വ്യത്യസ്തമായ വിഭവങ്ങൾ ഒരുക്കിയും രുചിയിൽ മാറ്റം വരുത്തിയുമൊക്കെയാണ് ഹോട്ടലുകൾ ഉപഭോക്താക്കളെ നേടുന്നത്. ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി പലവഴികൾ അവർ പരീക്ഷിക്കാറുണ്ട്.
കളിത്തീവണ്ടിയിൽ തീന്മേശയിലേക്ക് വിഭവങ്ങൾ എത്തിച്ചു നൽകുന്ന ഹൈദരാബാദിലെ ഒരു ഹോട്ടലിന്റെ ദൃശ്യങ്ങളാണ് ട്വിറ്ററിൽ ഇപ്പോൾ ട്രെൻഡിങ്. ഹർഷ് ഗോയെങ്ക ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിങ്ങൾക്ക് തീവണ്ടി യാത്ര മിസ് ചെയ്യുന്നുണ്ടെങ്കിൽ, ഹൈദരാബാദിലെ അപൂർവ ഹോട്ടലിതാ എന്ന ക്യാപ്ഷനോടെയാണ് ഹർഷ് ഗോയെങ്ക വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
If you are missing train travel, here’s a unique restaurant in Hyderabad
&mdash Harsh Goenka (@hvgoenka)
എന്തായാലും വീഡിയോ ട്വിറ്ററിൽ വൈറലായിരിക്കുകയാണ്. 39 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ 32000-ൽ പരം ആളുകളാണ് കണ്ടത്. ആയിരത്തിലധികം ലൈക്കുകളും കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു.
ഹോട്ടലിന്റെ അടുക്കളയിൽനിന്ന് തീൻ മേശയിലേക്ക് വിഭവങ്ങളുമായെത്തുന്ന കുഞ്ഞു ട്രെയിനാണ് വീഡിയോയിൽ കാണാൻ കഴിയുക. ഗ്രേവിയും ബ്രെഡും പപ്പടവുമൊക്കെയായാണ് തീവണ്ടി എത്തുന്നത്. വെയിറ്ററുടെ ജോലി തീവണ്ടി ഏറ്റെടുത്തുവെന്ന് ചുരുക്കം. കോവിഡ് കാലത്ത് ഹോട്ടലിൽ ഇടപെടൽ കുറയ്ക്കാൻ ഇതുവഴി കഴിയും.
ഇതുവരെ കണ്ടിട്ടില്ലാത്ത ഈ നൂതന ആശയം പരീക്ഷിച്ചുനോക്കണമെന്ന് വീഡിയോ കണ്ട് പലരും പറഞ്ഞു. എന്നാൽ, ഹൈദരാബാദിൽ മാത്രമല്ല, ഇന്ത്യയിലെ പ്രസിദ്ധമായ ഒട്ടേറെ നഗരങ്ങളിലെ ഹോട്ടലുകളിൽ ഇത്തരത്തിൽ ഭക്ഷണം വിളമ്പുന്നുണ്ടെന്ന് കുറെപ്പേർ പറഞ്ഞു.
Content highlights: this unique restaurant serves food on toy train twitter approves