മരുക്കാട്ടിലേക്കുള്ള മലയാളിയുടെ തൊഴില്‍കുടിയേറ്റം ആരംഭിക്കുന്നതിന് ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഹോട്ടല്‍ വ്യവസായവുമായി ഒരു മലയാളി ഗള്‍ഫിലുണ്ടായിരുന്നുവെന്ന് എത്രപേര്‍ക്ക് അറിയാം.
ദീപാലങ്കാരം ചാര്‍ത്തി, ആകാശംമുട്ടിക്കിടക്കുന്ന ഹോട്ടല്‍ സമുച്ചയങ്ങള്‍ ഗള്‍ഫ് നഗരങ്ങളിലെ പുതിയ കാഴ്ചയേ അല്ല. ഷെറാട്ടണ്‍, അത്ലാന്റിക്സ്, മാരിയറ്റ്, ഹില്‍ട്ടണ്‍ തുടങ്ങിയ അന്താരാഷ്ട്ര പഞ്ചനക്ഷത്ര ഭീമന്മാര്‍ മുതല്‍ മലയാളി മാനേജ്മെന്റുകള്‍ നടത്തുന്ന ഗോകുലം പാര്‍ക്ക്, ഹൊറൈസണ്‍ വരെയുള്ള വന്‍കിട ഹോട്ടലുകള്‍ ഇന്ന് അക്കൂട്ടത്തിലുണ്ട്.
സ്റ്റാര്‍ ഹോട്ടല്‍ വ്യവസായം 1990കളുടെ അവസാനത്തിലാണ് ഗള്‍ഫില്‍ വേരുകളാഴ്ത്തി തുടങ്ങുന്നത്. അതിനും നാലു പതിറ്റാണ്ട് മുമ്പ് 1950കളുടെ തുടക്കത്തിലാണ് ചാവക്കാട്ടുകാരനായ കൊങ്ങണം വീട്ടില്‍ ഹംസ ഖത്തറിലെ ആദ്യ ഹോട്ടല്‍ തുടങ്ങാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ദോഹ കോര്‍ണിഷിനു മുന്നിലായുള്ള സൂഖ് വാഖിഫില്‍ 1954 സെപ്റ്റംബറില്‍ പ്രവര്‍ത്തനമാരംഭിച്ച ഹംസയുടെ ബിസ്മില്ല ഹോട്ടലിന്റെ ചരിത്രം 67 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഖത്തറിലെ ആദ്യ റസ്‌റ്റോറന്റും ആദ്യ ലോഡ്ജിങ് സൗകര്യവും ഇതാണ്.
ഖത്തറിലെ പ്രധാന ടൂറിസ്റ്റ് ഹബ്ബും ദോഹയുടെ ഹൃദയമെന്ന് അറിയപ്പെടുന്നതുമായ സൂഖ് വാഖിഫില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന ബിസ്മില്ല ഹോട്ടല്‍ ഒരുപക്ഷേ ഗള്‍ഫില്‍ ലോഡ്ജിങ് സൗകര്യമുണ്ടായിരുന്ന ആദ്യത്തെ ഹോട്ടലായിരുന്നിരിക്കണം. ഇന്നത്തെപ്പോലെ വലിയ കെട്ടിടങ്ങളോ ജനനിബിഡമായ മാര്‍ക്കറ്റുകളോ ഇല്ലാതിരുന്ന അക്കാലത്ത് ദോഹ നഗരത്തിന്റെ മേല്‍വിലാസം ബിസ്മില്ല ഹോട്ടലായിരുന്നു.
ഒരു വിമാനയാത്രയിലാണ് ഹംസയുടെ മൂത്തമകനും രണ്ടാം തലമുറയിലെ ബിസ്മില്ലയുടെ നടത്തിപ്പുകാരനുമായിരുന്ന ദസ്തകിറിനെ പരിചയപ്പെട്ടത്. ആ യാത്രയില്‍ ദസ്തകിര്‍ ഉപ്പയെക്കുറിച്ചും ബിസ്മില്ലയെക്കുറിച്ചും പറഞ്ഞു തുടങ്ങി.
ബിസ്മില്ലയുടെ തുടക്കം
നാട്ടിലെ ദാരിദ്ര്യവും ജന്മിമാരുടെ കൊള്ളരുതായ്മകളും അസഹനീയമായിരുന്ന 1940കളുടെ തുടക്കത്തില്‍, തന്റെ കൗമാരത്തിലാണ് ഹംസ മുബൈയിലേക്കു തൊഴില്‍ത്തേടിപ്പോയത്. മുംബൈയില്‍ പല ജോലികള്‍ ചെയ്തു ഏതാനും വര്‍ഷങ്ങള്‍ തള്ളിനീക്കി. ചാവക്കാട്, ചേറ്റുവ തുടങ്ങി തൃശൂര്‍ ജില്ലയുടെ മറ്റു ഭാഗങ്ങളില്‍നിന്നും മുംബൈയിലേക്കു തൊഴില്‍തേടിയെത്തിയ നിരവധി പേരെ പരിചയപ്പെട്ടു. അവരില്‍ പലരും പേര്‍ഷ്യയിലേക്കു കൂടുമാറാന്‍ മനസ് പാകപ്പെടുത്തിയവരായിരുന്നു. ഹംസയും അവരൊടൊപ്പം കൂടി.
അതിനിടെയാണ് ഗുജറാത്ത് തീരത്തുനിന്നും ഗള്‍ഫിലേക്ക് ചരക്ക് കപ്പലില്‍ ആളുകളെ കൊണ്ടുപോകുന്നുണ്ടെന്ന വിവരമറിഞ്ഞത്. 1947ല്‍ ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സന്തോഷം നാടെങ്ങും പരക്കുമ്പോള്‍ ഹംസ ഉള്‍പ്പെടുന്ന 11 അംഗ മലയാളി സംഘം നിത്യദാരിദ്ര്യത്തില്‍നിന്നു കരകയറാമെന്ന മോഹത്തോടെ ഗള്‍ഫ് തീരത്തേക്കു കടക്കാനുള്ള തയാറെടുപ്പുകളിലായിരുന്നു. കൃത്യമായ തിയതി അറിയില്ലെങ്കിലും 1948 പകുതിയോടെ ഉപ്പയുള്‍പ്പെട്ട സംഘം ദോഹയിലെത്തിയിട്ടുണ്ടെന്നാണ് ദസ്തകിര്‍ പറഞ്ഞത്. പുതിയ നഗരത്തിലേക്ക് കുടിയേറിയ അവരില്‍ പലരും പല ജോലികളില്‍ ഏര്‍പ്പെട്ടു.
”പല ജോലികളും ചെയ്തശേഷം ദോഹയിലെ അന്നത്തെ സാഹചര്യത്തിനു യോജിച്ച രീതിയില്‍ ഹോട്ടല്‍ ബിസിനസ് നടത്തണമെന്ന് ഉപ്പ ആഗ്രഹിച്ചു. സൂഖ് വാഖിഫ് അന്നൊരു ചെറിയ ചന്ത മാത്രമായിരുന്നു. ഇന്നുകാണുന്ന പോലെ സുന്ദരമായ കെട്ടിടങ്ങളും ജനത്തിരക്കുമൊന്നുമില്ലാത്ത മരുക്കാട്ടിലെ വെറുമൊരു അങ്ങാടി. അന്ന് ആ ചെറിയ തുരുത്തിലേക്ക് കുടിയേറിയവരില്‍ കൂടുതലും പാക്കിസ്താന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. സൗദി അറേബ്യയില്‍നിന്നും ഒമാനില്‍നിന്നും ചരക്കുമായെത്തുന്ന വ്യാപാരസംഘങ്ങളാണ് അക്കാലത്ത് സൂഖ് വാഖിഫിന് ജീവന്‍ നല്‍കിയിരുന്നതെന്ന് ഉപ്പ പറഞ്ഞുകേട്ടിട്ടുണ്ട്. പലതരം ആളുകള്‍ വന്നുപോയിക്കൊണ്ടിരുന്ന അങ്ങാടിയില്‍ ചായക്കടയോ ഭക്ഷണശാലകളോ ഉണ്ടായിരുന്നില്ല. ഈ അവസരം ഉപയോഗപ്പെടുത്തി ഉപ്പ ആ അങ്ങാടിയില്‍ ചായയും പലഹാരങ്ങളും ഉണ്ടാക്കി വില്‍പ്പന നടത്തി. തുടക്കത്തില്‍ നടന്നായിരുന്നു കച്ചവടം. മുംബൈയിലെ ജോലി പരിചയമായിരുന്നു കച്ചവടത്തിന്റെ പിന്‍ബലം,” ദസ്തകിര്‍ പറഞ്ഞു.
ചായക്കൊപ്പം സമൂസയും നെയ്യപ്പവും പോലുള്ള പലഹാരങ്ങള്‍ കിട്ടുമെന്നത് ദൂരെ ദിക്കുകളില്‍നിന്നു മാര്‍ക്കറ്റില്‍ എത്തിയിരുന്നവര്‍ക്ക് വലിയ ആശ്വാസമായി മാറി. ചായക്കച്ചവടം വലിയ വിജയമായതോടെയാണ് ഹോട്ടല്‍ തുടങ്ങണമെന്ന മോഹം ഹംസയില്‍ ചിറകുമുളച്ചത്. 1950ന്റെ തുടക്കത്തില്‍ തന്നെ ഹോട്ടലിന് അനുയോജ്യമായ കെട്ടിടം സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ അദ്ദേഹം ആരംഭിച്ചു. അന്നത്തെ സ്ഥിരം ഉപഭോക്താക്കളില്‍ ഒരാളും രാജകുടുംബാഗവുമായിരുന്ന ശൈഖ് അഹമ്മദ് ബിന്‍ അലി അല്‍ത്താനിയോടായിരുന്നു ഹംസ തന്റെ പദ്ധതി വിശദീകരിച്ചത്. ഹംസയോടുള്ള സ്നേഹവും അദ്ദേഹം അവതരിപ്പിച്ച ബിസിനസ് പദ്ധതിയോടുള്ള താല്‍പ്പര്യവും മുന്‍നിര്‍ത്തി ശൈഖ് അഹമ്മദ് ബിന്‍ അലി അല്‍ത്താനി മകന്‍ ശൈഖ് അലി ബിന്‍ അഹമ്മദുമായി ചേര്‍ന്ന് സൂഖിനകത്തൊരു ഇരുനില കെട്ടിടം നിര്‍മിച്ചു നല്‍കി. അങ്ങനെ ഖത്തര്‍ ചരിത്രത്തിലെ ആദ്യ മലയാളി ഹോട്ടലായ ബിസ്മില്ല യാഥാര്‍ത്ഥ്യമായി. ഹംസ ഹോട്ടല്‍ ബിസിനസുകാരനുമായി.
ദോഹ നഗരത്തിലെ ആദ്യത്തെ വലിയ കെട്ടിടം
1954 സെപ്റ്റംബറിലാണ് ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. അന്ന് ഖത്തറിലെ തന്നെ അപൂര്‍വം ഇരുനിലകെട്ടിടങ്ങളില്‍ ഒന്നായിരുന്നു ബിസ്മില്ല ഹോട്ടല്‍. മുകള്‍ നിലയില്‍ മൂന്ന് മുറികളാണുണ്ടായിരുന്നത്. ഇതില്‍ രണ്ടു മുറികള്‍ അതിഥികള്‍ക്ക് താമസിക്കാനായി മാറ്റിവച്ചു.
”മൂന്നാമത്തെ മുറിയില്‍ ഉപ്പയും ഹോട്ടല്‍ ജോലിക്കാരും താമസിച്ചു. ദുബൈയില്‍നിന്നും മസ്‌കത്തില്‍നിന്നും വന്നിരുന്ന ആടുകച്ചവടക്കാരായിരുന്നു ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചിരുന്നത്. മുറികള്‍ ബാത്ത് അറ്റാച്ച്ഡ് അല്ലാത്തതിനാല്‍ കുളിക്കാനും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനും താഴെ പൊതുവായി സൗകര്യം ഉണ്ടായിരുന്നു. ഖത്തര്‍ കറന്‍സി നിലവിലില്ലാതിരുന്ന അക്കാലത്ത് ഇന്ത്യന്‍ രൂപയിലായിരുന്നു മുറി വാടക വാങ്ങിച്ചിരുന്നത്. 1966 വരെ ഇന്ത്യന്‍ കറന്‍സിയായിരുന്നു ഖത്തറില്‍ ഉപയോഗത്തിലുണ്ടായിരുന്നത്,” ദസ്തകിര്‍ പറഞ്ഞു.
ഗള്‍ഫ് നഗരങ്ങളിലെ ആദ്യത്തെ ഹോട്ടല്‍
ഉപ്പയെ ഹോട്ടല്‍ നടത്തിപ്പില്‍ സഹായിക്കാനായി 1978ലാണ് ദസ്തകിര്‍ ദോഹയിലെത്തിയത്. അതിന് ഒരു വര്‍ഷം മുമ്പ് ബിസ്മില്ലയിലെ ലോഡ്ജിങ് സൗകര്യം ഒഴിവാക്കി റസ്റ്റോറന്റ് മാത്രമായിക്കഴിഞ്ഞിരുന്നു. റസ്റ്റോറന്റ് വിപുലമാവുകയും തൊഴിലാളികളുടെ എണ്ണം കൂടുകയും ചെയ്തപ്പോഴാണ് ബിസ്മില്ലയിലെ ലോഡ്ജിങ് സൗകര്യം ഒഴിവാക്കിയതെന്ന് ദസ്തകിര്‍ പറഞ്ഞു.
”അതിഥികള്‍ക്ക് നല്കിയ മുറിയിലായിരുന്നു പിന്നീട് ഞങ്ങള്‍ കഴിഞ്ഞിരുന്നത്. ബിസ്മില്ലയിലെ ലോഡ്ജിങ് സൗകര്യം ഒഴിവാക്കിയതോടെ ചന്തയിലെത്തിയിരുന്ന കച്ചവടക്കാര്‍ ചരക്കുവാഹനങ്ങളില്‍ തന്നെ രാത്രി ഉറങ്ങുന്ന അവസ്ഥയായിരുന്നു. മുശൈരിബില്‍ ദോഹ പാലസ് എന്ന ഹോട്ടല്‍ തുടങ്ങുന്നത് വരെ ആ സ്ഥിതി തുടര്‍ന്നു. ഞാന്‍ ദോഹയിലെത്തി ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബിസ്മില്ലയില്‍നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെ മുശൈരിബില്‍ ദോഹ പാലസ് ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങിയത്,” ദസ്തകിര്‍ പറഞ്ഞു.
രണ്ടു പതിറ്റാണ്ടിലേറെ അതിഥികളെ സേവിച്ച ശേഷമാണു ബിസ്മില്ല ലോഡ്ജിങ് അവസാനിപ്പിച്ചത്. 1958ല്‍ എടുത്ത ഹോട്ടലിന്റെ ചിത്രം കെട്ടിടത്തിന്റെ പഴക്കത്തിനുള്ള തെളിവായി ഇന്നും പുറത്ത് തൂക്കിയിട്ടിട്ടുണ്ട്. ഹോട്ടല്‍ തുടങ്ങിയശേഷമാണ് ഉപ്പ ഗള്‍ഫില്‍നിന്ന് ആദ്യമായി നാട്ടില്‍ തിരിച്ചെത്തിയതെന്നും ഉമ്മയെ കല്യാണം കഴിച്ചതെന്നും ദസ്തകിര്‍ പറഞ്ഞു. 1955ലായിരുന്നു വിവാഹം.
മലയാളികളുടെ വിലാസം
ദസ്തകിര്‍ ദോഹയിലെത്തിയ എഴുപതുകളുടെ അവസാനത്തില്‍ നഗരം ഇന്നു കാണുന്നപോലെ വലിയ വളര്‍ച്ചയൊന്നും നേടിയിട്ടുണ്ടായിരുന്നില്ല. സൂഖ് വാഖിഫ് തന്നെയായിരുന്നു പ്രധാന മാര്‍ക്കറ്റ്. പച്ചക്കറി, പലചരക്ക് കടകളും മീന്‍ മാര്‍ക്കറ്റും വസ്ത്ര വില്‍പ്പനക്കടകളുമാണു സൂഖില്‍ പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്. ബിസ്മില്ല ഹോട്ടല്‍ മാത്രമായിരുന്നു അക്കാലത്ത് സൂഖിലെ വ്യത്യസ്തമായ കച്ചവടസ്ഥാപനം. പച്ചക്കറി മാര്‍ക്കറ്റും മീന്‍ മാര്‍ക്കറ്റും ഉച്ചയോടെ കാലിയാകും. മറ്റു കടകള്‍ ആറു മണിയോടെ അടയ്ക്കും. പിന്നെ സൂഖ് വാഖിഫ് വിജനമായ പ്രദേശമായി മാറും.
ഒരു ഹോട്ടല്‍ എന്നതിലുപരി ബിസ്മില്ല അക്കാലത്ത് ഖത്തറിലെ മലയാളികളുടെ സംഗമ കേന്ദ്രമായിരുന്നു. സ്വന്തമായി വിലാസമുണ്ടാവാതിരുന്ന പലരുടെയും പോസ്റ്റ്ബോക്സ് ബിസ്മില്ലയുടേതായിരുന്നു. അവര്‍ക്കുള്ള കത്തുകളും പാര്‍സലുകളും സ്വീകരിച്ചിരുന്നതും വിതരണം ചെയ്തിരുന്നതും ബിസ്മില്ലയിലെ ജീവനക്കാരായിരുന്നു.
പഴമയുടെ പ്രൗഢിയോടെ ഇന്നും സൂഖില്‍ ബിസ്മില്ല ഹോട്ടലുണ്ട്. ബിസ്മില്ലയോളം പഴക്കെ ചെന്ന മറ്റൊരു കെട്ടിടവും ഇന്ന് ദോഹയിലില്ല. ആറു മുറികളുള്ള ലോഡ്ജും ഇന്ത്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന റസ്റ്റോറന്റുമാണ് ബിസ്മില്ലയില്‍ ഇന്നുള്ളത്. ഓരോ ദിവസവും വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണിന്ന് ദോഹയിലെ പൈതൃക സൂഖിന്റെ ഭംഗി ആസ്വദിക്കാനായി ബിസ്മില്ലയ്ക്കു മുന്നിലെത്തുന്നത്.
ബിസ്മില്ല റസ്ന്റോറന്റ് എന്ന് ഇംഗ്ലീഷിലും അറബിയിലും രേഖപ്പെടുത്തിയിട്ടുള്ള പ്രധാന സൈന്‍ബോര്‍ഡും നിരപ്പലക പോലെയുള്ള മരവാതിലുകളും അതേപടി നിലനിര്‍ത്തിയുള്ള കെട്ടിടം സൂഖിന്റെ കാരണവരായി നിലകൊള്ളുകയാണ്.
രണ്ടായിരമാണ്ടില്‍ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി സൂഖ് പുതുക്കിപ്പണിതപ്പോള്‍ ഹംസ ഹാജിക്ക് ഖത്തറിനോടും ഈ രാജ്യത്തിന് അദ്ദേഹത്തോടുമുള്ള കടപ്പാടിന്റെ ഓര്‍മയ്ക്കു വേണ്ടിയായിരിക്കാം ബിസ്മില്ല ഹോട്ടല്‍ മാത്രം അറ്റകുറ്റപ്പണികള്‍ നടത്തി ഭരണകൂടം നിലനിര്‍ത്തിയത്. അതുവഴി ഹംസഹാജിയും ഹോട്ടലും പുതിയ കാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു…
The post ബിസ്മില്ല ഹോട്ടല്‍: മലയാളി എഴുതിയ ദോഹയുടെ മേല്‍വിലാസം appeared first on Indian Express Malayalam.