തിരുവനന്തപുരം > സെക്രട്ടറിയറ്റിലെ പൊതുഭരണ വകുപ്പ് പൊളിറ്റിക്കൽ വിഭാഗത്തിലെ തീപിടിത്തം സംബന്ധിച്ച അന്തിമ റിപ്പോർട്ട് പൊലീസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. തീപിടിത്തം അട്ടിമറിയല്ലെന്നും ഫാനിലെ ഷോർട്ട് സർക്ക്യൂട്ടാണ് കാരണമെന്നും ഒരു ഫയലും കത്തിയിട്ടില്ലെന്നും എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നൽകിയ റിപ്പോർട്ടിൽ പറയുന്നു.
സംഭവം നടന്ന സ്ഥലത്തേക്കും മറ്റാരും വന്നിട്ടില്ല. കത്തിയത് അപ്രധാന കടലാസുകളാണ്. ഓഫീസിൽ മദ്യക്കുപ്പി കണ്ടെത്തിയതിൽ വകുപ്പ് തല അന്വേഷണം വേണമെന്നും ശുപാർശ ചെയ്യുന്നു. ഫോറൻസിക് പരിശോധനാ ഫലം അടക്കമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കഴിഞ്ഞ വർഷം ആഗസ്ത് 27നാണ് സെക്രട്ടറിയറ്റിലെ പൊളിറ്റിക്കൽ വിഭാഗത്തിൽ ചെറിയ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് പൊലീസും ഫയർഫോഴ്സും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, യുഡിഎഫും ബിജെപിയും ഇത് വിവാദമാക്കി. സ്വർണക്കടത്ത് കേസുമായിവരെ കൂട്ടിക്കെട്ടി. കേന്ദ്ര ഏജൻസികൾ ആവശ്യപ്പെട്ട രേഖകൾ നശിപ്പിക്കാൻ തീയിട്ടുവെന്നുവരെയായി പ്രചാരണം. തുടർന്ന്, അന്വേഷണത്തിനായി സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു.