WhatsApp: ഫെയ്സ്ബുക്ക് പോസ്റ്റുകൾക്ക് ലൈക്കും റിയാക്ഷനുകളും നൽകാൻ കഴിയുന്നത് പോലെ വാട്സ്ആപ്പിൽ വരുന്ന സന്ദേശങ്ങൾക്കും ലൈക്കും റിയാക്ഷനുകളും നൽകാനുള്ള ഫീച്ചർ ഉടൻ ലഭ്യമാവുമെന്ന് റിപ്പോർട്ട്. വാട്സ്ആപ്പിന്റെ മാതൃസ്ഥാപനമായ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിലും, ഫെയ്സ്ബുക്ക് മെസഞ്ചറിലും സന്ദേശങ്ങൾക്ക് റിയാക്ഷനുകൾ നൽകാനാവും. ഈ മെസേജുകളിൽ ടാപ്പ് ചെയ്താൽ റിയാക്ഷനുകൾ ലഭ്യമാവും. സമാന രീതിയിലാവും വാട്സ്ആപ്പിലും റിയാക്ഷനുകൾ ലഭ്യമാവുക.
വാട്ട്‌സ്ആപ്പിൽ സന്ദേശം ടാപ്പ് ചെയ്ത് പിടിച്ച് അതിൽ റിയാക്ഷൻ അറിയിക്കാവുന്ന തരത്തിലായിരിക്കും ഈ ഫീച്ചർ ഉൾപ്പെടുത്തുക. ഏത് സന്ദേശത്തോട് ആണോ ഇത്തരത്തിൽ പ്രതികരിക്കേണ്ടത് ആ സന്ദേശത്തിൽ ടാപ്പ് ചെയ്താൽ വിവിധ റിയാക്ഷനുകളുടെ ഇമോജികൾ പ്രത്യക്ഷപ്പെടും. അതിൽ ഒരു ഇമോജി തിരഞ്ഞെടുത്ത് പ്രതികരണം അറിയിക്കാൻ സാധിക്കും.
വാട്സ്ആപ്പിന്റെ പുറത്തിറങ്ങാനിരിക്കുന്ന പതിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന ഡബ്ല്യുഎബീറ്റ ഇൻഫോ എന്ന ബ്ലോഗിലാണ് പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങലുള്ളത്. സന്ദേശങ്ങൾക്ക് തൊട്ടുതാഴെ റിയാക്ഷൻ ഇമോജികൾ കാണുന്ന തരത്തിലുള്ള സ്ക്രീൻഷോട്ടും ഡബ്ല്യുഎബീറ്റ ഇൻഫോയുടെ പുതിയ ബ്ലോഗ്പോസ്റ്റിലുണ്ട്.
ചാറ്റ് റിയാക്ഷൻ ഫീച്ചറുകൾ വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പുകളിൽ ഒരു സന്ദേശത്തോടുള്ള പ്രതികരണങ്ങൾ ആ ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും കാണാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
വാട്സ്ആപ്പിലെ ഈ ഫീച്ചർ ഇപ്പോഴും പൂർണമായും വികസിപ്പിച്ചിട്ടില്ലെന്നാണ് വിവരം. ഈ ഫീച്ചർ അവതരിപ്പിക്കുമ്പോൾ കൂടുതൽ മാറ്റങ്ങൾ ഇനിയും വരാൻ സാധ്യതയുണ്ട്. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ബീറ്റ പതിപ്പിൽ ഈ ഫീച്ചർ ഉടൻ ലഭിക്കും.
സ്റ്റിക്കർ ഹെയ്സ്റ്റ് എന്നറിയപ്പെടുന്ന ഒരു പുതിയ സ്റ്റിക്കർ പാക്കും വാട്ട്‌സ്ആപ്പ് പുറത്തിറക്കി. നെറ്റ്ഫ്ലിക്സ് സീരീസായ ണി ഹെയ്സ്റ്റിന്റെ അഞ്ചാമത്തെയും അവസാനത്തെയും സീസണിന്റെ റിലീസിനോട് അനുബന്ധിച്ചാണ് ഇത് പുറത്തിറക്കിയത്. 17 സ്റ്റിക്കറുകൾ ഈ ആനിമേറ്റഡ് സ്റ്റിക്കർ പാക്കിൽ ഉൾപ്പെടുന്നു. വാട്ട്‌സ്ആപ്പിൽ ലഭ്യമായ സ്റ്റിക്കർ സ്റ്റോറിൽ നിന്ന് ഉപയോക്താക്കൾക്ക് സ്റ്റിക്കർ ഹെയ്സ്റ്റ് പായ്ക്ക് നേരിട്ട് ലഭിക്കും.
The post WhatsApp: വാട്സ്ആപ്പിലും ഇനി ലൈക്കും റിയാക്ഷനും നൽകാം: പുതിയ ഫീച്ചർ ഉടൻ appeared first on Indian Express Malayalam.