കുവൈറ്റ് സിറ്റി > കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ അടിയന്തിരമായി തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേശം നൽകി. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഡൽഹി ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ വിധി. പ്രവാസി ലീഗൽ സെല്ലിന് വേണ്ടി അഡ്വ. ശ്രീവിഘ്നേഷ് ഹാജരായി.
കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുക, കോവിഡിൽ വിദേശത്ത് മരിച്ച പ്രവാസികളുടെ കണക്കുകൾ ശേഖരിച്ച് കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ ഇന്ത്യൻ നയതന്ത്ര മിഷനുകൾക്ക് നിർദ്ദേശം നൽകുക. മഹാമാരിയിൽ വിദേശത്ത് മാതാപിതാക്കൾ നഷ്ടമായ ഇന്ത്യക്കാരായ കുട്ടികൾക്ക് പി എം കെയർ ഫണ്ടിൽ നിന്ന് സാമ്പത്തിക സഹായം നൽകുക എന്നീ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരുന്നത്.
ജൂലൈ ആദ്യവാരം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കോവിഡിൽ മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്കും മെമ്പർ സെക്രട്ടറിയ്ക്കും പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചിരുന്നു. കോടതി അനുവദിച്ച സമയപരിധി തീർന്നിട്ടും നടപടി വൈകിയതിനാലാണ് ലീഗൽ സെൽ ഹൈക്കോടതിയെ സമീപിച്ചത്.
പ്രവാസികളായ ഇന്ത്യക്കാർക്കും സർക്കാരിന്റെ ക്ഷേമപദ്ധതികളിൽ അവകാശമുണ്ടെന്നും ഏതെങ്കിലും പദ്ധതികളിൽ നിന്ന് പ്രവാസികളെ ഒഴിവാക്കുന്നത് ഭരണ ഘടന ഉറപ്പുനൽകുന്ന ‘തുല്യത’യുടെ ലംഘനമായി പരിഗണിക്കാവുന്നതാണെന്നും പ്രവാസികളുടെ കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള വേർതിരിവുണ്ടായാൽ ഭരണഘടനാ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടികാണിച്ചിരുന്നു.