മലപ്പുറം:ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേട് കേസിൽ പികെ കുഞ്ഞാലിക്കുട്ടി ഇ.ഡി ഓഫീസിൽ ഹാജരായതിനു പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി കെടി ജലീൽ. കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ല, ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ചോദ്യം ചെയ്യലിന് വിധേയനാകാൻ മൂപ്പരെത്തി എന്നാണ് ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.
കെടി ജലീലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ല?
ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ചോദ്യം ചെയ്യലിന് വിധേയനാകാൻ മൂപ്പരെത്തി ???? കാലം പോയ പോക്കെയ്. തെറ്റിദ്ധരിച്ചാരും എന്റെ വീട്ടിലേക്ക് മാർച്ച് ചെയ്യേണ്ട. വഴിയിൽ തടയുകയും വേണ്ട.വെറുതെ ഒന്ന് ഓർമ്മിപ്പിച്ചതാ.
സാമ്പത്തിക ക്രമക്കേട് കേസിൽ മൊഴി രേഖപ്പെടുത്താൻ വ്യാഴാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാവാനാണ് കുഞ്ഞാലിക്കുട്ടിയോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അദ്ദേഹം എത്തിയിരുന്നില്ല. ഇന്ന് ഹാജരാവില്ലെന്ന അഭ്യൂഹങ്ങൾക്കിടെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് നേരത്തേയും ജലീൽ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു.
ഇങ്ങനെ പോയാൽ കാരാത്തോട്ടേക്ക് ഇ.ഡി ഓഫീസ് മാറ്റുന്ന ലക്ഷണമുണ്ടെന്നായിരുന്നു ജലീലിന്റെ പരിഹാസം. കള്ളപ്പണ ഇടപാട് അന്വേഷിക്കാൻ ഇ.ഡി വരുമ്പോൾ സമുദായത്തിന്റെ നേരെയുള്ള വെടിയുതിർക്കലായി മലപ്പുറത്തുകാരെ ഹാലിളക്കാനുള്ള വേല കയ്യിൽ വെച്ചാൽ മതിയെന്നായിരുന്നു ജലീൽ കുറിച്ചത്.
മുസ്ലിം ലീഗ് മുഖപത്രത്തെ മറയാക്കി നടന്ന കള്ളപ്പണ ഇടപാട് ആരോപണത്തിൽ കുഞ്ഞാലിക്കുട്ടിക്കെതിരേ തെളിവുകൾ കൈമാറിയതായി നേരത്തെ ജലീൽ പറഞ്ഞിരുന്നു. ചന്ദ്രികയുടെ മറവിൽ കോഴിക്കോട് നഗരത്തിൽ കണ്ടൽക്കാടും തണ്ണീർത്തടവും അടങ്ങുന്ന ഏക്കർ കണക്കിന് ഭൂമി വാങ്ങിയെന്നും ഇതിൽ കണ്ടൽക്കാട് അടങ്ങുന്ന ഭൂമി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ ഭൂമിയിലെ നിർമാണം നടത്താവുന്ന ഭൂമി മറ്റ് ചിലരുടെ പേരിലാണ് രജിസ്റ്റർ ചെയ്തത്. സംസ്ഥാന ഭരണം ലഭിച്ചാൽ അധികാരമുപയോഗിച്ച് ഇവിടെ നിർമാണം നടത്താനായിരുന്നു പദ്ധതിയെന്നും കെ ടി ജലീൽ ആരോപിച്ചിരുന്നു.
Content Highlights:KT Jaleel Facebook Post PK Kunhalikkutty Chandrika money laundering case