ദുബായ്: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക് എത്തിയ വാനിദു ഹസാരംഗയും ദുഷ്മന്ത ചമീരയും ടീമിന് പുതിയ മാനം നൽകിയെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി. കോവിഡ് മൂലം നിർത്തിവെച്ച ഐപിഎല്ലിന്റെ ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആർസിബിയിലേക്ക് പുതിയതായി എത്തിയവരാണ് ഈ രണ്ട് ശ്രീലങ്കൻ താരങ്ങളും.
ബയോ ബബിളിൽ ഒന്നിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മേയിൽ നിർത്തിവച്ച ഐപിഎൽ -14 മത് സീസണിലെ മത്സരങ്ങൾ നാളെ യുഎഇയിൽ പുനരാരംഭിക്കുകയാണ്.
സീസണിന്റെ ആദ്യ ഘട്ടത്തിൽ ആർസിബിക്കായി കളിച്ച കെയ്ൻ റിച്ചാർഡ്സണും ആദം സാമ്പയ്ക്കും പകരമായാണ് വാനിദു ഹസാരംഗയെയും ദുഷ്മന്ത ചമീരയെയും ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
“ഞങ്ങൾ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, ഞങ്ങൾക്ക് കുറച്ച് പകരക്കാരെയും ലഭിച്ചു. ആദ്യ മത്സരത്തിൽ ഞങ്ങളോടൊപ്പമുണ്ടായിരുന്ന കെയ്ൻ റിച്ചാർഡ്സൺ, ആദം സാംപ, രണ്ടാം പകുതിയിൽ കളിക്കുന്നില്ലെന്ന് തീരുമാനം എടുത്തു, അത് തികച്ചും മനസ്സിലാക്കാവുന്ന കാരണങ്ങളാലാണ്, ” ടീമിന്റെ നീല ജേഴ്‌സി അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ കോഹ്ലി പറഞ്ഞു.
“ഇവിടത്തെ സാഹചര്യങ്ങൾ അറിയാവുന്ന രണ്ട് കളിക്കാരെയാണ് ഞങ്ങൾക്ക് പകരക്കാരായി ലഭിച്ചത്, ഈ സമയത്ത് ഉപ ഭൂഖണ്ഡത്തിലെ സാഹചര്യങ്ങൾ സമാനമാണ്”
“വനിഡു ഹസാരംഗ, ദുഷ്മന്ത ചമീര എന്നിവർ ശ്രീലങ്കയിൽ ധാരാളം ക്രിക്കറ്റ് കളിച്ചിട്ടുണ്ട്, ഇതുപോലുള്ള പിച്ചുകളിൽ എങ്ങനെ കളിക്കണമെന്ന് അവർക്ക് അറിയാം. അവരുടെ നൈപുണ്യം നമുക്ക് വലിയ സഹായമാകും.”
Also read: IPL 2021: ഇനി ഐപിഎല്‍ രാവുകള്‍; ക്രിക്കറ്റ് പൂരത്തിന് നാളെ തുടക്കം
കളിക്കാർ പിന്മാറിയതിനാനെ കുറിച്ചു ഞങ്ങൾ സംസാരിച്ചിട്ടില്ല. ഞങ്ങൾക്ക് ഇപ്പോൾ കൂടുതൽ കരുത്ത് തോന്നുന്നു, പുതിയ താരങ്ങൾ ഞങ്ങൾക്ക് പുതിയ മാനം നൽകി, ”കോഹ്ലി കൂട്ടിച്ചേർത്തു.
നിലവിൽ പോയിന്റ് പട്ടികയിൽ ആർസിബി മൂന്നാം സ്ഥാനത്താണ്, ഏഴ് മത്സരങ്ങളിൽ അഞ്ചിലും ജയിച്ചു കൊണ്ടാണ് ആർസിബി പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ ഇടംപിടിച്ചിരിക്കുന്നത്. ടീം ഏപ്രിൽ-മെയ് മാസങ്ങളിൽ കളിച്ച അതേ ആവേശത്തോടെയും പ്രതിബദ്ധതയോടെയും രണ്ടാം ഘട്ടത്തിലും കളിക്കുമെന്ന് കോഹ്ലി പറഞ്ഞു. പോയിന്റ് പട്ടികയിൽ ഏത് സ്ഥാനത്തായാലും അതിൽ മാറ്റമുണ്ടാവില്ല എന്നും കോഹ്ലി വ്യക്തമാക്കി.
തിങ്കളാഴ്ച അബുദാബിയിൽ വെച്ചു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ആർസിബിയുടെ ആദ്യ മത്സരം. കോവിഡ് മുൻനിര പോരാളികൾക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് പിപിഇ കിറ്റിന്റെ നിറത്തിന് സമാനമായ നീല നിറത്തിലുള്ള ജേഴ്‌സി അണിഞ്ഞാണ് ആർസിബി മത്സരത്തിനിറങ്ങുക.
മത്സരത്തിന് ശേഷം കളിക്കാർ ഒപ്പിട്ട ജഴ്‌സികൾ ലേലം ചെയ്യുകയും അതിൽ നിന്നുള്ള വരുമാനം ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ സൗജന്യ വാക്സിനേഷനായി ഉപയോഗിക്കാനാണ് മാനേജ്‍മെന്റ് തീരുമാനം.
The post IPL 2021: ഹസാരംഗയും ചമീരയും ആർസിബിക്ക് പുതിയ മാനം നൽകി: വിരാട് കോഹ്ലി appeared first on Indian Express Malayalam.