യാത്രകളിൽ വഴിയും സ്ഥലവും അറിയുന്നതിന് ഏറെ സഹായകമാകുന്ന ഒന്നാണ് ഗൂഗിൾ മാപ്പ്സ്. ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിന് ഗൂഗിൾ പുതിയ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുത്താറുണ്ട്. ഇപ്പോഴിതാ ഒരു ഫീച്ചർ കൂടി ഉൾപെടുത്താൻ കമ്പനി പദ്ധതിയിടുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. ‘ആൻഡ്രോയിഡ് പൊലീസി’ന്റെ പുതിയ റിപ്പോർട്ട് പ്രകാരം, ഗൂഗിൾ മാപ്പ്‌സിൽ യാത്രക്കിടയിൽ നൽകേണ്ടി വരുന്ന ടോൾ നിരക്കും മറ്റും ഇനി മുതൽ ദൃശ്യമാകും.
ടോൾ നിരക്ക് അറിഞ്ഞ്, അത് നൽകി യാത്ര ചെയ്യണമോ, മറ്റു റോഡ് തിരഞ്ഞെടുക്കണമോ എന്ന് ഉപയോക്താക്കൾക്ക് തീരുമാനം എടുക്കാൻ സഹായിക്കുന്നതാകും പുതിയ ഫീച്ചർ. നിലവിൽ ഗൂഗിൾ മാപ്പിൽ ടോൾ റോഡുകൾ കാണാൻ കഴിയും എന്നാൽ ടോൾ നിരക്ക് കാണിക്കില്ല. അതിനാണ് മാറ്റം വരാൻ പോകുന്നത്.
ഗൂഗിൾ മാപ്‌സ് പ്രിവ്യൂ പ്രോഗ്രാം ഉപയോക്താക്കൾക്ക് ഇത് സംബന്ധിച്ച സന്ദേശം ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഉപയോക്താവ് റൂട്ട് തിരഞ്ഞെടുക്കുന്നതിനുമുമ്പ് ആ റൂട്ടിലെ നിരക്കുകൾ കാണാനാകുമെന്ന് ‘ആൻഡ്രോയിഡ് പൊലീസ്’ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ ഫീച്ചർ എല്ലാവർക്കും എപ്പോൾ ലഭ്യമാക്കുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഈ സവിശേഷത തിരഞ്ഞെടുത്ത പ്രദേശങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുമോ അതോ എല്ലായിടത്തും ലഭ്യമാകുമോ എന്നതും വ്യക്തമല്ല.
Also read: വാട്സ്ആപ്പ് വഴി എളുപ്പത്തില്‍ വാക്സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാം
ഇപ്പോൾ, നിങ്ങൾക്ക് ടോൾ ഒഴിവാക്കാനും പണം ലാഭിക്കാനും താത്പര്യപെടുന്നെങ്കിൽ, നിങ്ങളുടെ റൂട്ടിലെ ടോളുകൾ ഒഴിവാക്കാൻ താഴെ പറയുന്നത് പോലെ ചെയ്ത് നോക്കുക.
How to avoid tolls on Google Maps and save money? ഗൂഗിൾ മാപ്പ് ഉപയോഗിച്ച് ടോൾ ഒഴിവാക്കുകയും പണം ലാഭിക്കുകയും ചെയ്യുന്നത് എങ്ങനെ?
സ്റ്റെപ് 1: നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഗൂഗിൾ മാപ്സ് തുറക്കുക.
സ്റ്റെപ് 2: നിങ്ങളുടെ ലക്ഷ്യസ്ഥാനം സേർച്ച് ബാറിൽ ടൈപ്പ് ചെയ്ത് തിരയുക.
സ്റ്റെപ് 3: ആപ്പ് “ഡയറക്ഷൻ” (Directions) ബട്ടൺ കാണിച്ചുകഴിഞ്ഞാൽ, അതിൽ ടാപ്പു ചെയ്യുക.
സ്റ്റെപ് 4: സ്ക്രീനിന്റെ മുകളിൽ “യുവർ ലൊക്കേഷൻ” (Your Location) എന്നതിന് സമീപമുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്യണം. അതിനുശേഷം, നിങ്ങൾ “റൂട്ട് ഓപ്ഷനുകൾ” (Route Options) വീണ്ടും ടാപ്പു ചെയ്യണം.
സ്റ്റെപ് 5: ഗൂഗിൾ മാപ്സ് നിങ്ങൾക്ക് ഒരു മെനു കാണിക്കും. നിങ്ങൾ “അവോയ്ഡ് ടോൾസ്” (Avoid tolls) എന്ന ബോക്സിൽ ടിക്ക് ചെയ്യേണ്ടതുണ്ട്. മെനുവിൽ നിന്ന് ഹൈവേകളും ഫെറികളും ഒഴിവാക്കാനുള്ള ഓപ്‌ഷനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
The post റോഡിലെ ടോൾ നിരക്കും ഇനി ഗൂഗിൾ മാപ്പിൽ അറിയാം; പുതിയ ഫീച്ചർ വരുന്നതായി റിപ്പോർട്ട് appeared first on Indian Express Malayalam.