ഫിറ്റ്നസിൽ വിട്ടുവീഴ്ച ചെയ്‌യാത്തയാളാണ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ചിട്ടയായ ഭക്ഷണവും വർക്കൗട്ടുമൊക്കെയാണ് താരത്തിന്റെ ദൃഢമായ ശരീരത്തിനു പിന്നിൽ. ഇപ്പോഴിതാ റോണോയുടെ പ്രിയവിഭവങ്ങളെക്കുറിച്ചു പങ്കുവെക്കുകയാണ് അദ്ദേഹത്തിന്റെ പേഴ്സണൽ ഷെഫായ ജിയോര്ഡജിയോ ബരോൺ.
പച്ചക്കറിയും മാംസവിഭവങ്ങളും ഒരുപോലെ സമ്പന്നമാണ് റൊണാൾഡോയുടെ ഡയറ്റിൽ. മീനും പ്രോട്ടീൻ വിഭവങ്ങളും സാലഡുമൊക്കെയില്ലാതെ താരത്തിന്റെ ഒരുദിനം കടന്നുപോകാറില്ല. ചിട്ടയായ ഡയറ്റ് എന്നു കരുതി വിലപിടിപ്പുള്ള ഭക്ഷണങ്ങളോട് താൽപര്യമുള്ളയാളല്ല കക്ഷി. ആരോഗ്യകരമായ ഭക്ഷണമായിരിക്കണം എന്നുമാത്രമേ റോണോയ്‍ക്ക് നിർബന്ധമുള്ളു.
മിക്കപ്പോഴും ഓർഗാനിക് ഭക്ഷണങ്ങളാണ് താരത്തിന് നൽകാറുള്ളതെന്നും ഷെഫ് പറയുന്നു. മുട്ടയും അവക്കാഡോയും വെളിച്ചെണ്ണയുമൊക്കെ റോണാൾഡോയുടെ ഡയറ്റിലെ സ്ഥിരം സാധനങ്ങളാണ്.
ദിവസം ആറുനേരമായി ഭക്ഷണം കഴിക്കുന്നതാണ് താരത്തിന്റെ ശീലം. കുറച്ചുഭക്ഷണം കൂടുതൽ സമയങ്ങളിലായി കഴിക്കുന്നതാണ് രീതി. ഭക്ഷണങ്ങൾ വെളിച്ചെണ്ണയിൽ തയ്‌യാറാക്കുന്നതാണ് റോണോയ്‍ക്കിഷ്ടമെന്നും ഷെഫ് പറയുന്നു. ഇത് കൊഴുപ്പിനെ കരിച്ചുകളയുമെന്നും കൊളസ്ട്രോൾ നില മെച്ചപ്പെടുത്തുമെന്നുമാണ് ഷെഫ് പറയുന്നത്.
മിക്കവരേയുംപോലെ ധാരാളം വെള്ളം കുടിക്കുന്നതും റൊണാൾഡോയുടെ ശീലങ്ങളിലൊന്നാണ്. കഠിനമായ വർക്കൗട്ടുകളിലൂടെ കടന്നുപോകുന്നതുകൊണ്ടു തന്നെ ധാരാളം വെള്ളം കുടിക്കാറുണ്ട്. ഡിന്നർ വൈകി കഴിക്കുന്നതിനു പകരം നേരത്തേ കഴിക്കുന്നതാണ് ശീലം. വൈകുന്നേരത്തോടെ തന്നെ അത്താഴം കഴിക്കുകയാണ് ചെയ്‌യാറുള്ളത്. പരിശീലനത്തിനും ഡയറ്റിനുമെല്ലാമൊപ്പം വേണ്ടത്ര വിശ്രമവും റോണോ ശരീരത്തിന് നൽകാറുണ്ട്.
Content Highlights: Cristiano Ronaldos personal chef gave an insight into his notorious diet