപേക്ഷ-ജനാധിപത്യ ശക്തികള്ക്ക് ഐക്യദാര്ഢ്യം നല്കുന്നുവെന്നും പിബി അറിയിച്ചു.
ധോല്പുരില് കുടിയൊഴിപ്പിക്കല് എതിര്ത്ത ഗ്രാമവാസികള്ക്കുനേരെയാണ് പ്രകോപനമില്ലാതെ പൊലീസ് വെടിയുതിര്ത്തത്. ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളാണ് ഇവിടത്തെ താമസക്കാരില് അധികവും. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള് മഴയില്നിന്ന് രക്ഷനേടാന് താല്ക്കാലിക കൂരകളില് അഭയംതേടിയ വീഡിയോ പുറത്തുവന്നു. എണ്ണൂറോളം കുടുംബത്തിലായി രണ്ടായിരത്തോളം പേരെയാണ് കുടിയൊഴിപ്പിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
ധോല്പുരില് വര്ഷങ്ങളായി താമസിച്ചിരുന്ന കുടുംബങ്ങളെ ഒഴിപ്പിക്കാന് വ്യാഴാഴ്ച പൊലീസ് എത്തിയപ്പോള് ഗ്രാമവാസികള് പ്രതിഷേധിച്ചു. മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാരെ പൊലീസ് തല്ലിച്ചതച്ചു. കല്ലേറില് ഒമ്പത് പൊലീസുകാര്ക്കും പരിക്കേറ്റു. കോവിഡ്കാലത്ത് നടക്കുന്ന ഒഴിപ്പിക്കലിനെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.
മൂന്നു മാസത്തിനിടെ ബിജെപി സര്ക്കാര് നടത്തുന്ന രണ്ടാമത്തെ ഒഴിപ്പിക്കലാണിത്. തിങ്കളാഴ്ച ധോല്പുര് ബസാര്, വെസ്റ്റ് ചുബ എന്നിവിടങ്ങളിലെ എണ്ണൂറോളം കുടുംബത്തെ പൊലീസ് ഒഴിപ്പിച്ചു. ജൂണില് 49 മുസ്ലിം കുടുംബത്തെയും ഒരു ഹിന്ദു കുടുംബത്തെയും ഒഴിപ്പിച്ചു. ഒഴിപ്പിക്കലിന് നേതൃത്വം നല്കിയ ഉദ്യോഗസ്ഥരെ അസം മുഖ്യമന്ത്രി ഹിമന്ദ ബിസ്വ സര്മ അഭിനന്ദിച്ചതും വിവാദമായിട്ടുണ്ട്.