തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ 5 വരെ വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 75ശതമാനംപേർക്ക് (2,16,08,979) ഒരു ഡോസ് വാക്സിൻ നൽകി. ഇന്നലെ വരെ വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 28ശതമാനംപേർക്ക് (80,27,122) രണ്ട് ഡോസ് വാക്സിൻ നൽകി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ/ദശലക്ഷം (8,32,475) ഉള്ള സംസ്ഥാനം കേരളമാണ് .
45 വയസിൽ കൂടുതൽ പ്രായമുള്ള 92 ശതമാനത്തിലധികം ആളുകൾക്ക് ഒറ്റ ഡോസും 48 ശതമാനം പേർക്ക് രണ്ട് ഡോസും വാക്സിനേഷൻ സംസ്ഥാനം നൽകിയിട്ടുണ്ട്. കോവിഡ് 19 വാക്സിനുകൾ ആളുകളെ അണുബാധയിൽ നിന്നും ഗുരുതരമായ അസുഖത്തിൽ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
നിലവിൽ ചികിത്സയിൽ ഉള്ള കേസുകളിൽ 12.82 ശതമാനംമാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽപ്രവേശിപ്പിക്കുന്നത്. നിലവിൽ ചികിത്സയിൽ ഉള്ള കേസുകളിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഐസിയുവിൽ ഉള്ളത്. കോവിഡ് പോസിറ്റീവായ മറ്റ് അനുബന്ധ രോഗമുള്ള ആളുകൾ വീട്ടിൽ താമസിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്തിന് 10,07,570 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,41,160, എറണാകുളത്ത് 3,96,640 കോഴിക്കോട് 2,69,770 എന്നിങ്ങനെ ഡോസ് കോവിഷീൽഡ് വാക്സിനാണ് അനുവദിച്ചത്.
എറണാകുളത്തേയും കോഴിക്കോട്ടേയും വാക്സിൻ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് രാത്രിയോടെ വാക്സിൻ എത്തുന്നതാണ്. ലഭ്യമായ വാക്സിൻ വിവിധ ജില്ലകളിലെത്തിച്ചു വരുന്നു. വാക്സിൻ എത്തിച്ചേരുന്ന മുറയ്ക്ക് എത്രയും വേഗം വാക്സിനേഷൻ പുനരാരംഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights: Kerala vaccinates over 75% population with first dose of Covid-19 vaccine