ഒവേറിയൻ ക്യൻസറിന്റെ പല ലക്ഷണങ്ങളും ശരീരം പ്രകടിപ്പിക്കുമ്പോഴും അസ്വാഭാവികത ഒന്നും തന്നെ കാണാതെ തീർത്തും അവഗണിയ്ക്കുന്ന രീതിയാണ് മിക്ക സ്ത്രീകളിലും വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെയ്ക്കുന്നത്. ഇന്ത്യയിലെ സ്ത്രീകളിൽ, ഗൈനക്കോളജിക്കൽ വിഭാഗത്തിൽ ഉൾപ്പെടുന്ന ക്യാൻസറുകളിൽ ബ്രെസ്റ്റ് ക്യാൻസർ, സെർവിക്കൽ ക്യാൻസർ എന്നിവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്നതാണ് ഒവേറിയൻ ക്യാൻസർ.
ഓവറികളിൽ അസാധാരണമായ കലകളുടെ വളർച്ചയോ മുഴയായി രൂപപ്പെടുന്നതോ ആണ് ഒവേറിയൻ ക്യാൻസർ ആയി രൂപപ്പെടുന്നത്. പാരമ്പര്യമായി ഇത്തരം ക്യന്സരുകൾ കൈമാറി ലഭിക്കാനുള്ള സാധ്യത, നേരത്തെയുള്ള ആർത്തവം, വളരെ വൈകിയുള്ള ആർത്തവ വിരാമം, പ്രമേഹ രോഗം എന്നിവയെല്ലാം ഒവേറിയൻ ക്യാൻസർ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. നേരത്തെ പ്രമേഹം ബാധിക്കുന്നവർ, കടുത്ത പ്രമേഹം അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗത്തിൽ ഉൾപ്പെടുന്ന സ്ത്രീകൾക്ക് ഒവേറിയൻ ക്യാൻസർ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. രക്തത്തിലെ ഇൻസുലിൻ അളവിലുള്ള പ്രശ്നങ്ങളാണ് ഇതിന് കാരണമാകുന്നത്.
പ്രാരംഭ ലക്ഷണങ്ങൾ:
ഒവേറിയൻ ക്യാൻസർ ശരീരത്തെ ബാധിച്ചു തുടങ്ങുന്ന ആദ്യ ഘട്ടങ്ങളിൽ ചില ലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. തുടക്കത്തിൽ തന്നെ ഇവ ശ്രദ്ധിക്കുകയും വേണ്ട ചികിത്സ ഉറപ്പാക്കുകയുമാണെങ്കിൽ ഗുരുതരാവസ്ഥയിൽ എത്തുന്നത് മറികടക്കാം.
അമിതമായ ക്ഷീണം:
ഒരാളിൽ പല കാരണങ്ങളാൽ ക്ഷീണം അനുഭവപ്പെടാം. എന്നാൽ അസാധാരണമായ രീതിയിൽ ക്ഷീണം അനുഭവിക്കുന്നത് പല തരത്തിലുള്ള രോഗങ്ങളുടെ സൂചനയാകാനും സാധ്യതയുണ്ട്. പതിവായി അമിതമായ ക്ഷീണവും അലസതയും അനുഭവപ്പെടുന്നത് ഒവേറിയൻ ക്യാൻസർ ശരീരത്തെ ബാധിച്ചതിന്റെ ലക്ഷണമായി കണക്കാക്കാം.
വിശപ്പില്ലായ്മ:
ഒവേറിയൻ ക്യാൻസർ ബാധിച്ചു കഴിഞ്ഞാൽ ക്രമേണ അത് ദഹന വ്യവസ്ഥയുടെ പ്രവർത്തനങ്ങളെയും തടസപ്പെടുത്തും. ഇതിന്റെ ഫലമായി വിശപ്പില്ലായ്മ അനുഭവപ്പെടാറുണ്ട്.
മലബന്ധം:
ഒവേറിയൻ ക്യാൻസർ കൂടുതലായി ബാധിച്ചു കഴിയുമ്പോൾ ഇത് ചെറുകുടലിന്റെയും വൻ കുടലിന്റെയും പ്രവർത്തനങ്ങളെയും ദഹന വ്യവസ്ഥയെ പൂർണമായും ബാധിക്കാറുണ്ട്. ഇത് സ്ഥിരമായ മലബന്ധം ഉണ്ടാക്കാനും കാരണമാകും.
ബ്ലോട്ടിംഗ്:
പ്രത്യേകിച്ച് പിരീഡ് സമയങ്ങളിൽ സ്ത്രീകൾക്ക് ബ്ലോട്ടിംഗ് അനുഭവപ്പെടാറുണ്ട്. വയറിനുള്ളിൽ ഗ്യാസ് നിറഞ്ഞിരിക്കുന്നത് പോലെയും വയർ വീർത്തു വരുന്നത് പോലുള്ള അവസ്ഥയാണിത്. പിരീഡ് സമയങ്ങളിൽ അല്ലാതെ ഇത്തരം അവസ്ഥ തുടർച്ചയായി അനുഭവിക്കുകയാനെങ്കിൽ അത് ഒവേറിയൻ ക്യാൻസർ ബാധിച്ചതിന്റെ ലക്ഷണമാകാം.
അമിതമായ മൂത്രശങ്ക:
ഒവേറിയൻ ക്യാൻസർ ബാധിച്ചവർക്ക് അമിതമായ മൂത്രശങ്ക അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഓവറിയിൽ മുഴ രൂപപ്പെടുന്നതിനാൽ ബ്ലാഡർ നിറഞ്ഞു നിൽക്കുന്നതായി അനുഭവപ്പെടുകയും അത് മൂത്രശങ്കയ്ക്ക് കാരണമാകുകയും ചെയ്യും. അസാധാരണമായ രീതിയിൽ ഇത്തരം അസ്വസ്ഥതകൾ അനുഭവപ്പെടുകയാണെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ഒരു വിദഗ്ദ ഡോക്ടറെ സമീപിയ്ക്കാൻ മടിയ്ക്കരുത്.
ഒവേറിയൻ ക്യാൻസർ പിടിപെട്ടതായി സ്ഥിരീകരിക്കപ്പെട്ടാൽ ചികിത്സയുടെ ഭാഗമായി ചില സർജറികൾ ആവശ്യമായി വന്നേക്കാം. എന്നാൽ ഗുരുതരമായ അവസ്ഥയിലെത്തിയാൽ ഗർഭപാത്രം, ഓവറി, ഫാല്ലോപ്പിയൻ ട്യൂബ് എന്നിവ നീക്കം ചെയ്യേണ്ടതായി വരും.