ഷവോമിയുടെ ഏറ്റവും പുതിയ ഷവോമി 11ടി സീരീസ് ഫോണുകളും ഷവോമി പാഡ് 5 ഉം പുറത്തിറങ്ങി. പ്രീമിയം ഫോണുകൾ എംഐയിൽ നിന്നും ഷവോമിയിലേക്ക് റീബ്രാന്ഡിങ് നടത്തിയതിനു ശേഷം പുറത്തിറങ്ങിയ ഫോൺ ഷവോമി ലോഗോയിലാണ് വരുന്നത്. പുതിയ ഷവോമി 11ടി സീരീസ് ഫോണുകളുടെയും ടാബ്‌ലറ്റായ പാഡ് 5 ന്റെയും വിലയും സവിശേഷതകളും അറിയാം
Xiaomi 11T, 11T Pro and Xiaomi Pad 5: Prices – ഷവോമി 11ടി, 11ടി പ്രോ, ഷവോമി ടാബ് 5: വില
ഷവോമി 11ടിക്ക് 499 യൂറോ (ഏകദേശം 43,300 രൂപ) മുതലാണ് വില വരുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില. ഷവോമി 11ടി പ്രോയുടെ വില 649 യുറോ (ഏകദേശം 56,400 രൂപ) ആണ്, 8ജിബി + 128ജിബി മോഡലിനാണ് ഈ വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമായി എത്തുന്ന പുതിയ ഷവോമി പാഡ് 5 ന് 349 യൂറോ (ഏകദേശം 30,300 രൂപ) വിലയുണ്ട്.
Xiaomi 11T specifications – ഷവോമി 11ടി സവിശേഷതകൾ
ഷവോമി 11ടിയിൽ 90 ഹെർട്സ് റിഫ്രഷ് റേറ്റ് നൽകുന്ന 6.67 ഇഞ്ച് ഫ്ലാറ്റ് അമോഎൽഇഡി ഡിസ്പ്ലേയാണ് വരുന്നത്. മീഡിയടെക് ഡിമെൻസിറ്റി 1200-അൾട്രാ പ്രോസസ്സറിന്റെ കരുത്തിൽ വരുന്ന ഫോൺ പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 11ലാണ്. 108 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ക്യാമറ, എഫ്/2.4 ലെൻസിലുള്ള ടെലി മാക്രോ ക്യാമറ എന്നിവയുൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലേത്. 8കെ വീഡിയോകൾ വരെ ഈ ഫോണിൽ റെക്കോർഡ് ചെയ്യാനാകും. 16എംപിയാണ് മുൻ ക്യാമറ.
ഓഡിയോ സൂം എന്ന ഫീച്ചറിനായി ഫോണിൽ മൂന്ന് മൈക്രോഫോണുകൾ ഉണ്ട്. ഇതുപയോഗിച്ച് വളരെ ദൂരെ നിന്ന് ശബ്‌ദം പകർത്താൻ കഴിയുമെന്ന് ഷവോമി അവകാശപ്പെടുന്നു.
Also read: ‘എംഐ’ ബ്രാൻഡിങ്ങിന് വിട, ഇനിയെല്ലാം ‘ഷവോമി’
Xiaomi 11T Pro specifications – ഷവോമി 11ടി പ്രോ സവിശേഷതകൾ
120 ഹെർട്സ് റിഫ്രഷ് നിരക്ക് നൽകുന്ന 6.67 ഇഞ്ച് ഫ്ലാറ്റ് 10-ബിറ്റ് അമോഎൽഇഡി ട്രൂ-കളർ ഡിസ്പ്ലേയോടെയാണ് പ്രോ പതിപ്പ് വരുന്നത്. ഷവോമിയുടെ അഡാപ്റ്റീവ് സിങ്ക് സാങ്കേതികവിദ്യയെയും ഇതിലുണ്ട്, ഓൺ-സ്ക്രീൻ ഉള്ളടക്കത്തിനനുസരിച്ച് റിഫ്രഷ് നിരക്ക് ചലനാത്മകമായി ക്രമീകരിക്കാൻ ഫോണിന് കഴിയുമെന്ന് ഷവോമി പറയുന്നു. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസിന്റെ സംരക്ഷണവും ഫോണിന് ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റാണ് ഇതിന് കരുത്ത് പകരുന്നത്.
ഫോട്ടോഗ്രാഫിക്കായി 108 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ഷൂട്ടർ, ടെലിമാക്രോ ഷൂട്ടർ എന്നിവയുൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് നല്കിയിരിക്കുന്നത്. 8കെ വരെയുള്ള വീഡിയോകൾ ഷൂട്ട് ചെയ്യാം. ഇതിൽ എച്ഡിആർ10+, മുകളിൽ സൂചിപ്പിച്ച ഓഡിയോ സൂം സവിശേഷത എന്നിവ വരുന്നുണ്ട്. മുന്നിൽ 16 എംപിയുടെ സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്.
ഹർമൻ കാർഡൺ ട്യൂൺ ചെയ്ത ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളുമായാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. ഷവോമി 11ടി പ്രോയിൽ ഡോൾബി അറ്റ്മോസ്, ഡോൾബി വിഷൻ എന്നിവയും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും വരുന്നു. 120വാട്ടിന്റെ ഷവോമി ഹൈപർച്ചാർജ് ഫാസ്റ്റ് ചാർജിംങ് പിന്തുണയുള്ള 5,000എംഎഎച് ബാറ്ററിയാണ് ഇതിലേത്. ഫോൺ ചാർജ് ചെയ്യാൻ 17 മിനിറ്റ് മാത്രം മതിയെന്ന് ഷവോമി അവകാശപ്പെടുന്നു.
Xiaomi Pad 5 specifications – ഷവോമി പാഡ് 5 സവിശേഷതകൾ
ഷവോമി പാഡ് 5 എന്ന് വിളിക്കുന്നു പുതിയ ടാബ്‌ലറ്റും പുറത്തിറക്കിയിട്ടുണ്ട്.ആൻഡ്രോയിഡ് 11ലാണ് ഇത് പ്രവർത്തിക്കുന്നത്. 120ഹേർട്സ് റിഫ്രഷ് നിരക്കും 16:10 റെസൊല്യൂഷനും വാഗ്ദാനം ചെയ്യുന്ന 11 ഇഞ്ച് ഡബ്ള്യുക്യൂഎച്ഡി+ ട്രൂടോൺ ഡിസ്‌പ്ലേയാണ് ഇതിലേത്. ഡോൾബി വിഷൻ, എച്ഡിആർ10 എന്നിവ ഇത് പിന്തുണയ്ക്കുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 860 പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്.
33വാട്ട് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 8,720എംഎഎച് ബാറ്ററിയാണ് ടാബിലേത്. ഷവോമി പാഡ് 5 ന് 10 മണിക്കൂർ ഗെയിമിംഗ്, 16 മണിക്കൂർ വീഡിയോ പ്ലേബാക്ക്, 5 ദിവസം മ്യൂസിക് പ്ലേബാക്ക് എന്നിവ നൽകാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് ഫെയ്സ് അൺലോക്ക് സവിശേഷതയെയും മൾട്ടിടാസ്കിംഗിനായി സ്പ്ലിറ്റ് സ്ക്രീനിനെയും പിന്തുണയ്ക്കുന്നു.
എൽഇഡി ഫ്ലാഷിനൊപ്പം സിംഗിൾ 13 എംപി ക്യാമറ സെൻസറാണ് ടാബ്‌ലെറ്റിന് പിന്നിലുള്ളത്. മുൻവശത്ത്, 1080പി റെക്കോർഡിംഗ് വരെ പിന്തുണയുള്ള 8എംപി സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്. ഡോൾബി അറ്റ്മോസ് പിന്തുണയുള്ള നാല് സ്പീക്കറുകളും ടാബ്‌ലെറ്റിലുണ്ട്.
Also read: iPhone 13: ഐഫോൺ 13 സീരീസ് പുറത്തിറങ്ങി; അറിയേണ്ടതെല്ലാം
The post ഷവോമി 11ടി സീരീസും പാഡ് 5 ഉം പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാം appeared first on Indian Express Malayalam.